റായ്പുർ: ചത്തീസ്ഗഡിലെ സുക്മ ജില്ല പൂർണമായും മാവോയിസ്റ്റ് മുക്തമായതായി എസ്പി കിരൺ ജി. ചവാൻ. രണ്ട് വനിതാ നക്സലുകൾ കൂടി കീഴടങ്ങിയതിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.
കീഴടങ്ങിയ രണ്ട് സ്ത്രീകളും സംഘടനയുടെ കമ്പനി നമ്പർ 8 ലെ അംഗങ്ങളാണെന്നും അവരുടെ തലയ്ക്ക് 16 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നുവെന്നും എസ്പി പറഞ്ഞു. കീഴടങ്ങിയവർ ഒരു ഇൻസാസ് എൽഎംജി, രണ്ട് എകെ-47, മൂന്ന് തോക്കുകൾ, ഏകദേശം 10 ലക്ഷം രൂപ എന്നിവയും പോലീസിന് കൈമാറി.
ഇവരുടെ കീഴടങ്ങലോടുകൂടി സുക്മ ജില്ലയെ മാവോയിസ്റ്റ് സ്വാധീനത്തിൽ നിന്ന് പൂർണമായും മുക്തമാക്കിയതായി പ്രഖ്യാപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി സുരക്ഷാ സേന നടത്തിയ തുടർച്ചയായ പ്രവർത്തനങ്ങളുടെ ഫലമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലയിൽ 600ലധികം നക്സലൈറ്റുകൾ അറസ്റ്റിലായിട്ടുണ്ട്. ഏകദേശം 800 പേർ കീഴടങ്ങി പുനരധിവാസത്തിന് വിധേയരായി. സുക്മയിലെ ഉൾപ്രദേശങ്ങളിൽ ഇപ്പോൾ എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും. ഇവിടെ കൂടുതൽ സുരക്ഷാസേനയെ വിന്യസിച്ചു. പല ഉൾപ്രദേശങ്ങളിലേക്കും പ്രവേശനം തുറന്നുകൊടുത്തിട്ടുണ്ട്. ഏകദേശം 60 റോഡുകളുടെ വികസന പ്രവർത്തനങ്ങൾ നിലവിൽ പുരോഗമിക്കുകയാണ്.
യുവാക്കളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനായി കായിക വിനോദങ്ങൾ ഉൾപ്പടെ നിരവധി വികസന പദ്ധതികൾ സുക്മയിൽ നടപ്പിലാക്കുന്നുണ്ട്. വരും ദിവസങ്ങളിൽ, ജനങ്ങളുടെ വികസനത്തിനായി പോലീസും സുരക്ഷാ സേനയും സഹകരിക്കുന്നത് തുടരുമെന്നും എസ്പി വ്യക്തമാക്കി.