ബെർലിൻ/ബുഡാപെസ്റ്റ്: യൂറോപ്പിലുടനീളം പിടിമുറുക്കിയ കടുത്ത ഉഷ്ണതരംഗത്തെയും വരൾച്ചയെയും തുടർന്നു യൂറോപ്പിലെ പ്രധാന നദികളായ ഡാന്യൂബ്, റൈൻ, ല്വാർ എന്നിവയിലെ ജലനിരപ്പ് വൻതോതിൽ താഴ്ന്നു.
നദികൾ വറ്റിവരണ്ടത് യൂറോപ്പിലെ വൈദ്യുതി ഉത്പാദനത്തെയും ചരക്കുനീക്കത്തെയും വ്യാപാരാവശ്യങ്ങളെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്.
നദികളിൽ വെള്ളം കുറഞ്ഞതോടെ ജലവൈദ്യുത നിലയങ്ങളുടെ പ്രവർത്തനം മന്ദഗതിയിലാകുകയും ആണവനിലയങ്ങൾ തണുപ്പിക്കുന്നതിനാവശ്യമായ വെള്ളം ലഭിക്കാതെ വരികയും ചെയ്തു. ഇതേത്തുടർന്ന് പല രാജ്യങ്ങളും വൈദ്യുതോത്പാദനം വെട്ടിക്കുറയ്ക്കാനും അയൽരാജ്യങ്ങളിൽനിന്ന് വൻതുക നൽകി വൈദ്യുതി ഇറക്കുമതി ചെയ്യാനും നിർബന്ധിതരായിരിക്കുകയാണ്.
നദികളിലെ ആഴം കുറഞ്ഞതോടെ ചരക്കുകപ്പലുകൾക്ക് ചരക്കുകളുടെ ഭാരം കുറയ്ക്കേണ്ടിവരുന്നു. ഇതോടെ റുമേനിയയിലും മറ്റു കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും ധാന്യങ്ങൾ ഉൾപ്പെടെയുള്ള കാർഷികോത്പന്നങ്ങളുടെ കയറ്റുമതി അവതാളത്തിലായി.
ഡാന്യൂബ് നദി വറ്റിവരണ്ടതോടെ ദശാബ്ങ്ങളായി വെള്ളത്തിനടിയിൽ മറഞ്ഞുകിടന്ന രണ്ടാം ലോകമഹായുദ്ധകാലത്തെ നാസി പടക്കപ്പലുകളുടെയും വിവിധ സൈനിക വാഹനങ്ങളുടെയും അവശിഷ്ങ്ങൾ പുറത്തുവന്നു.
പ്രഹോവോയിലെ കപ്പൽ ശ്മശാനം
1944 സെപ്റ്റംബറിൽ, സോവിയറ്റ് യൂണിയന്റെ ചെന്പടയുടെ മുന്നേറ്റം തടയാൻ ലക്ഷ്യമിട്ടു നാസി ജർമൻ സേന തങ്ങളുടെ "ബ്ലാക്ക് സീ ഫ്ലീറ്റിലെ' ഇരുനൂറോളം യുദ്ധക്കപ്പലുകൾ ഡാന്യൂബ് നദിയിൽ മനഃപൂർവം മുക്കുകയായിരുന്നു. ഇതിൽ 20 ഓളം കപ്പലുകളുടെ അവശിഷ്ടങ്ങളാണ് ഡാന്യൂബിൽനിന്നു കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
സെർബിയൻ അതിർത്തിനഗരമായ പ്രഹോവോയ്ക്കു സമീപമാണ് ഈ യുദ്ധക്കപ്പലുകളുടെ അവശിഷ്ടങ്ങൾ വൻതോതിൽ ദൃശ്യമായിരിക്കുന്നത്.
പുറത്തുവന്ന കപ്പൽഭാഗങ്ങളിൽ ഇപ്പോഴും പൊട്ടിത്തെറിക്കാത്ത വലിയ അളവിലുള്ള ബോംബുകളും ടാങ്ക് വേധ മൈനുകളും അടങ്ങിയിട്ടുണ്ടെന്നു വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇതു മേഖലയിലെ നദീഗതാഗതത്തിനും പ്രദേശവാസികൾക്കും വലിയ സുരക്ഷാഭീഷണിയാണ് ഉയർത്തുന്നത്.
മോട്ടോർസൈക്കിളും അസ്ഥികൂടങ്ങളും
ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ ഡാന്യൂബ് നദിയിൽനിന്നു സഖ്യകക്ഷികളും ജർമൻ സേനയും തമ്മിൽ ഏറ്റുമുട്ടിയ കാലത്തെ പ്രശസ്തമായ 'DKW NZ 350-1' മിലിട്ടറി മോട്ടോർ സൈക്കിൾ, ആറ് ടിഎംഐ-35 ടാങ്ക് വേധ മൈനുകൾ, കൈബോംബുകൾ, ആർട്ടിലറി ഷെല്ലുകൾ, ജർമൻ-സോവ്യറ്റ് ആയുധങ്ങൾ, ഹാൻഡ് ഗൺ ബോക്സുകൾ, കൊല്ലപ്പെട്ട ജർമൻ സൈനികരുടെ അസ്ഥികൂടങ്ങൾ എന്നിവ കണ്ടെത്തി.
ബുഡാപെസ്റ്റിൽ ഡാന്യൂബ് നദിയുടെ സംരക്ഷണഭിത്തിയോടു ചേർന്നു ബാത്യാനി സ്ക്വയറിലെ കല്ലുകൾക്കിടയിൽനിന്നു മോട്ടോർ സൈക്കിളിന്റെ ഹാൻഡ് ഫോർക്ക് പുറത്തേക്കു തള്ളിനിൽക്കുന്നത് വഴിപോക്കരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
തുടർന്ന് ഹംഗേറിയൻ മ്യൂസിയം ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് മിലിട്ടറി ഹിസ്റ്ററിയിലെ വിദഗ്ധരും പെസ്റ്റ് കൗണ്ടി സെർച്ച് ആൻഡ് റസ്ക്യൂ സർവീസും ചേർന്ന് സാഹസികമായാണ് 200 കിലോയിലധികം ഭാരമുള്ള ബൈക്കും ആയുധങ്ങളും കരയ്ക്കു കയറ്റിയത്. സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതിനെത്തുടർന്ന് പ്രദേശത്തെ ഗതാഗതം നിരോധിക്കുകയും ബോംബ് ഡിസ്പോസൽ സ്ക്വാഡ് എത്തി മൈനുകൾ നിർവീര്യമാക്കുകയും ചെയ്തു. മോട്ടോർ സൈക്കിളിന് അടിയിലായി കണ്ടെത്തിയ ജർമൻ സൈനികരുടെ മൃതദേഹാവശിഷ്ടങ്ങൾ കൂടുതൽ പരിശോധനകൾക്കായി ജർമൻ വാർ ഗ്രേവ്സ് കമ്മീഷനു കൈമാറി.
കണ്ടെത്തിയവയിൽ വൂളി മാമത്തിന്റെ അസ്ഥികൂടവും
യുദ്ധകാല അവശിഷ്ടങ്ങൾക്കുപുറമെ നദി വറ്റിയതോടെ മറ്റുചില അപൂർവ ചരിത്ര തെളിവുകളും പുറത്തുവന്നിട്ടുണ്ട്. വടക്കൻ ബൾഗേറിയയിലെ റയാഹോവോ ഗ്രാമത്തിൽ ഡാന്യൂബിന്റെ തീരത്തുനിന്ന് പ്രാചീനകാലത്ത് ജീവിച്ചിരുന്ന 'വൂളി മാമത്തിന്റെ'(ആനകളുടെ പൂർവികരിൽപ്പെട്ട ഒരു വലിയ സസ്തനി) അസ്ഥികൂട അവശിഷ്ടങ്ങളാണു ഗവേഷകർ കണ്ടെത്തിയത്. വിവരമറിയിച്ചതിനെത്തുടർന്ന് തൊട്ടടുത്ത നഗരമായ റൂസിലെ റീജണൽ ചരിത്ര മ്യൂസിയത്തിൽനിന്നുള്ള വിദഗ്ധർ സ്ഥലത്തെത്തി അസ്ഥികൂട അവശിഷ്ടങ്ങൾ ശേഖരിച്ചു.
കാലാവസ്ഥാവ്യതിയാനവും ഉഷ്ണതരംഗവും മൂലം ഡാന്യൂബ് നദിയിലെ ജലക്ഷാമം യൂറോപ്പിലെ കപ്പൽ ഗതാഗതത്തെ ബാധിച്ചിട്ടുണ്ടെങ്കിലും പുറത്തുവരുന്ന ഈ ചരിത്രശേഷിപ്പുകൾ ശാസ്ത്രലോകത്തിനും ഗവേഷകർക്കും വൻ കൗതുകമാണ് സമ്മാനിക്കുന്നത്.