ദുരൂഹതകളും ഉദ്വേഗവും നിറഞ്ഞ മുഹൂർത്തങ്ങളുമായി ദിലീപ് നായകനാകുന്ന പുതിയ ചിത്രം നീക്കത്തിന്റെ ടീസർ പുറത്തിറങ്ങി. മലയാളത്തിന്റെ പ്രമുഖ സംവിധായകനായ ഷാജി കൈലാസിന്റെ മകൻ ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമിക്കുന്നത് ഉർവ്വശി തിയറ്റേഴ്സ്, പെൻ സ്റ്റുഡിയോസ്, കാക്കാ സ്റ്റോറീസ് എന്നീ ബാനറുകളിൽ സന്ദീപ് സേനൻ, ഡോ. ജയന്തിലാൽ ഗഡ, അലക്സ് ഇ. കുര്യൻ എന്നിവർ ചേർന്നാണ്. റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ടീസറിന് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ദിലീപിന്റെ അഭിനയജീവിതത്തിൽ ഇതുവരെ കാണാത്ത ഗൗരവമേറിയ ഒരു കഥാപാത്രമാണ് ഈ ചിത്രത്തിലേത്. ഒരു പൊലിസ് സ്റ്റേഷന്റെ പശ്ചാത്തലത്തിലൂടയാണ് നീക്കത്തിന്റെ കഥാ പുരോഗതി. ഇവിടെ പൊലിസുകാരുടെ ടാർഗറ്റ് ദിലീപിന്റെ കഥാപാത്രമാണ്. കഥാപാത്രത്തിന് പിന്നിലെ ദുരൂഹതകളിലേക്കും ഉദ്വേഗജനകമായ മുഹൂർത്തങ്ങളിലേക്കും വിരൽ ചൂണ്ടുന്നതാണ് ചിത്രത്തിന്റെ അവതരണം. പൂർണമായും ഒരു ഇമോഷണൽ ത്രില്ലർ ഡ്രാമ ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
സിദ്ദിഖ്, കലാഭവൻ ഷാജോൺ, ബിനു പപ്പു, ബിലാസ് ചന്ദ്രൻ, സാദിഖ്, ഡ്രാക്കുള സുധീർ, കോട്ടയം രമേഷ്, ശാരി, ഷെല്ലി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായി 60 ദിവസത്തോളമാണ് ചിത്രീകരണം പൂർത്തിയായത്. വിബിൻ ബാലചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം ഉടൻ തന്നെ ഉർവശി തിയേറ്റേഴ്സ് പ്രദർശനത്തിനെത്തിക്കും.
പ്രൊജക്റ്റ് ഡിസൈനർ: മനു ആലുക്കൽ, ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പിള്ളി, സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഇ.എസ് സൂരജ്, പ്രൊഡക്ഷൻ ഡിസൈൻ: സന്തോഷ് രാമൻ, മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: സമീറ സനീഷ്, ആർട്ട് ഡയറക്ഷൻ: സുനിൽ ലാവണ്യ, ആക്ഷൻ: മഹേഷ് മാത്യു, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സെമന്തക് പ്രദീപ്, അസോസിയേറ്റ് ഡയറക്ടർ: മുകേഷ് വിഷ്ണു, പ്രൊഡക്ഷൻ കൺട്രോളർ: നോബിൾ ജേക്കബ് ഏറ്റുമാനൂർ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഉണ്ണി രാജേന്ദ്രൻ, പിആർഒ: ഐശ്വര്യ രാജ്, വാഴൂർ ജോസ്.