നീണ്ടൂര്‍: പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലെയും തെരുവുവിളക്കുകൾ കണ്ണടച്ചു. അറ്റകുറ്റപ്പണികള്‍ നടത്തുന്നതിലും ബള്‍ബുകള്‍ മാറുന്നതിലും കരാറുകാരന് കാട്ടുന്ന അലംഭാവമാണ് പ്രശ്നത്തിന് കാരണമെന്ന് പഞ്ചായത്ത് അംഗങ്ങൾ പറയുന്നു. കഴിഞ്ഞ മേയിലാണ് അവസാനമായി തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികൾ നടത്തിയത്.
തെരുവുവിളക്കുകളുടെ നവീകരണത്തിന് പണം അനുവദിച്ച് ഡിപിസി അംഗീകാരം കിട്ടി ടെന്‍ഡര്‍ ചെയ്ത് കരാറുകാരന് വര്‍ക്ക് എടുത്തിട്ടും പദ്ധതി സമയബന്ധിതമായി നടപ്പിലാക്കാന്‍ പഞ്ചായത്ത് ഭരണസമതിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് മെംബര്‍ ആരോപിക്കുന്നത്.
പല വാര്‍ഡിലും മെംബര്‍മാര്‍ സ്വന്തം കൈയിൽ നിന്ന് പണംമുടക്കി ലൈറ്റ് ഇട്ടെങ്കിലും പലതും വീണ്ടും കേടായിരിക്കുകയാണ്. തെരുവുവിളക്കുകൾ കണ്ണടച്ചതോടെ പ്രദേശത്ത് സാമൂഹികവിരുദ്ധരുടെ ശല്യം രൂക്ഷമാണെന്നും പ്രശ്നത്തിന് അടിയന്തരപരിഹാരം കാണണമെന്നും പഞ്ചായത്ത് അംഗങ്ങളായ തോമസ് കോട്ടൂര്‍, നന്ദു ആരതി, തോമസ്കുട്ടി കോളംബ്രായില്, ശോഭന വി.കെ. തോമസ് ജോസഫ്, രാജി ഉല്ലാസ് എന്നിവര്‍ ആവശ്യപ്പെട്ടു.