ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ കേന്ദ്ര സർക്കാരും കോക്രോച്ച് ജനതാ പാർട്ടിയും തമ്മിലുള്ള നിർണായക ചർച്ച ഇന്ന് നടക്കും. ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിലാണ് ചർച്ച നടക്കുന്നതെന്ന് സിജെപി വക്താവ് സൗരവ് ദാസ് പറഞ്ഞു.
മന്ത്രി ജെ.പി.നഡ്ഡയുടെ ഓഫീസിലോ വസതിയിലോ വെച്ച് ചർച്ച നടത്താനായിരുന്നു കേന്ദ്രത്തിന്റെ നീക്കം. എന്നാൽ ഇരുവിഭാഗത്തിനും സ്വീകാര്യമായ പൊതുവേദിയിൽ ചർച്ച വേണമെന്ന സിജെപിയുടെ നിലപാടിന് മുൻപിൽ കേന്ദ്ര സർക്കാർ വഴങ്ങുകയായിരുന്നു. വേദി സംബന്ധിച്ച തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്നും സൗരവ് ദാസ് പറഞ്ഞു.
ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അടിയന്തരമായി രാജിവെക്കണമെന്ന ശക്തമായ ആവശ്യത്തിലൂന്നിയാകും സിജെപി ഇന്നത്തെ ചർച്ചയിൽ പങ്കെടുക്കുക. സമഗ്ര അന്വേഷണവും ഭാവി നടപടികളും ചർച്ചയിൽ വിഷയമാകും.
നീറ്റ് പരീക്ഷ ക്രമക്കേടിൽ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാംഗ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചതിനു പിന്നാലെയാണ് ചർച്ചയ്ക്ക് കളമൊരുങ്ങിയത്.