ന്യൂഡൽഹി: നേപ്പാൾ ദുരന്തത്തെ വിശേഷിപ്പിക്കാൻ ഡ്രാമയെന്ന വാക്ക് ഉപയോഗിച്ചതിനെതിരേ ശശി തരൂർ എംപിക്കെതിരേ സമൂഹമാധ്യമത്തിൽ രൂക്ഷവിമർശനം. ഇംഗ്ലീഷിൽ വലിയ പദസമ്പത്തുള്ള തരൂർ ദുരന്തത്തെ വിശേഷിപ്പിക്കാൻ ഡ്രാമയെന്ന വാക്ക് ഉപയോഗിച്ചതെന്തിനെന്നാണു വിമർശനം. നിരവധി പേരാണ് തരൂരിനെതിരേ രംഗത്തെത്തിയത്. എക്സ് പോസ്റ്റിലൂടെയാണ് തരൂർ നേപ്പാൾ ദുരന്തം സംബന്ധിച്ച ആശങ്ക പങ്കുവച്ചത്.
കാഠ്മണ്ഡുവിലേക്ക് എത്തുമ്പോൾ അവിടെ നടന്ന ദുരന്തത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് തരൂർ പറഞ്ഞു. ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം, നേപ്പാളിന് ഇന്ത്യ പ്രഖ്യാപിച്ച അടിയന്തര ദുരിതാശ്വാസ സഹായങ്ങളെ പിന്തുണയ്ക്കുകയും ചെയ്തു. കാഠ്മണ്ഡുവിലേക്ക് വിമാനം കയറുമ്പോൾ മലനിരകളിൽ അരങ്ങേറിയ ദുരന്തത്തെക്കുറിച്ചും നാശനഷ്ടങ്ങളെക്കുറിച്ചും അറിഞ്ഞിരുന്നില്ല.
ഇവിടെ എത്തിയ ശേഷമാണ് വലിയ ജീവഹാനിയെക്കുറിച്ചും രണ്ടായിരത്തോളം ആളുകളെ കാണാതായിട്ടുണ്ടെന്ന വിവരവും അറിയുന്നത്- അദ്ദേഹം എക്സിൽ കുറിച്ചു. വെള്ളപ്പൊക്കത്തിൽ കുറഞ്ഞത് 19 പാലങ്ങളെങ്കിലും തകർന്നു, ബെത്രാവതി-രസുവഗാധി ഹൈവേയുടെ 40 കിലോമീറ്റർ ഒലിച്ചുപോയി, എട്ട് ജലവൈദ്യുത പദ്ധതികൾക്ക് കേടുപാടുകൾ സംഭവിച്ചു -തരൂർ പറഞ്ഞു.