നേപ്പാളിൽ പെയ്തിറങ്ങിയ പ്രളയം സൃഷ്ടിച്ച വൻ നാശനഷ്ടങ്ങൾക്കിടയിൽ നിന്നും മനുഷ്യത്വത്തെപ്പോലും ചോദ്യം ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ വാർത്തകളാണ് പുറത്തുവരുന്നത്.
ദുരന്തമുഖത്ത് ജീവനും സ്വത്തും രക്ഷിക്കാൻ ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ, വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയ ഒരു പണപ്പെട്ടി തകർത്ത് ഉള്ളിലുണ്ടായിരുന്ന പണം കവർന്ന കേസിൽ ധദിംഗ് പോലീസ് ഇരുപത്തൊമ്പതോളം പേരെ അറസ്റ്റ് ചെയ്തു.
ഇതിനു പുറമെ പ്രളയജലത്തിൽ അടിഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണാഭരണം കവർന്ന സംഭവത്തിലും രണ്ടുപേരെ പോലീസ് പിടികൂടിയിട്ടുണ്ട്. രസുവയിലെ ഭോട്ടെകോഷി പ്രദേശത്തുനിന്നുമാണ് ഭാരമേറിയ ഈ പണപ്പെട്ടി പ്രളയത്തിൽപ്പെട്ട് ഒഴുകിപ്പോയത്.
ദിവസങ്ങൾക്ക് ശേഷം ഗാൽച്ചി റൂറൽ മുൻസിപ്പാലിറ്റി അതിർത്തിയിലെ ത്രിശൂലി നദീതീരത്ത് ഇത് അടിഞ്ഞു. വിവരം അറിഞ്ഞെത്തിയ പ്രദേശവാസികളിൽ ചിലർ ചേർന്ന് സേഫ് ബലമായി തുറന്ന് പണം വീതിച്ചെടുക്കുകയായിരുന്നു.
ഇതിനെക്കുറിച്ച് സൂചന ലഭിച്ച പോലീസ് നടത്തിയ അന്വേഷണത്തിലും തെരച്ചിലിലുമാണ് പ്രതികളെ പിടികൂടിയതും അവരിൽ നിന്നായി 92.68 ലക്ഷത്തോളം രൂപ വീണ്ടെടുത്തതും. പിടിയിലായവരിൽ ഭൂരിഭാഗവും ഗാൽച്ചി, സിദ്ധലേഖ് പ്രദേശവാസികളാണ്.
ഈ തുകയുടെ യഥാർഥ ഉടമകളെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മറ്റൊരു നടുക്കുന്ന സംഭവത്തിൽ നാരായണി നദിയിലൂടെ ഒഴുകിയെത്തിയ യുവതിയുടെ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മലുകൾ ഊരിയെടുത്ത സംഭവത്തിലാണ് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തത്.
ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതാണ് പ്രതികളിലേക്ക് എത്താൻ പോലീസിനെ സഹായിച്ചത്. ദുരന്തത്തിനിരയായവരുടെ അവസ്ഥ മുതലെടുത്ത് നടത്തുന്ന ഇത്തരം ക്രൂരമായ കവർച്ചകൾ പ്രളയക്കെടുതിയിൽ കഴിയുന്ന രാജ്യത്തിന് വലിയ അപമാനമായി മാറിയിരിക്കുകയാണ്.
അതേസമയം, രാജ്യത്തുടനീളം പ്രളയം വിതച്ച ആഘാതം വളരെ വലുതാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം 626 ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും അഞ്ഞൂറിലധികം വിദേശികളടക്കം രണ്ടായിരത്തിലധികം ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കാണാതായവർക്കായി സേനാംഗങ്ങളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനവും തെരച്ചിലും ഇനിയും തുടരുകയാണ്.