വിവാഹവിശേഷം പങ്കുവച്ചതിന് പിന്നാലെ മുൻ ഭർത്താവിന്റെ ചിത്രങ്ങൾ ഉപയോഗിച്ച് വീഡിയോയും വാർത്തകളും പ്രചരിപ്പിക്കുന്നതിനെതിരെ ഗായിക റിമി ടോമി.
തങ്ങൾ രണ്ടുപേരും ആലോചിച്ച് തീരുമാനിച്ച ശേഷമാണ് ബന്ധം വേർപിരിഞ്ഞതെന്നും അദ്ദേഹം തന്നേക്കാൾ മികച്ചൊരു പങ്കാളിയുമായി സന്തോഷത്തോടെ ജീവിക്കുകയാണെന്നും റിമി വ്യക്തമാക്കി.
‘എന്റെ മുൻഭർത്താവിന്റെ ചിത്രങ്ങൾ ഉപയോഗിച്ച് വിഡിയോയും വാർത്തയും നൽകുന്നത് കണ്ടു. അവരെയൊക്കെ വെറുതേ വിട്ടേക്ക്. അദ്ദേഹവും ഞാനും ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു. എന്നേക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹത്തിന് കിട്ടി. അവർ സന്തോഷത്തോടെ ജീവിക്കുന്ന സമയത്ത് വെറുതെ അദ്ദേഹത്തിന്റെ ഫോട്ടോവച്ച് വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ എനിക്ക് സങ്കടം തോന്നുന്നു. അത് ചെയ്യരുത്.’ റിമി പറഞ്ഞു.
അടുത്തിടെയാണ് വീണ്ടും വിവാഹിതയാകാൻ ഒരുങ്ങുന്നു എന്ന സന്തോഷ വാർത്ത റിമി ടോമി പങ്കുവച്ചത്. തന്റെ ജിം ട്രെയിനറായ ലിബിൻ മാത്യുവിനെയാണ് വിവാഹം ചെയ്യുന്നത് എന്ന് കഴിഞ്ഞ ദിവസം റിമി വെളിപ്പെടുത്തി. നവംബറിലാണ് വിവാഹം.