തിരുവനന്തപുരം: നെട്ടയം മലമുകളിൽ ബിജെപി-സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിന് പിന്നാലെ പോലീസ് കസ്റ്റഡിയിലെടുത്ത ബിജെപി പ്രവർത്തകരെ ക്രൂരമായി മർദിച്ചതായി പരാതി. പോലീസിന്റെ പക്ഷപാതപരമായ നിലപാടിൽ പ്രതിഷേധിച്ചും മർദനത്തിൽ പ്രതിഷേധിച്ചും ബിജെപി പ്രവർത്തകർ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലേക്കു പ്രതിഷേധ മാർച്ച് നടത്തി.
ഒരു ബിജെപി പ്രവർത്തകന്റെ ഭാര്യയെ അയൽവാസി അപമാനിക്കാൻ ശ്രമിച്ചുവെന്ന പരാതിയെത്തുടർന്നാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിനെച്ചൊല്ലി ബിജെപി-സിപിഎം പ്രവർത്തകർ തമ്മിൽ തർക്കമുണ്ടാകുകയും അതു വലിയ സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. സംഘർഷം നിയന്ത്രിക്കാൻ പോലീസ് ലാത്തിച്ചാർജ് നടത്തി. ഇതിൽ നാലു ബിജെപി പ്രവർത്തകർക്കു പരിക്കേറ്റു. കൂടാതെ വട്ടിയൂർക്കാവ് സ്റ്റേഷനിലെ സിപിഒ ദീപു ഉൾപ്പെടെയുള്ള അഞ്ച് പോലീസുകാർക്കും കല്ലേറിലും മറ്റും പരിക്കേറ്റിട്ടുണ്ട്.
സംഭവസ്ഥലത്തുനിന്നു കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ സ്റ്റേഷനിൽ വച്ച് പോലീസ് ക്രൂരമായി മർദിച്ചുവെന്നാണ് ബിജെപി ആരോപിക്കുന്നത്. സിപിഎം പ്രവർത്തകരെ പോലീസ് സഹായിക്കുന്നുവെന്നും ബിജെപി നേതാക്കൾ ആരോപിച്ചു. വഴയില മണികണ്ഠൻ, സുധാകരൻ, കൗൺസിലർമാരായ ഗിരി, സുമി ബാലു തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണ് ബിജെപി പ്രവർത്തകർ രാത്രി വൈകിയും പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചത്. നിലവിൽ പ്രദേശത്തു കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.