ന്യൂഡൽഹി: വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമിടെ ഇസിഐ നെറ്റ് പോർട്ടൽ നിലവിലെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമാണോയെന്ന് ഉറപ്പുവരുത്തുന്നതിനായി സംവിധാനം പുനഃപരിശോധിക്കുന്നതിന് സമിതിയെ നിയോഗിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനിച്ചു.
സീനിയർ ഡെപ്യൂട്ടി തെരഞ്ഞെടുപ്പു കമ്മിഷണറുടെ നേതൃത്വത്തിലുള്ള സമിതിയിൽ ഐഐടി അല്ലെങ്കിൽ ഐഐഐടിയിൽനിന്നുള്ള സ്വതന്ത്ര വിദഗ്ധനും ഉൾപ്പെടും. സമിതി പഠനം നടത്തി റിപ്പോർട്ട് തെരഞ്ഞെടുപ്പു കമ്മിഷന് സമർപ്പിക്കും.
ഉദ്യോഗസ്ഥരുടെ നിയമാനുസൃത അധികാരങ്ങൾക്കനുസൃതമായ ആക്സസ് നിലവിൽ പോർട്ടലിൽ ലഭ്യമാണെന്നും കഴിഞ്ഞ ഏതാനും മാസങ്ങളായി സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർമാരിൽനിന്നു ലഭിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ പോർട്ടലിൽ പല മാറ്റങ്ങളും വരുത്തിയിട്ടുണ്ടെന്നും കമ്മിഷൻ അറിയിച്ചു.
ഫീൽഡ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ കൂടുതൽ ഇളവുകൾ ലഭ്യമാക്കും. ഐടി മാതൃകകളുമായും പോർട്ടലുകളുമായും ബന്ധപ്പെട്ട പുതിയ മാറ്റങ്ങൾ ഇനിമുതൽ ഉദ്യോഗസ്ഥ സമിതി ചർച്ച ചെയ്തശേഷമേ കമ്മിഷന്റെ അംഗീകാരത്തിനു സമർപ്പിക്കുകയുള്ളൂവെന്നും ഇന്നലെ നടന്ന തെരഞ്ഞെടുപ്പു കമ്മിഷൻ യോഗം തീരുമാനിച്ചു.
തീയതികൾ നീട്ടി
ഡൽഹി ചീഫ് ഇലക്ടറൽ ഓഫിസറുടെ അഭ്യർഥനയെത്തുടർന്ന് അപേക്ഷകളും എതിർപ്പുകളും സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 30 വരെയും അവ തീർപ്പാക്കാനുള്ള തീയതി നവംബർ 30 വരെയും നീട്ടി. മഹാരാഷ്ട്രയിൽ അപേക്ഷ സമർപ്പിക്കാനുള്ള തീയതി ഒക്ടോബർ 12 വരെയും തീർപ്പാക്കാനുള്ള തീയതി നവംബർ 10 വരെയുമാണു നീട്ടിയത്.
ബിഹാർ, പശ്ചിമബംഗാൾ എന്നിവയുൾപ്പെടെ 20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എസ്ഐആർ നടപടികൾ പൂർത്തിയായിട്ടുണ്ട്. ഇതിൽ ഉൾപ്പെടാതെ പോയ യുവ വോട്ടർമാർക്കും പുതിയ വോട്ടർമാർക്കും വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയിലൂടെ അപേക്ഷ സമർപ്പിക്കാം.
ഗോവയിൽ വിട്ടുപോയ വോട്ടർമാർക്കായി ബിഎൽഒമാർ വീടുവീടാന്തര സന്ദർശനം ആരംഭിച്ചിട്ടുണ്ട്. വിട്ടുപോയ 97 വോട്ടർമാരിൽ 81 പേരും പേര് ചേർക്കുന്നതിനുള്ള ഫോം 6 ഇതിനോടകം പൂരിപ്പിച്ചു നൽകി. ഇന്നലെ നടന്ന പൂർണ കമ്മിഷൻ യോഗത്തിന്റെ അംഗീകാരത്തോടെയാണ് ഈ തീരുമാനങ്ങളെന്ന് വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.