മുംബൈ: കോടിക്കണക്കിനു വരുന്ന പിഎഫ് വരിക്കാർക്ക് ഏറെ ആശ്വാസം നൽകിക്കൊണ്ട് തങ്ങളുടെ ഡിജിറ്റൽ സംവിധാനങ്ങൾ വൻതോതിൽ പരിഷ്കരിച്ച് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ). എല്ലാ പ്രധാന പിഎഫ് സേവനങ്ങളും ഇനിമുതൽ ഒരൊറ്റ പ്ലാറ്റ്ഫോമിനു കീഴിൽ ലഭ്യമാകും.
പഴയ പോർട്ടലുകളിലെ സാങ്കേതിക തടസങ്ങളും ക്ലെയിമുകൾ മാറിക്കിട്ടാനുള്ള കാലതാമസവും ഇനി പഴങ്കഥയാകും. ഷെഡ്യൂൾ ചെയ്ത ‘ബ്ലാക്ക്ഔട്ട് പിരീഡ്’പൂർത്തിയായതോടെ പുതിയ കേന്ദ്രീകൃത പോർട്ടൽ ഈയാഴ്ചമുതൽ പൂർണതോതിൽ പ്രവർത്തനസജ്ജമാകും.
ഇതുവരെ വികേന്ദ്രീകൃത രീതിയിലായിരുന്നു ഇപിഎഫ്ഒ പ്രവർത്തിച്ചിരുന്നത്. അതായത്, ഓരോ റീജണൽ ഓഫീസുകളും സ്വതന്ത്രമായാണു കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്. വരിക്കാർക്ക് എന്തെങ്കിലും ആവശ്യങ്ങൾക്കോ പരാതിപരിഹാരങ്ങൾക്കോ തങ്ങളുടെ അക്കൗണ്ടുള്ള റീജണൽ ഓഫീസിനെത്തന്നെ ആശ്രയിക്കേണ്ടിവന്നിരുന്നു.
എന്നാൽ, പുതിയ മാറ്റത്തോടെ ഈ രീതി പൂർണമായും മാറി. രാജ്യമൊട്ടാകെയുള്ള ഏത് ഇപിഎഫ്ഒ ഓഫീസിലൂടെയും ഇനിമുതൽ വരിക്കാരുടെ അപേക്ഷകൾ പ്രോസസ് ചെയ്യാൻ സാധിക്കും. ഇതു സേവനങ്ങൾ വേഗത്തിലാക്കാനും പ്രാദേശിക ഓഫീസുകളിലെ അനാവശ്യ കാലതാമസം ഒഴിവാക്കാനും സഹായിക്കും.
പിഎഫ് പലിശ അടുത്തയാഴ്ച അക്കൗണ്ടുകളിലേക്ക്
2025-26 സാമ്പത്തികവർഷത്തെ ഇപിഎഫ് നിക്ഷേപങ്ങളുടെ പലിശ വിതരണം ചെയ്യാനുള്ള നടപടികൾ ഇപിഎഫ്ഒ ആരംഭിച്ചുകഴിഞ്ഞു. നിലവിൽ ഇതിനായുള്ള ഫീൽഡ് വെരിഫിക്കേഷൻ പുരോഗമിക്കുകയാണ്. വരും ദിവസങ്ങളിൽ ഇത് പൂർത്തിയാകുന്നതോടെ 1.44 ലക്ഷം കോടി രൂപ 34 കോടിയിലധികം വരുന്ന അക്കൗണ്ടുകളിലേക്ക് അടുത്തയാഴ്ചയോടെ ക്രെഡിറ്റ് ചെയ്യപ്പെടും. അടുത്ത വർഷം മുതൽ ഈ പലിശ വിതരണ പ്രക്രിയ പൂർണമായും ഓട്ടോമേറ്റഡ് ആക്കുമെന്നും അധികൃതർ വ്യക്തമാക്കി.
എല്ലാ സേവനങ്ങൾക്കും ഒരൊറ്റ പോർട്ടൽ
പുതിയ മാറ്റങ്ങളിൽ ഏറ്റവും പ്രധാനം ‘യൂണിഫൈഡ് മെംബർ പോർട്ടൽ’ആണ്. മുന്പ് പല ആവശ്യങ്ങൾക്കായി വരിക്കാർക്ക് വ്യത്യസ്ത പോർട്ടലുകളെ ആശ്രയിക്കേണ്ടി വന്നിരുന്നു. എന്നാൽ, ഇനിമുതൽ ലോഗിൻ ചെയ്യുന്നതിലൂടെ പിഎഫ് ബാലൻസ് പരിശോധിക്കാനും ക്ലെയിമുകളുടെ സ്റ്റാറ്റസ് അറിയാനും മറ്റ് സേവനങ്ങൾ ഉപയോഗിക്കാനും ഒരൊറ്റ ഇടത്തിൽ സാധിക്കും.
സാങ്കേതിക നവീകരണത്തിന്റെ ഭാഗമായി ഇപിഎഫ്ഒ തങ്ങളുടെ ആഭ്യന്തരനടപടികൾ പലതും ഓട്ടോമേറ്റഡ് ആക്കിയിട്ടുണ്ട്. അപേക്ഷകൾ നിരസിക്കപ്പെടുന്നത് കുറയ്ക്കാൻ പുതിയ സംവിധാനം സഹായിക്കും. പുതിയ പോർട്ടലിൽ അപേക്ഷ സമർപ്പിക്കുന്നതിന് മുന്പുതന്നെ ഓരോ ക്ലെയിമിനുമുള്ള യോഗ്യതകൾ വരിക്കാർക്ക് നേരിട്ടു കാണാൻ സാധിക്കും. ഇതു തെറ്റായ വിവരങ്ങൾ നൽകുന്നത് ഒഴിവാക്കാനും അപേക്ഷകൾ കൃത്യമായി ഫയൽ ചെയ്യാനും സഹായിക്കും.
ഡിജിറ്റൽ സേവനരംഗത്ത് ഇപിഎഫ്ഒ നടത്തുന്ന ഏറ്റവും വലിയ ചുവടുവയ്പുകളിൽ ഒന്നാണിത്. കൂടുതൽ സുതാര്യവും ലളിതവുമായ ഈ സംവിധാനം രാജ്യത്തെ ലക്ഷക്കണക്കിനു വരുന്ന ശമ്പളക്കാരായ ജീവനക്കാർക്ക് വലിയ രീതിയിൽ പ്രയോജനം ചെയ്യും.
അതേസമയം, വിവരങ്ങളും രേഖകളും സമർപ്പിച്ചശേഷമുള്ള പ്രോസസിംഗ് പ്രക്രിയയുടെ ഭാഗമായി രണ്ടാഴ്ചത്തേക്ക് ക്ലെയിമുകൾക്കും ചില പ്രത്യേക സേവനങ്ങൾക്കും സാധാരണയേക്കാൾ അല്പം കൂടുതൽ സമയമെടുത്തേക്കാമെന്നും തിരക്കുള്ള സമയങ്ങളിൽ ഓൺലൈൻ സേവനങ്ങൾ നിരന്തരം ഉപയോഗിക്കാൻ ശ്രമിക്കുന്നതും ഒരേ അഭ്യർഥനകൾ ആവർത്തിച്ച് സമർപ്പിക്കുന്നതും ഒഴിവാക്കണമെന്നും ഇപിഎഫ്ഒ അഭ്യർഥിച്ചു.