കൊച്ചി: രാജ്യത്തുതന്നെ ഒരു ജില്ലാതല ആശുപത്രിയില് ഹൃദയം മാറ്റിവയ്ക്കല് ശസ്ത്രക്രിയ നടത്തിയതിന്റെ അഭിമാനത്തിലാണ് എറണാകുളം ജില്ലാ ആശുപത്രി. ഹൃദയം മാറ്റിവയ്ക്കാനുള്ള ലൈസന്സ് നേടി ഒരു വര്ഷത്തിനുള്ളിലാണ് ഈ നേട്ടം കൈവരിക്കാനായത്.
രാജ്യത്ത് ആദ്യമായി ഹൃദയം തുറക്കാതെ വാല്വ് മാറ്റിവയ്ക്കല് ശസ്ത്രക്രിയ, വൃക്ക മാറ്റിവയ്ക്കല് ശസ്ത്രക്രിയ എന്നിവ നടത്തി നേട്ടങ്ങള് കൈവരിച്ചതിനു പിന്നാലെയാണ് ഇപ്പോള് ഹൃദയം മാറ്റിവയ്ക്കല് ശസ്ത്രക്രിയയും വിജയകരമായി നടത്തി പുതുചരിത്രം രചിച്ചത്.
ജനറല് ആശുപത്രിയില് ഹൃദയം മാറ്റിവയ്ക്കല് ശസ്ത്രക്രിയ നടത്താന് കഴിഞ്ഞത് അഭിമാനകരവും സന്തോഷകരവുമാണെന്ന് ജനറല് ആശുപത്രി സൂപ്രണ്ട് ഡോ. ആര്. ഷാഹിര് ഷാ പറഞ്ഞു. ഡോ. ജോര്ജ് വാളൂരാന്, ഡോ. പോള് തോമസ്, ഡോ. ജിയോ പോള്, ഡോ. രാഹുല് സതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
സാധാരണക്കാരുടെ ആശ്രയമാണ് എറണാകുളം ജനറല് ആശുപത്രി. മികച്ച ചികിത്സ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവിടെ വികസനപ്രവര്ത്തനങ്ങള് നടപ്പാക്കിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആധുനികസൗകര്യങ്ങളുള്ള കാര്ഡിയോതൊറാസിക് വിഭാഗം 2021ല് ആരംഭിച്ചശേഷം മാസം 15 ഓപ്പണ് ഹാര്ട്ട് സര്ജറിയും 18 മുതല് 20 വരെ ആന്ജിയോപ്ലാസ്റ്റിയും ഇവിടെ നടത്തിവരുന്നു. ആധുനികനിലവാരത്തിലുള്ള സൂപ്പര് സ്പെഷാലിറ്റി ബ്ലോക്ക്, ഡയാലിസിസ് സെന്റര്, കാന്സര് ബ്ലോക്ക്, സ്മാര്ട്ട് ഒപി ഉള്പ്പെടെ സമാനതകളില്ലാത്ത വികസനങ്ങളും നടപ്പാക്കി. രണ്ട് കാത്ത്ലാബുള്ള സംസ്ഥാനത്തെ ഏക ജനറല് ആശുപത്രിയുമാണിത്.