തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പുതിയ വാടകവീട്ടിലേക്ക് മാറുന്നു. നിലവിൽ ബേക്കറി ജംഗ്ഷനിലെ വാടകവീട്ടിൽ താമസിക്കുന്ന അദ്ദേഹം ഇടപ്പഴഞ്ഞിയിലെ വീട്ടിലേക്കാണ് താമസം മാറ്റുന്നത്. ജഗതി സ്കൂളിന് സമീപം ഈശ്വരവിലാസം റോഡിലെ 138-ാം നമ്പർ വീട്ടിലാണ് താമസമൊരുക്കുന്നത്.
ഇവിടെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്. കന്റോൺമെന്റ് ഹൗസ് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാനാണ് ആലോചന. ഇവിടുത്തെ അറ്റകുറ്റപ്പണികൾ പൂർത്തിയാകാൻ ഇനിയും കാലതാമസമുണ്ടാകുമെന്ന് വ്യക്തമായതോടെയാണ് പുതിയ വീട്ടിലേക്ക് താമസം മാറുന്നത്.
കന്റോൺമെന്റ് ഹൗസിലെ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാകുമെന്ന പ്രതീക്ഷയിലായിരുന്നു ബേക്കറി ജംഗ്ഷനിലെ വാടകവീട്ടിലേക്ക് താമസം മാറിയത്. എന്നാൽ നവീകരണ പ്രവർത്തനങ്ങൾ പ്രതീക്ഷിച്ച വേഗത്തിൽ മുന്നോട്ടുപോയില്ല. ഇതിനിടെ അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൻ തീപിടിത്തത്തിൽ മുറികളടക്കം നശിച്ചതും പണി വൈകാൻ കാരണമായി.
കഴിഞ്ഞദിവസം പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിനൊപ്പം പ്രതിപക്ഷ നേതാവ് കന്റോൺമെന്റ് ഹൗസ് സന്ദർശിച്ചിരുന്നു. ഇവിടുത്തെ നവീകരണം പൂർത്തിയാക്കണമെങ്കിൽ മാസങ്ങളെടുത്തേക്കും.