കൊച്ചി: ദേശീയപാത 66ലെ ഇടപ്പള്ളി-മൂത്തകുന്നം സ്ട്രെച്ചില്‍ നിര്‍മാണം പൂര്‍ത്തിയായ പുതിയ വരാപ്പുഴ പാലം ഗതാഗതത്തിന് തുറന്നു. പെരിയാറിന് കുറുകെ ബാലന്‍സ്ഡ് കാന്റിലിവര്‍ മാതൃകയില്‍ നിര്‍മിച്ച പാലം നിശ്ചയിച്ചതിനേക്കാളും നേരത്തെ 604 ദിവസങ്ങള്‍ക്കുള്ളിലാണ് പൂര്‍ത്തിയാക്കിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഉദ്ഘാടന മാമാങ്കങ്ങളൊന്നുമില്ലാതെ ജനകീയമായായിരുന്നു ഉദ്ഘാടനം. പാലം തുറന്നുകിട്ടിയതോടെ ദേശീപാതാ നിര്‍മാണവുമായി ബന്ധപ്പെട്ട് ഗതാഗതക്കുരുക്കില്‍ വലയുന്ന യാത്രക്കാര്‍ക്ക് ചെറിയ ആശ്വാസമാകും.
1,026 മീറ്റര്‍ നീളമുള്ള ഈ പാലം 100 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. 26 സ്പാനുകളുള്ള പാലത്തിന്റെ മധ്യ സ്പാനിന്റെ നീളം 120 മീറ്ററായതിനാൽ ബോട്ടുകള്‍ക്കും വലിയ വള്ളങ്ങള്‍ക്കും തടസമില്ലാത്ത സഞ്ചരിക്കാന്‍ കഴിയും. കൊച്ചി വാട്ടര്‍ മെട്രോ, എസ്ഡബ്ല്യുടിഡി ബോട്ടുകള്‍, പ്രാദേശിക ഫെറികള്‍ എന്നിവയ്ക്ക് ഈ ഭാഗത്ത് തടസമില്ലാത്ത ഗതാഗതം സാധ്യമാക്കുന്നതാണ് പാലത്തിന്റെ നിര്‍മാണ സവിശേഷത.
പാലം യാഥാര്‍ഥ്യമായെങ്കിലും ദേശീയപാതയിലെ 26 കിലോമീറ്റര്‍ നീളത്തില്‍ ആറുവരി പാതയൊരുക്കുന്ന പ്രവൃത്തികൾ പൂര്‍ത്തിയാകാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും. 2026 ഓഗസ്റ്റില്‍ തീരേണ്ടതായ പ്രവൃത്തികൾ ഡിസംബറോടെ പൂര്‍ത്തിയാകുകയുള്ളൂ എന്നാണ് ദേശീയപാതാ അഥാറിറ്റി പറയുന്നത്. കോട്ടപ്പുറം, മൂത്തകുന്നം എന്നിവിടങ്ങളിലെ പാലങ്ങള്‍ ഒഴികെ മറ്റ് എല്ലാം പൂര്‍ത്തിയായിട്ടുണ്ട്. 3465 കോടിയുടെ ദേശീയപാതാ വികസന പദ്ധതിയാണ് ഈ റീച്ചില്‍ നടക്കുന്നത്.