തിരുവല്ല: തിരുവല്ലയിൽ പുതിയ പോലീസ് സ്റ്റേഷൻ കോംപ്ലക്സ് നിർമിക്കും. നിലവിലുള്ള പോലീസ് സ്റ്റേഷൻ കെട്ടിടം അപകടാവസ്ഥയിലായതിനെത്തുടർന്ന് കഴിഞ്ഞ അഞ്ചു വർഷമായി രണ്ടു പോലീസ് ക്വാർട്ടേഴ്സുകൾ യോജിപ്പിച്ചാണ് പോലീസ് സ്റ്റേഷൻ പ്രവർത്തിച്ചുവരുന്നത്.
മന്ത്രി രമേശ് ചെന്നിത്തലയ്ക്കു വർഗീസ് മാമ്മൻ എംഎൽഎ നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടുകയും പുതിയ പോലീസ് സ്റ്റേഷൻ നിർമാണത്തിന് അനുമതി അഭ്യർഥിക്കുകയും ചെയ്തിരുന്നു.
തുടർന്ന് മന്ത്രി രമേശ് ചെന്നിത്തല കേരള പോലീസ് ഹൗസിംഗ് സൊസൈറ്റിയോട് അടിയന്തരമായി തിരുവല്ലയിലെ സ്ഥലം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകുകയും പദ്ധതിക്കായി നാലു കോടി രൂപ അനുവദിക്കുകയും ചെയ്തു.
തിരുവല്ല പോലീസ് ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പുതിയ പോലീസ് സ്റ്റേഷൻ നിർമിക്കുന്നതിനാവശ്യമായ പ്ലാൻ തയാറായിക്കഴിഞ്ഞു. പോലീസ് സ്റ്റേഷനും സർക്കിൾ ഓഫീസും സംയുക്തമായി ഉൾക്കൊള്ളുന്ന പോലീസ് കോംപ്ലക്സിന് 12,000 ചതുരശ്ര അടി വിസ്തീർണമാണുള്ളത്.
ലിഫ്റ്റ് ഉൾപ്പെടെ മൂന്നു നിലകളിലായി നിർമിക്കുന്ന ഈ കോംപ്ലക്സ് നാലു കോടി രൂപ ചെലവിലാണ് യാഥാർഥ്യമാകുന്നത്. ആധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന ഈ സമുച്ചയം കേരളത്തിലെതന്നെ മാതൃകാ പോലീസ് കോംപ്ലക്സുകളിലൊന്നായി മാറുമെന്നാണ് പ്രതീക്ഷ. പദ്ധതിക്കാണ് ഇപ്പോൾ സർക്കാർ ഉത്തരവ് ലഭ്യമായിരിക്കുന്നത്.
നിർമാണത്തിനായി നിശ്ചയിച്ച സ്ഥലം വർഗീസ് മാമ്മൻ എംഎൽഎ സന്ദർശിച്ച് വിലയിരുത്തി. ജില്ലാ പോലീസ് സൂപ്രണ്ട് ആർ. ആനന്ദ്, തിരുവല്ല ഡിവൈഎസ്പി കെ.ആർ. ജിജു, സർക്കിൾ ഇൻസ്പെക്ടർ കെ.എസ്. സുജിത്, കേരള പോലീസ് ഹൗസിംഗ് സൊസൈറ്റിയുടെ പ്രോജക്ട് എൻജിനിയർ സക്കീർ ഹുസൈൻ എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.