കൊല്ലം: റെയില്‍വേ സ്റ്റേഷനില്‍ നിലവിലുള്ള മേല്‍ക്കൂര പൂര്‍ണമായി മാറ്റി ആകര്‍ഷകമായ പുതിയ മേല്‍ക്കൂര നിര്‍മിക്കും. നിലവില്‍ 5735 ചതുരശ്ര മീറ്ററാണ് പ്ലാറ്റ്ഫോമുകളുടെ മേല്‍ക്കൂര. അവയുടെ പുനര്‍നിര്‍മാണമാണ് വിഭാവന ചെയ്തിരുന്നതെങ്കിലും കൂടുതലായി ഏറ്റെടുത്തത് ഉള്‍പ്പെടെ മുഴുവന്‍ പ്ലാറ്റ്ഫോമിലും പുതിയ മേല്‍ക്കൂര നിര്‍മിക്കാന്‍ തീരുമാനമായി.
പുനഃക്രമീകരിച്ച പ്രകാരം 16296 ചതുരശ്ര മീറ്റര്‍ മേല്‍ക്കൂര നിര്‍മിക്കും. പ്ലാറ്റ്ഫോമുകളില്‍ 16296 ചതുരശ്ര മീറ്ററില്‍ നിലത്ത് ഗ്രാനൈറ്റ് പാകും. എന്‍.കെ. പ്രേമചന്ദ്രന് എംപിയുടെ നേതൃത്വത്തില്‍ നടത്തിയ അവലോകന യോഗത്തിലാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ചയായത്.
നിലവില്‍ സൗത്ത് ടെര്‍മിനല്‍ കെട്ടിടത്തിന് 3732 ചതുരശ്ര മീറ്റര്‍ വിസ്തൃതിയാണുള്ളത്. പകരം 24433 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ കെട്ടിടം നിര്‍മിക്കും. സൗത്ത് ടെര്‍മിനലില്‍ 255 ഇരുചക്ര വാഹനങ്ങളും 185 കാറുകള്‍ക്കും പാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യമാണ് ഇപ്പോള്‍ ഉള്ളത്. നോര്‍ത്ത് ടെര്‍മിനലില്‍ 890 ഇരുചക്ര വാഹനങ്ങളും 190 കാറുകളും പാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യങ്ങളൊരുക്കും.
സ്റ്റേഷനുള്ളില്‍ മാത്രം 76 സിസിടിവി കാമറ ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനം ഒരുക്കും. നിലവില്‍ ഇരുപതില്‍ താഴെ കാമറകളാണുള്ളത്. ജലസംരക്ഷണം ഉറപ്പുവരുത്തുന്ന തരത്തിലാണ് ജല വിനിയോഗം രൂപകല്പന ചെയ്തിട്ടുള്ളത്. ജലത്തിന്റെ പുനരുപയോഗ സാധ്യതയ്ക്ക് സംവിധാനം ഒരുക്കും. നിലവില്‍ രണ്ടു ലിഫ്റ്റും രണ്ട് എസ്കലേറ്ററുമുള്ള സ്റ്റേഷനില്‍ 21 ലിഫ്റ്റുകളും 12 എസ്കലേറ്ററുകളും സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്.
വിമാനത്താവളങ്ങള്‍ക്ക് സമാനമായ ബില്‍ഡിംഗ് മാനേജ്മെന്റ് സിസ്റ്റം (ബിഎംഎസ്) കൊല്ലം റെയില്‍വേ സ്റ്റേഷനിലുമുണ്ടാകും. റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരുമായി ബന്ധപ്പെട്ടുള്ള സൗകര്യങ്ങള്‍ കംപ്യൂട്ടറിന്റെ സഹായത്തോടെ നിയന്ത്രിക്കുന്ന അത്യാധുനിക സംവിധാനമാണ് ബിഎംഎസ്.
റെയില്‍വേ സ്റ്റേഷന് നവീകരണം 2027 ഡിസംബറില്‍ പൂര്‍ത്തിയാകുമെന്നാണ് വിലയിരുത്തല്‍. ട്രെയിന്‍ ഗതാഗതം നിര്ത്തിവയ്ക്കാതെയുള്ള നിര്‍മാണം ആയതുകൊണ്ടാണ് കാലതാമസം വരുന്നതെന്ന് റെയില്‍വേ അറിയിച്ചതായി ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം എന്‍.കെ. പ്രേമചന്ദ്രന് എംപി പറഞ്ഞു.
36 മീറ്റര്‍ വീതിയും 130 മീറ്റര്‍ നീളവുമുള്ള എയര്‍ കോണ്‍കോഴ്സിന്റെ നിര്‍മാണത്തിനുള്ള സ്ട്രക്ചര്‍ ഈ ഡിസംബറില്‍ പൂര്‍ത്തിയാകുമെന്ന് റെയില്‍വേ നിര്‍മാണ വിഭാഗം അറിയിച്ചു.
രണ്ടാം ടെര്‍മിനലില്‍ (ചിന്നക്കട ഭാഗം) നിന്നാണ് കോണ്‍കോഴ്സ് തുടങ്ങുന്നത്. ഇവിടെ രണ്ട് ലിഫ്റ്റുകളും രണ്ട് എസ്കലേറ്ററുകളുമുണ്ട്. അതില്കൂടി മുകളില്‍ എത്തുമ്പോഴാണ് എയര്‍ കോണ്‍കോഴ്സ്. ഭക്ഷണ, വ്യാപാര സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കും.
എയര്‍കോണ്‍കോഴ്സിന്റെ സ്ട്രക്ചറിനുള്ള കൂറ്റന്‍ ഇരുമ്പ് ഗര്‍ഡറുകള്‍ ഉയര്‍ത്തുന്ന ശ്രമകരമായ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ സമയത്ത് ട്രെയിന്‍ ഗതാഗതം ഭാഗികമായി നിര്‍ത്തിവച്ചാണ് നിര്‍മാണം പുരോഗമിക്കുന്നത്. നിലവില്‍ രാത്രി 10.30ന് ശേഷം നാല് മണിക്കൂര്‍ വരെയാണ് ട്രെയിന്‍ ഗതാഗതം നിര്‍ത്തിവയ്ക്കുന്നത്. ദീര്‍ഘദൂര രാത്രിയാത്രക്കാരെ ബാധിക്കാത്ത തരത്തിലാണ് നിര്‍മാണം മുന്നോട്ടു കൊണ്ടുപോകുന്നത് റെയില്‍വേ അധികൃതര്‍ പറഞ്ഞു.
ഗ്യാങ് റൂം, എസ്എസ്സി വര്‍ക്ക് ബില്‍ഡിംഗ്, സര്‍വീസ് ബില്‍ഡിംഗ്, പാര്‍ക്കിംഗ്, പാഴ്സല്‍ ബില്‍ഡിംഗ് എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയാക്കി ഡിവിഷന് കൈമാറിയിട്ടുണ്ട്. നടപ്പാതയുടെ നിര്‍മാണം നവംബര്‍ ഒന്നിന് മുന്‍പ് പൂര്‍ത്തിയാകും.