കോട്ടയം: ജലവിഭവ വകുപ്പിനെ ജനക്ഷേമകരമായി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചതായി ജലവിഭവമന്ത്രി മോന്‍സ് ജോസഫ്. വാട്ടര്‍ അഥോറിറ്റി ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണ്. വകുപ്പ് മേധാവികളുമായും ഉന്നത ഉദ്യോഗസ്ഥരുമായും കൂട്ടായി ചര്‍ച്ച ചെയ്ത് പ്രതിസന്ധി മറികടക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മോന്‍സ് ജോസഫ് പറഞ്ഞു. കോട്ടയം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ് മിനിസ്റ്റര്‍ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി മോന്‍സ്.
ജല്‍ജീവന്‍ പദ്ധതിപ്രകാരം വഴിയോരങ്ങളില്‍ പൈപ്പ് കുഴിച്ചിടല്‍ മാത്രമാണ് നടന്നത്. പൈപ്പുകള്‍ വന്‍ തോതില്‍ സ്റ്റോക്ക് ചെയ്തിട്ടുമുണ്ട്. എന്നാല്‍ അനുബന്ധപ്രവര്‍ത്തനങ്ങള്‍ നടന്നില്ല. ഇതുമൂലം ജലവിതരണം ഇതുവരെ നടത്താന്‍ സാധിച്ചിട്ടില്ല. ജല്‍ജീവന്‍ സ്കീം പൂര്‍ണമായും പരിഷ്കരിക്കും. കരാറുകാരുടെ കുടിശിക ഘട്ടംഘട്ടമായി കൊടുത്തു തീര്‍ക്കും. പദ്ധതി പ്രകാരം വന്‍തോതില്‍ കണക്ഷന് നല്‍കിയെങ്കിലും വെള്ളത്തിന്റെ സ്രോതസ് കണ്ടെത്താനായിട്ടില്ല.
കേന്ദ്ര ഗവണ്മെന്റിനു മുമ്പില്‍ പ്രോജക്ടുകള്‍ സമര്‍പ്പിച്ച് പരമാവധി സാമ്പത്തിക സഹായം നേടിയെടുക്കാന്‍ ശ്രമിക്കും. കേന്ദ്ര ഗവണ്മെന്റ് ഫണ്ട് കണ്ടെത്താനായി പ്രത്യേകം പ്രോജക്ടുകള്‍ സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു. വാട്ടര്‍ അഥോറിറ്റിയുടെ ഡാമുകളും സ്ഥലങ്ങളും ഉള്‍പ്പെടുത്തി ടൂറിസം രംഗത്തുള്ള സാധ്യതകള്‍ പരിശോധിക്കുകയും നിലവിലുള്ളവ കാര്യക്ഷമമാക്കുകയും ചെയ്യും.
സാധാരണക്കാര്‍ക്ക് ഭവനം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള ശ്രമം നടത്തുമെന്നും ഭവനനിര്‍മാണ വകുപ്പിന്റെകൂടി ചുമതലയുള്ള മന്ത്രി പറഞ്ഞു. ഭവന നിര്‍മാണ ബോര്‍ഡ് കടക്കെണിയിലാണ്. ശമ്പളം കൊടുക്കാന്‍പോലും ബുദ്ധിമുട്ടുകയാണ്. ബോര്‍ഡിന്റെ കീഴില്‍ 14 ജില്ലകളിലും കണ്ണായസ്ഥലത്ത് സ്ഥലവും കെട്ടിടവും ഉണ്ട്. ഇത് പ്രയോജനപ്പെടുത്താനുള്ള ശ്രമം നടത്തുമെന്നും മന്ത്രി പറഞ്ഞു.
കോട്ടയം പ്രസ് ക്ലബ് സെക്രട്ടറി ജോബിന് സെബാസ്റ്റ്യന്‍ സ്വാഗതവും പ്രസിഡന്റ് അനീഷ് കുര്യന് നന്ദിയും പറഞ്ഞു.
നദികളിലെ മണ്ണും ചെളിയും നീക്കും
ആറുകളിലും നദികളിലും വന്‍തോതില്‍ മണ്ണും ചെളിയും അടിഞ്ഞിരിക്കുകയാണ്. ഇതുമൂലം കടലിലേക്കുള്ള ജലത്തിന്റെ ഒഴുക്ക് തടസപ്പെടുകയാണ്. ഇതിനു പരിഹാരം കാണും. ചെളി നീക്കം ചെയ്യും. മണല്‍ വാരുന്നതിനുള്ള നടപടികള്‍ കൃത്യമായ മാനദണ്ഡപ്രകാരം നടപ്പാക്കും. ഡാമുകളിലെ മണല്വാരലിനെക്കുറിച്ചും ഉടന്‍ തീരുമാനമുണ്ടാകും.
വേമ്പനാട്ടുകായല്‍
വേമ്പനാട്ടുകായലില്‍ ജലസംഭരണ ശേഷി വര്‍ധിപ്പിക്കും. ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യും. കടലിലേക്ക് വെള്ളം സുഗമമായി ഒഴുകുന്നതിനു ക്രമീകരണം ഒരുക്കും. ഇതിനു തടസമായിട്ടുള്ളവ എന്തൊക്കെയാണോ അതെല്ലാം നീക്കം ചെയ്യും. സര്‍ക്കാര്‍ തലത്തില്‍തന്നെ ഉന്നതതലയോഗം ചേരും. തോട്ടപ്പള്ളി സ്പില്‍വേയുമായി ബന്ധപ്പെട്ടും ഉന്നതതലയോഗം ഉടന്‍ വിളിക്കും. പോള അടിയുന്നത് ജലഗതാഗതത്തിനും ടൂറിസത്തിനും തടസമാകുന്നുണ്ട്. പോള നീക്കം ചെയ്യാന്‍ പുതിയ പദ്ധതികളെക്കുറിച്ച് ആലോചിക്കും.
ജലനയം
കുടിവെള്ളം ജനങ്ങളുടെ മൗലികാവകാശമാണെന്ന രീതിയിലുള്ള പ്രവര്‍ത്തനമാണു വാട്ടര്‍ അഥോറിറ്റി നടത്തുന്നത്. ഇതിനായി ആറു മാസത്തിനുളളില്‍ സമഗ്രമായ ജലനയം രൂപീകരിക്കും. ഇതിനായി വിദഗ്ധരെയും ഈ രംഗത്തെ പ്രമുഖരെയും പങ്കെടുപ്പിച്ച് കോണ്‍ക്ലേവ് നടത്തും.
മുല്ലപ്പെരിയാര്‍
സുപ്രീം കോടതി വിധി നിലനില്‍ക്കുകയാണ്. കേരളത്തിനു സുരക്ഷ, തമിഴ്നാടിനു ജലം എന്ന നയം അടിസ്ഥാനമാക്കി തമിഴ്നാട് സര്‍ക്കാരുമായി ഒരു അഭിപ്രായ സമന്വയത്തിനു ശ്രമം നടത്തും. മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്നതു തന്നെയാണ് സര്‍ക്കാരിന്റെ നയം. തമിഴ്നാട് സര്‍ക്കാരുമായി അഭിപ്രായ സമന്വയത്തിനുള്ള ശ്രമങ്ങള്‍ക്കായി സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച ഉടനുണ്ടാകും. മുല്ലപ്പെരിയാര്‍ കേസില്‍ കേരളം തുടര്‍ച്ചയായി പരാജയപ്പെടുന്നതിനെക്കുറിച്ചും അന്തര്‍ സംസ്ഥാന ജല കരാറുകളെക്കുറിച്ചും വിശദമായ പഠനവും തുടര്‍നടപടികളുമുണ്ടാകും.
റോഡ് കുത്തിപ്പൊളിക്കല്‍
പൈപ്പിടാന്‍ പൊതുമരാമത്ത് വകുപ്പിന്റെ റോഡ് വെട്ടിപ്പൊളിച്ചാല്‍ അത് പൂര്‍ണമായും ഉപയോഗപ്രദമാക്കേണ്ട ചുമതല വാട്ടര്‍ അഥോറിറ്റിക്കുണ്ട്. ഇതിനായി തുക വകയിരുത്തിയശേഷം മാത്രമേ ഇനി കുത്തിപ്പൊളിക്കല്‍ ഉണ്ടാകുകയുള്ളൂ. ജില്ലാതലത്തില്‍ എംഎല്‍എമാരെ പങ്കെടുപ്പിച്ചുള്ള മോനിട്ടറിംഗ് സമിതി ഇതിനായി രൂപീകരിക്കും.
ജല്‍ജീവന്‍ പ്രോജക്ടില്‍ റോഡ് വെട്ടിപ്പൊളിക്കുമ്പോള്‍ ഉണ്ടാകുന്ന തകരാര്‍ പരിഹരിക്കാനുള്ള തുക വച്ചിരുന്നില്ല. പ്രോജക്ടില്‍ മാറ്റം വരുത്തി തുക വകയിരുത്തുന്നതിനുള്ള കാര്യം ഉള്‍പ്പെടുത്തും.
പൈപ്പ് പൊട്ടല്‍
പൈപ്പ് പൊട്ടി ജലം പാഴാകുന്നത് നിത്യസംഭവമാണ്. കാലഹരണപ്പെട്ട പൈപ്പുകളാണു കാരണം. ഇതു മാറ്റി നല്ല പൈപ്പുകള്‍ സ്ഥാപിക്കും. ഇപ്പോള്‍ കരാറുകാരനാണ് പൈപ്പ് വാങ്ങുന്നത്. ഇതു മാറ്റി വാട്ടര്‍ അഥോറിട്ടി പൈപ്പ് വാങ്ങി നല്‍കുന്നത് ആലോചനയിലാണ്.
പുതിയ പൈപ്പുകള്‍ പൊട്ടുന്നതു സംബന്ധിച്ചു വിശദമായ പഠനം നടത്തും. പൈപ്പ് പൊട്ടിയതു കണ്ടുപിടിക്കുന്നതിനായി റോഡ് മുഴുവന്‍ വെട്ടിപ്പൊളിക്കാതെ അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതും ആലോചിക്കും.