ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെത്തുടർന്നു പ്രതിക്കൂട്ടിലായ ദേശീയ പരീക്ഷാ ഏജൻസിയിലേക്ക് (എൻടിഎ) സുപ്രധാന നിയമനങ്ങൾ. ഏജൻസിയുടെ പരീക്ഷാ സമ്പ്രദായത്തിൽ വലിയ അഴിച്ചുപണിക്ക് തയാറെടുക്കുന്നതിനിടെ രണ്ട് ഡയറക്ടർമാരെയും ഒരു ജോയിന്റ് ഡയറക്ടറെയുമാണ് കേന്ദ്രം എൻടിഎയിലേക്കു പുതുതായി നിയമിച്ചിരിക്കുന്നത്.
ഐപിഎസ് ഉദ്യോഗസ്ഥനായ രവി കുമാർ സിംഗിനെയും ഐഎഎസ് ഉദ്യോഗസ്ഥനായ വി. പ്രസന്ന വെങ്കിടേഷിനെയുമാണ് ഡയറക്ടർമാരായി നിയമിച്ചിരിക്കുന്നത്. ഇന്ത്യൻ റവന്യു സർവീസിന്റെ 2016 ബാച്ച് ഉദ്യോഗസ്ഥനായ അമിത് സാംദാരിയയാണ് എൻടിഎയുടെ ജോയിന്റ് ഡയറക്ടർ.
കഴിഞ്ഞ ദിവസങ്ങളിൽ അറുനൂറിനടുത്ത് വിദഗ്ധരെ എൻടിഎയിൽനിന്ന് പുറത്താക്കിയിരുന്നു. പരീക്ഷാ നടത്തിപ്പിനു പുതിയ സ്പെഷലിസ്റ്റുകളെ നിയമിച്ച എൻടിഎ ചോദ്യപേപ്പറുകൾ പരിശോധിക്കാൻ ചതുർതല ചെക്കിംഗ് സംവിധാനവും അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.
അതിനിടെ, പരീക്ഷാ പരിഷ്കാരങ്ങൾക്കായി കേന്ദ്രം രൂപീകരിച്ച ഉന്നതാധികാര ടാസ്ക് ഫോഴ്സ് (എച്ച്പിടിഎഫ്) ശിപാർശകൾ കൂടുതൽ സമഗ്രമാക്കുന്നതിനായി രക്ഷിതാക്കളിൽനിന്നും വിദ്യാർഥികളിൽനിന്നും മറ്റു തത്പരകക്ഷികളിൽനിന്നും നിർദേശങ്ങൾ ക്ഷണിച്ചിട്ടുണ്ട്.
പൊതു പരീക്ഷകളുടെ നടത്തിപ്പും സുരക്ഷയും, പരീക്ഷാ രൂപകൽപന, ഭരണം, ഉത്തരവാദിത്വവും സ്ഥാപനപരമായ ക്രമീകരണങ്ങളും, പരീക്ഷാ ക്രമക്കേടുകൾ തടയൽ, കണ്ടെത്തൽ, പരിഹാരം, സുരക്ഷിതമായ കംപ്യൂട്ടർ അധിഷ്ഠിത പരിശോധന ഉൾപ്പെടെയുള്ള സാങ്കേതികവിദ്യയുടെ ഉപയോഗം തുടങ്ങിയ മേഖലകളിൽ പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ ഉന്നതാധികാര ടാസ്ക് ഫോഴ്സിനു പൊതുജനങ്ങൾക്ക് സമർപ്പിക്കാം.