ന്യൂഡല്‍ഹി: ബിജെപിയുടെ പുതിയ ഭാരവാഹികളുടെ യോഗം ഡല്‍ഹിയിലെ പാർട്ടി ആസ്ഥാനത്തു ചേര്‍ന്നു. നിതിന്‍ നബീന് ദേശീയ അധ്യക്ഷനായ ശേഷമുള്ള ആദ്യയോഗമാണിത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്കുള്ള തന്ത്രങ്ങളും ചർച്ച ചെയ്തു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിൽ 2027ൽ നിയമസഭാ തെരഞ്ഞെടുപ്പു വരുന്നുണ്ട്.
2029ൽ ലോക്സഭാ തെരഞ്ഞെടുപ്പുമുണ്ട്.
നരേന്ദ്ര മോദി മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും 25 വര്‍ഷം പൂര്‍ത്തിയാക്കിയത് ആഘോഷിക്കുന്നതിനായി മോദി അറ്റ് 25 എന്ന പേരിൽ 15 ദിവസത്തെ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. അതോടൊപ്പം വരാനിരിക്കുന്ന രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കുള്ള കര്‍മപദ്ധതിയും ആലോചനാവിഷയമായി.
ഈ ആഴ്ച ആദ്യം ബിജെപി പുതിയ ദേശീയ സംഘത്തെ പ്രഖ്യാപിച്ചിരുന്നു. ഈ സംഘത്തിലെ 65 പേരിൽ 51ഉം പുതുമുഖങ്ങളാണ്. 12 സ്ത്രീകളും ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള ആറ് നേതാക്കളും നേതൃനിരയിലുണ്ട്.
രാജസ്ഥാന് മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, മുന്‍ ആര്‍എസ്എസ് പ്രവര്ത്തകന് റാം മാധവ് എന്നിവരുള്‍പ്പെടെ 13 ദേശീയ ഉപാധ്യക്ഷന്മാരും എട്ട് ദേശീയ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായി മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും പുതിയ സംഘത്തിലുണ്ട്. കേന്ദ്ര മന്ത്രിസഭയിലും ഉടന്‍ അഴിച്ചുപണി ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങളുണ്ട്.
ജെന്‍-സിയെ കൂടെക്കൂട്ടാന്‍ പുതുതന്ത്രങ്ങള്‍
മോദിസര്‍ക്കാരിന്റെ വികസനപദ്ധതികളും മറ്റു നേട്ടങ്ങളും പുതുതലമുറയിലെത്തിച്ച് തെരഞ്ഞെടുപ്പുവിജയം നേടാനുള്ള തന്ത്രങ്ങൾക്കാണ് ഊന്നല്‍ നല്‍കിയത്. പുതിയ തലമുറകളുടെ അഭിരുചികള്‍ക്കൊത്ത ഡിജിറ്റല്‍ പ്രചാരണം ഒരുക്കും. അതിനായി ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍/റീലുകള്‍/വീഡിയോകള്‍, യുട്യൂബ് ഷോര്‍ട്ട്സ്, പോഡ്കാസ്റ്റ്, സംവാദങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്തും.
പരമ്പരാഗത പ്രചാരണങ്ങളിൽനിന്ന് സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളിലേക്കുള്ള ചുവടുമാറ്റമാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പാർട്ടിയുടെ ഐടി വിഭാഗം മേധാവിയായി ഛത്തീസ്ഗഢില്‍ നിന്നുള്ള ദീപക് മസ്കെയെ നിയമിച്ചിരുന്നു. പാര്‍ട്ടി യുവമോര്‍ച്ചാ അധ്യക്ഷനായി ലോക്സഭാ എംപി തേജസ്വി സൂര്യയ്ക്ക് പകരം ഗുജറാത്തില്‍ നിന്നുള്ള ഹേമംഗ് ജോഷിയെയും നിയമിച്ചു.