കേരളത്തെ ഇന്നത്തെ നിലയിലേക്കു വളര്‍ത്തിയെടുക്കാന്‍ ഏഴു പതിറ്റാണ്ടുകാലം പ്രയത്നിച്ച എല്ലാവരെയും ആദരവോടെ ഓര്‍ക്കുന്നു. സ്വാതന്ത്ര്യസമര പോരാട്ടങ്ങളും ജീവത്യാഗങ്ങളും ജാതിവ്യവസ്ഥയ്ക്കെതിരായ പ്രക്ഷോഭങ്ങളും സാമൂഹിക-സാംസ്കാരിക മുന്നേറ്റങ്ങളും വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ നേട്ടങ്ങളുമെല്ലാം ചേര്‍ന്നതാണു കേരളത്തിന്റെ 70 വര്‍ഷത്തെ ചരിത്രം.
വിവിധ മേഖലകളില്‍ നാം നേടിയെടുത്ത നേട്ടങ്ങളുടെയും അനുഭവങ്ങളുടെയും കരുത്തുമായാണ് കേരളം പുതിയ കാലത്തിലേക്കു കടക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികനീതി തുടങ്ങി നിരവധി മേഖലകളില്‍ രാജ്യത്തിനു മാതൃകയാകുന്ന മുന്നേറ്റങ്ങള്‍ നടത്താന്‍ നമുക്കു കഴിഞ്ഞിട്ടുണ്ട്. ഇതില്‍ തൃപ്തിപ്പെട്ട് മുന്നോട്ടു പോകാനാകില്ല. ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമാക്കി കേരളത്തെ മാറ്റണം. അതിനുള്ള കൂട്ടായ പരിശ്രമത്തിനാണ് ഈ സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നത്.
പരമ്പരാഗത വികസന സങ്കല്പ്പങ്ങളില്നിന്നു മാറി, പുതിയ കാലത്തിന്റെ സാധ്യതകളും വെല്ലുവിളികളും തിരിച്ചറിഞ്ഞ് പുതുയുഗ കേരളം കെട്ടിപ്പടുക്കുകയെന്ന ചരിത്രപരമായ ദൗത്യമാണു സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്ന, വികസനത്തിന്റെ ഗുണഫലങ്ങള്‍ എല്ലാവരിലേക്കും എത്തുന്ന കേരളമാണു നമ്മുടെ ലക്ഷ്യം. ഭൂമിശാസ്ത്രപരമായ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ലഭ്യമായ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തണം. പ്രകൃതിയെയും കാലാവസ്ഥയെയും മനുഷ്യരുടെ ജീവിതത്തെയും പരിഗണിച്ചുള്ള വികസനമായിരിക്കണം നമ്മുടേത്. ലോകം ശ്രദ്ധിക്കുന്ന വികസന മാതൃകകള്‍ കേരളത്തില്‍ സൃഷ്ടിക്കാനാകണം.
ഫെസ്റ്റിവൽ കേരള
കേരളത്തിന്റെ 70-ാം വാര്‍ഷികം ആഘോഷങ്ങളുടെ ഭാഗമായി മാത്രം ഒതുങ്ങരുത്. നമ്മുടെ നാടിന്റെ നേട്ടങ്ങളും സാധ്യതകളും ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരമാക്കി മാറ്റണം. അതിന്റെ ഭാഗമായി രാജ്യത്തിനകത്തും പുറത്തും ‘ഫെസ്റ്റിവല്‍ കേരളം’ സംഘടിപ്പിക്കും. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നടക്കുന്ന ആഘോഷങ്ങളിലൂടെ കേരളത്തിന്റെ തനതായ കലയും സംസ്കാരവും പാരമ്പര്യവും ലോകത്തിനു മുന്നിലെത്തിക്കും. അതിനൊപ്പം നിക്ഷേപ സംഗമങ്ങളിലൂടെ കൂടുതല്‍ നിക്ഷേപകരെ കേരളത്തിലെത്തിക്കും.
നമ്മുടെ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസവും തൊഴിലവസരങ്ങളും നാട്ടില്‍ത്തന്നെ സജ്ജമാക്കണം. അതിനായി ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവരണം. അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍വകലാശാലകളിലും കോളജുകളിലും പുതിയ കാലത്തിന് അനുയോജ്യമായ പഠനപദ്ധതികള്‍, മാറുന്ന തൊഴില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള വിദഗ്ധ പരിശീലനം എന്നിവ ഉറപ്പാക്കണം. അതിന് കൂടുതല്‍ നിക്ഷേപങ്ങളും പുതിയ തൊഴില്‍മേഖലകളും ഉണ്ടാകണം. നമ്മുടെ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസവും തൊഴിലും ഉറപ്പാക്കുന്നതിനൊപ്പം മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളില്‍നിന്നുമുള്ള വിദ്യാര്‍ഥികളും പഠനത്തിനു കേരളത്തിലെത്തണം. മികച്ച ചികിത്സ തേടി കൂടുതല്‍ ആളുകള്‍ കേരളത്തിലേക്കു വരണം. വിദ്യാഭ്യാസത്തിന്റെയും ആരോഗ്യപരിചരണത്തിന്റെയും പ്രധാന കേന്ദ്രമായി കേരളത്തെ മാറ്റണം.
ഭാവിയുടെ സാങ്കേതികവിദ്യകളിലും കേരളം മുന്നിലെത്തണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്വാണ്ടം കംപ്യൂട്ടിംഗ്, മെഷീന് ലേണിംഗ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കണം. ഡാറ്റാ സെന്ററുകള്‍, സെമികണ്ടക്ടര്‍ കേന്ദ്രങ്ങള്‍, ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകള്‍ എന്നിവ കേരളത്തില്‍ സ്ഥാപിക്കണം. രാജ്യത്തെ ഐടി മേഖലയുടെ വളര്‍ച്ചയ്ക്ക് തുടക്കമിട്ട സംസ്ഥാനങ്ങളിലൊന്നാണു കേരളം. ആ പാരമ്പര്യം പുതിയ സാങ്കേതികവിദ്യകളുടെ കാലത്തും നമുക്ക് തുടരാനാകണം. പുതിയ കാലത്തിന്റെ തൊഴില്‍ മേഖലകളില്‍ നമ്മുടെ യുവജനങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഉറപ്പാക്കണം.
മുതിർന്ന പൗരന്മാരെ ചേർത്തുപിടിക്കും
നമ്മുടെ സമൂഹത്തില്‍ മുതിര്‍ന്ന പൗരന്മാരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. അവരുടെ ജീവിതം സുരക്ഷിതവും സന്തോഷകരവുമാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. മുതിര്‍ന്ന പൗരന്മാര്ക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമാണു കേരളം.
നിയമ പരിരക്ഷ ഉറപ്പാക്കുന്നതിന് നിയമവും പാസാക്കി. വയോജനങ്ങള്‍ക്ക് സംരക്ഷണം ഒരുക്കുന്നതിനൊപ്പം വിവിധ മേഖലകളിലുള്ള അവരുടെ അനുഭവസമ്പത്തും വൈദഗ്ധ്യവും പ്രയോജനപ്പെടുത്തുന്ന സില്‍വര്‍ ഇക്കോണമിയാണു സര്‍ക്കാരിന്റെ ലക്ഷ്യം. ജനസംഖ്യാപരമായ മാറ്റങ്ങള്‍ ലോകത്തെ പല രാജ്യങ്ങള്‍ക്കും വെല്ലുവിളിയാകുന്ന കാലത്ത് അതിനെ പുതിയ സാധ്യതകളാക്കി മാറ്റുകയാണ് കേരളം.
നിക്ഷേപസൗഹൃദമാകാൻ ‘സരൾ കേരളം’
സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിക്കണമെങ്കില്‍ കൂടുതല്‍ നിക്ഷേപങ്ങളും വ്യവസായങ്ങളും കേരളത്തിലേക്കു വരണം. ഇതിന്റെ ഭാഗമായി അനാവശ്യ കാലതാമസവും നടപടിക്രമങ്ങളും ഒഴിവാക്കി സംരംഭങ്ങള്‍ക്കുള്ള അനുമതികള്‍ ലളിതവും വേഗത്തിലുമാക്കാന്‍ ‘സരള്‍ കേരളം’ എന്ന സുപ്രധാന നിയമം കേരള നിയമസഭ പാസാക്കിയിട്ടുണ്ട്. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള സുപ്രധാന ചുവടുവയ്പാണു സരള്‍ കേരളം.
വികസനം എന്നതു വന്‍കിട പദ്ധതികളുടെയും സാമ്പത്തികവളര്‍ച്ചയുടെയും മാത്രം പേരല്ല. ഓരോ മനുഷ്യന്റെയും ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളിലാണു വികസനത്തിന്റെ യഥാര്‍ഥ അര്‍ഥം. ഒരാളുടെയും പ്രയാസങ്ങള്‍ കാണാതെ പോകരുത്. അര്‍ഹമായ പരിഗണനയും സഹായവും എല്ലാവര്ക്കും ലഭിക്കണം. ഇതെല്ലാം ചേര്‍ത്തുവച്ച് ‘ഗുഡ് ഗവേണന്‍സ് വിത്ത് എംപതി, സഹാനുഭൂതിയോടെയുള്ള സദ്ഭരണം’ എന്ന കാഴ്ചപ്പാടുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.
നമ്മുടെ വികസന മുന്നേറ്റത്തിനൊപ്പം കേരളത്തിന്റെ മതേതര-ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കപ്പെടണം. മതത്തിന്റെയോ ജാതിയുടെയോ പേരില്‍ ആരും മാറ്റിനിര്‍ത്തപ്പെടരുത്. മതേതര-ജനാധിപത്യ നിലപാടുകളില്‍ വിട്ടുവീഴ്ചയുമുണ്ടാകില്ല. 70 വര്‍ഷത്തെ നേട്ടങ്ങളും അനുഭവങ്ങളും നമുക്ക് വലിയ കരുത്താണ് നല്‍കുന്നത്. ആ കരുത്തില്‍ വിശ്വസിച്ച്, പുതിയ കാലത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി പുതുയുഗ കേരളത്തിലേക്ക് നമുക്ക് ഒന്നിച്ച് മുന്നേറാം.