Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NewOrleans

ടാങ്കർ കപ്പൽ പാഞ്ഞുകയറി ക്രൂയിസ് ഷിപ് തലകീഴായി മറിഞ്ഞു; മരണം മുന്നിൽ കണ്ട് യാത്രികർ

ന്യൂ ഓർലിയൻസ്: മിസിസിപ്പി നദിയിൽ വൻ ദുരന്തത്തിന് വഴിവയ്ക്കുമായിരുന്ന കപ്പൽ അപകടത്തിൽനിന്നു മുഴുവൻ യാത്രക്കാരെയും ജീവനക്കാരെയും അദ്ഭുതകരമായി രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയോടെ ന്യൂ ഓർലിയൻസ് തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ‘അമേരിക്കൻ ഹെറിറ്റേജ്’ എന്ന ആഡംബര പാഡിൽ വീൽ ക്രൂയിസ് കപ്പലിലേക്ക് ‘അറ്റ്ലാന്‍റിക് അസ്ഫാൾട്ട്’ എന്ന ടാങ്കർ കപ്പൽ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ക്രൂയിസ് കപ്പൽ മറിഞ്ഞ് നദിയിൽ മുങ്ങാൻ തുടങ്ങിയതോടെ നിരവധി യാത്രക്കാർ വെള്ളത്തിലേക്കു തെറിച്ചുവീണു. അപകടത്തിൽ പരിക്കേറ്റ 32 യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരുടെയും നില ഗുരുതരമല്ല. ഒരാളെപ്പോലും കാണാതായിട്ടില്ലെന്ന ആശ്വാസവാർത്തയെ ‘മിസിസിപ്പിയിലെ അത്ഭുതം’ എന്നാണ് ന്യൂ ഓർലിയൻസ് മേയർ ഹെലീന മോറെനോ വിശേഷിപ്പിച്ചത്.

നിമിഷനേരം കൊണ്ടു മറിഞ്ഞ് ആഡംബര കപ്പൽ

അമേരിക്കൻ ക്രൂയിസ് ലൈൻസിന്‍റെ ഉടമസ്ഥതയിലുള്ള ആഡംബര കപ്പലിൽ അപകടസമയത്ത് ഏകദേശം 180 മുതൽ 190 വരെ യാത്രക്കാരും ജീവനക്കാരും ഉണ്ടായിരുന്നതായാണ് മേയർ വ്യക്തമാക്കുന്നത്. ഉച്ചസമയത്ത് നിയന്ത്രണം നഷ്‌ടപ്പെട്ട ടാങ്കർ കപ്പൽ നിർത്തിയിട്ടിരുന്ന ക്രൂയിസ് കപ്പലിലേക്കു വന്നിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കപ്പൽ മുങ്ങാൻ തുടങ്ങിയതോടെ പരിഭ്രാന്തരായ യാത്രക്കാർ പുറത്തേക്ക് ഓടി. കപ്പൽ പൂർണമായും മറിയുന്നതിനുമുമ്പ് ഏകദേശം 87 യാത്രക്കാർക്കു പുറത്തിറങ്ങാൻ സാധിച്ചതായി ഹാർബർ പൊലിസ് മേധാവി മെലനി മോൺട്രോൾ അറിയിച്ചു. എന്നാൽ, തൊട്ടുപിന്നാലെ കപ്പൽ ഒരു വശത്തേക്കു മറിഞ്ഞ് തലകീഴായതോടെ ഡസൻ കണക്കിന് ആളുകൾ മിസിസിപ്പി നദിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

കൈകോർത്ത് രക്ഷാപ്രവർത്തകർ

അപകടം നടന്നയുടൻ തുറമുഖ ജീവനക്കാരും അഗ്‌നിരക്ഷാ സേനാംഗങ്ങളും സമീപത്തെ മറ്റു കപ്പലുകളിലുണ്ടായിരുന്നവരും പ്രദേശവാസികളും ചേർന്നു നടത്തിയ അതിവേഗത്തിലുള്ള രക്ഷാപ്രവർത്തനമാണ് വൻ ജീവഹാനി ഒഴിവാക്കിയത്. വെള്ളത്തിലേക്കു വീണ മുഴുവൻ ആളുകളെയും സുരക്ഷിതമായി കരയ്ക്കെത്തിക്കാൻ ഇവർക്കു സാധിച്ചു.

പ്രാദേശിക-സംസ്ഥാന-ഫെഡറൽ ഏജൻസികളുടെയും സമീപത്തുണ്ടായിരുന്നവരുടെയും സമയോചിതമായ ഇടപെടലാണ് ഒരു ജീവൻ പോലും നഷ്‌ടപ്പെടാതെ കാത്തതെന്നു മേയർ ഹെലീന മോറെനോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രക്ഷാപ്രവർത്തനത്തിന്‍റെ ഭാഗമായി അപകടമേഖലയിലൂടെയുള്ള നദീഗതാഗതം യുഎസ് കോസ്റ്റ് ഗാർഡ് പൂർണമായും നിർത്തിവച്ചു.

അന്വേഷണം ആരംഭിച്ചു

ടാങ്കർ കപ്പലിന്‍റെ സ്റ്റിയറിംഗ് സംവിധാനത്തിലുണ്ടായ തകരാറാകാം അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനമെന്നു കോസ്റ്റ് ഗാർഡ് ക്യാപ്റ്റൻ മെലനി ബേൺഹാം വ്യക്തമാക്കി. എന്നാൽ, അപകടത്തിന്‍റെ കൃത്യമായ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടന്നുവരികയാണ്.

കോസ്റ്റ് ഗാർഡുമായും പ്രാദേശിക ഭരണകൂടവുമായും ചേർന്നു പ്രവർത്തിക്കുന്നുണ്ടെന്നും അപകടത്തിൽപ്പെട്ട എല്ലാവരുടെയും സുരക്ഷയിലും ക്ഷേമത്തിലും അതീവ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അമേരിക്കൻ ക്രൂയിസ് ലൈൻസ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. 2015ൽ നിർമിച്ച അമേരിക്കൻ ഹെറിറ്റേജ് കപ്പലിന് 150 യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയാണുള്ളത്.

Latest News

Corehub Up