വാഷിംഗ്ടൺ ഡിസി: നിർമിത ബുദ്ധിയുടെ (എഐ) അതിവേഗ പുരോഗതി സോഫ്റ്റ്വേറുകളിലെ പുതിയ സുരക്ഷാപിഴവുകൾ വൻതോതിൽ പുറത്തുകൊണ്ടുവരുന്നതായി റിപ്പോർട്ട്. ഇത് വരുംദിവസങ്ങളിൽ ആഗോളതലത്തിൽ വലിയ സൈബർ തടസങ്ങൾക്കും വെബ്സൈറ്റുകളുടെ സ്തംഭനത്തിനും കാരണമായേക്കാമെന്ന് പ്രമുഖ സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
യൂറോപ്പിലെയും മറ്റു രാജ്യങ്ങളിലെയും സർക്കാർ വെബ്സൈറ്റുകളെ അടുത്തിടെ ബാധിച്ച വ്യാപക സ്തംഭനത്തിനുപിന്നിൽ പിഎച്ച്പി എന്ന പ്രോഗ്രാമിംഗ് ഭാഷയിൽ കണ്ടെത്തിയ സുരക്ഷാവീഴ്ചകളായിരുന്നു. മാസചുസെറ്റ്സ് ആസ്ഥാനമായുള്ള സൈബർ സെക്യൂരിറ്റി സ്ഥാപനമായ ‘വൾൺചെക്കി’ന്റെ പഠനമനുസരിച്ച് എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ കണ്ടെത്തുന്ന ഡിജിറ്റൽ സുരക്ഷാപിഴവുകളുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് ഇരട്ടി വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ലോകത്തെ 70 ശതമാനം വെബ്സൈറ്റുകളും ഉപയോഗിക്കുന്ന പിഎച്ച്പി പ്രോഗ്രാമിംഗ് ഭാഷയിൽ ദശാബ്ദത്തിലേറെയായി ഒളിഞ്ഞിരുന്ന ഗുരുതരമായ സുരക്ഷാവീഴ്ച എഐ പരിശോധനയിലൂടെ കണ്ടെത്തിയതു കഴിഞ്ഞദിവസം വെബ്സൈറ്റുകളുടെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. വെബ്സൈറ്റുകളുടെ നിയന്ത്രണം കൈക്കലാക്കാനും സേവനങ്ങൾ തടസപ്പെടുത്താനും ഈ തകരാറിനെ ഹാക്കർമാർ ഉപയോഗിക്കുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് മുൻകരുതലായി ലോകമെമ്പാടുമുള്ള നിരവധി ഡിജിറ്റൽ സേവനങ്ങൾ താത്കാലികമായി നിർത്തിവയ്ക്കുകയുണ്ടായി.
വരും വർഷങ്ങൾ നിർണായകം
മറ്റു പ്രധാന സോഫ്റ്റ്വേറുകളിലും ഗുരുതരമായ സുരക്ഷാഭീഷണികൾ കണ്ടെത്തിയിട്ടുണ്ടെന്ന് ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ ‘ക്ലൗഡ്ഫ്ലെയർ’ സിഇഒ മാത്യു പ്രിൻസ് പറഞ്ഞു. വരും വർഷങ്ങളിൽ ഇത്തരം പ്രതിസന്ധികൾ പതിവാകാൻ സാധ്യതയുണ്ടെന്നും നിലവിൽ ഇവ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തേ സോഫ്റ്റ്വേർ കോഡുകളിലെ പിഴവുകൾ കണ്ടെത്താനും അവ ദുരുപയോഗം ചെയ്യാനുള്ള വഴികൾ രൂപപ്പെടുത്താനും വിദഗ്ധർക്ക് ആഴ്ചകളോ മാസങ്ങളോ വേണമായിരുന്നു. എന്നാൽ എഐ എത്തിയതോടെ കോഡുകൾ നിരന്തരം പരിശോധിച്ച് മണിക്കൂറുകൾക്കുള്ളിൽ ഇത്തരം പഴുതുകൾ കണ്ടെത്താനും അവ ആയുധമാക്കാനും ഹാക്കർമാർക്ക് സാധിക്കുന്നുണ്ടെന്ന് ‘റൺസേഫ് സെക്യൂരിറ്റി’സിടിഒ ഷെയ്ൻ ഫ്രൈ വ്യക്തമാക്കുന്നു.
ആശങ്കയും ആശ്വാസവും
സുരക്ഷാ മുൻകരുതലുകൾ എടുക്കാനുള്ള സമയം കുറയുന്നുണ്ടെങ്കിലും എഐ കണ്ടെത്തുന്ന മുഴുവൻ പിഴവുകളും എളുപ്പത്തിൽ ചൂഷണം ചെയ്യാൻ ഹാക്കർമാർക്കു കഴിയില്ലെന്ന അഭിപ്രായവും നിലനിൽക്കുന്നുണ്ട്. എഐ കണ്ടെത്തുന്ന പല തകരാറുകളും സങ്കീർണമായതിനാൽ ഇവ ഉപയോഗിച്ച് ഉടനടി ആക്രമണം നടത്തുക പ്രായോഗികമല്ലെന്ന് ഫയൽ ട്രാൻസ്ഫർ ടൂളായ ‘കേൾ’ഡെവലപ്പർ ഡാനിയൽ സ്റ്റെൻബർഗ് ചൂണ്ടിക്കാട്ടുന്നു.
ആദ്യഘട്ടത്തിൽ ഇത്തരം വെളിപ്പെടുത്തലുകൾ സുരക്ഷാഭീഷണി സൃഷ്ടിക്കുമെങ്കിലും ഇന്റർനെറ്റിലെ ഒളിഞ്ഞിരിക്കുന്ന തകരാറുകൾ മുൻകൂട്ടി കണ്ടെത്തി പരിഹരിക്കാൻ എഐ സഹായിക്കുമെന്നത് ദീർഘകാലാടിസ്ഥാനത്തിൽ സൈബർലോകത്തിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.