ഭോപ്പാൽ:മധ്യപ്രദേശിലെ ഛിന്ദ്വാര ജില്ലാ ആശുപത്രിയിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ ഒരു കുഞ്ഞ് മരിച്ചു.
രണ്ടു കുഞ്ഞുങ്ങൾക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇന്നലെ പുലർച്ചെ 1.50ഓടെയായിരുന്നു സംഭവം.
എൻഐസിയുവിൽ കുഞ്ഞുങ്ങൾക്ക് ചൂട് നൽകാൻ ഉപയോഗിക്കുന്ന ‘റേഡിയന്റ് വാമർ’ മെഷീനിലെ ഫിലമെന്റ് കോയിലിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനു കാരണമായത്. സമീപത്തുകൂടി കടന്നുപോകുന്ന ഓക്സിജൻ ട്യൂബിലേക്ക് പടരുകയും തൊട്ടിലിൽ തീ പിടിക്കുകയുമായിരുന്നു.
ഫോം മെത്തയായതിനാൽ നിമിഷങ്ങൾക്കകം തീ പടർന്നുപിടിച്ചു. 15 സെക്കൻഡിനുള്ളിൽ ജീവനക്കാർ കുഞ്ഞുങ്ങളെ പുറത്തെടുത്തുവെങ്കിലും മൂന്ന് കുട്ടികൾക്ക് പൊള്ളലേൽക്കുകയായിരുന്നു.
അപകടസമയത്ത് എൻഐസിയുവിൽ ആകെ 33 കുട്ടികളാണുണ്ടായിരുന്നത്. ഒരേ വാമർ മെഷീനിൽ കിടത്തിയിരുന്ന മൂന്ന് കുട്ടികൾക്കാണ് പരിക്കേറ്റത്. നഴ്സുമാർ ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാരുടെ സമയരോചിതമായ ഇടപെടൽ കാരണം ബാക്കി 30 കുഞ്ഞുങ്ങളെയും സുരക്ഷിതമായി പുറത്തെത്തിക്കാൻ സാധിച്ചു.
ഗുരുതരമായി പൊള്ളലേറ്റ മൂന്ന് കുട്ടികളെയും പ്രാഥമിക ചികിത്സയ്ക്കുശേഷം ജബൽപുരിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. എന്നാൽ ചികിത്സയിലിരിക്കെ ഒരു കുഞ്ഞ് മരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.