തിരുവനന്തപുരം: സംസ്ഥാന പൊലിസ് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന്റെ വാടക കരാർ കാലാവധി അവസാനിച്ചു. ചിപ്സണ്‍ ഏവിയേഷനുമായുള്ള ഹെലികോപ്റ്റർ കാലാവധിയാണ് അവസാനിച്ചത്. പറക്കുന്ന സമയത്തു മാത്രം പണം നൽകി ഉപയോഗിക്കുന്ന തരത്തിൽ പുതിയ ശിപാർശ ചിപ്സണ്‍ ഏവിയേഷൻ സമർപ്പിച്ചിട്ടുണ്ട്.
ഹെലികോപ്റ്റർ ഒരു മണിക്കൂർ പറക്കുന്നതിന് നാലു ലക്ഷം രൂപ നൽകണമെന്ന പുതിയ ശിപാർശയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്നു മടങ്ങിയെത്തിയ ശേഷം അന്തിമ തീരുമാനം എടുക്കും.
ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ് പൊലിസ് ആദ്യമായി ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്. അന്നത്തെ കരാർ അനുസരിച്ച് പ്രതിമാസം 80 ലക്ഷം രൂപയായിരുന്നു ഹെലികോപ്റ്ററിന്റെ വാടക.
ഹെലികോപ്റ്റർ പറന്നാലും ഇല്ലെങ്കിലും 80 ലക്ഷം രൂപ കന്പനിക്ക് നൽകണം. മാസവാടകയായി നൽകുന്ന 80 ലക്ഷം രൂപയ്ക്ക് പ്രതിമാസം 25 മണിക്കൂർ വരെ ഹെലികോപ്റ്റർ പറത്താൻ അനുവാദമുണ്ടായിരുന്നു. അധികമായി പറക്കുന്ന മണിക്കൂറിന് കൂടുതൽ വാടക നൽകണമായിരുന്നു. ഹെലികോപ്റ്ററിനെതിരേ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ രംഗത്ത് എത്തിയിരുന്നു.
ഇപ്പോൾ കരാർ കാലവധി കഴിഞ്ഞിട്ടും പുതുക്കിയിട്ടില്ല. ഉപയോഗിക്കുന്ന സമയത്തിന് മണിക്കൂറിൽ നാലും ലക്ഷം രൂപ വാടക നൽകുന്ന കരാർ ചിലപ്പോൾ സർക്കാർ അംഗീകരിക്കാൻ സാധ്യതയുണ്ടെന്ന സൂചനയുണ്ട്. സർക്കാരിനും കന്പനിക്കും നഷ്ടമില്ലാത്ത കരാറിന്റെ അടിസ്ഥാനത്തിലാകും ഇത് ഇവിടെ ഉപയോഗിക്കുക.