District News
നെയ്യാറ്റിന്‍കര: എന്‍ഡിഎ സ്ഥാനാര്‍ഥി ചെങ്കല്‍ എസ്. രാജശേഖരന്‍നായര്‍ നെയ്യാറ്റിന്‍കര രൂപത ബിഷപ് ഡോ. ഡി. സെല്വരാജനുമായി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായാണ് സ്ഥാനാര്‍ഥി ബിഷപ്പിനെ നേരില്‍ കാണാനെത്തിയത്. ഇരുവരും വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
ഡോ. അതിയന്നൂര്‍ ശ്രീകുമാര്‍, എസ്.കെ. ജയകുമാര്‍, കൂട്ടപ്പന മഹേഷ് എന്നിവരും സ്ഥാനാര്‍ഥിയോടൊപ്പമുണ്ടായിരുന്നു.
District News
പാറശാല: യുഡിഎഫ് പാറശാല നിയോജകമണ്ഡലം സ്ഥാനാര്‍ഥി നെയ്യാറ്റിന്‍കര സനല്‍ ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എ.കെ. ശശി, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അന് സജിത റസല്‍, ശശിധരന്, കെപിസിസി മെമ്പര്‍ ആര്. വത്സലന്‍, ഡിസിസി ഭാരവാഹികളായ ആയിര സുരേന്ദ്രന്, സോമന്‍കുട്ടി നായര്‍, ബാബുക്കുട്ടന് നായര്‍, അഡ്വ. മഞ്ചവിളാകം ജയന്, കൊറ്റാമം വിനോദ്, പാറശാല സുധാകരന്, വില്‍ഫ്രഡ് രാജ്, വിജയചന്ദ്രന്‍, ഡി.ജി. രത്നകുമാര്‍, ബ്ലോക്ക് പ്രസിഡന്റുമാരായ അഡ്വ ജോണ്‍, അഡ്വ. ഗിരീഷ് കുമാര്‍, യുഡിഎഫ് ചെയര്മാന് കെ. ദസ്തഗിര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ കുമാരി, വൈസ് പ്രസിഡന്റ് അരുണ്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ പവതിയാന്‍വിള സുരേന്ദ്രന്, തോമസ് മംഗലശേരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് താര, ഡിസിസി മെമ്പര്‍മാര്‍, ബ്ലോക്ക് ഭാരവാഹികള്‍, മണ്ഡലം പ്രസിഡന്റുമാര്‍ തുടങ്ങി നേതാക്കന്മാരും പാര്‍ട്ടി പ്രവര്‍ത്തകരും പങ്കെടുത്തു.
District News
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ. ആന്‍സലന്‍ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി.
മൂന്നാം ഊഴത്തിന് നിയോഗിക്കപ്പെട്ട കെ. ആന്‍സലന്‍ റോഡ് ഷോയോടെയാണ് പ്രചാരണത്തിനു തുടക്കം കുറിച്ചത്. പഴയകടയില്നിന്നായിരുന്നു റോഡ് ഷോയുടെ തുടക്കം. നെയ്യാറ്റിന്‍കരയില്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതും എല്‍ഡിഎഫാണ്. മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ ചുമരെഴുത്തും സജീവമായി പുരോഗമിക്കുന്നു.
ആന്‍സലന്‍ ഇന്നലെ നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിലുള്‍പ്പെടുന്ന ചെങ്കല്‍ പഞ്ചായത്തിലെ പ്രധാന പോയിന്റുകളില്‍ സമ്മതിദായകരെ നേരില്‍ക്കണ്ട് വോട്ടഭ്യര്‍ഥിച്ചു. എല്‍ഡിഎഫിന്റെ മേഖലാ കണ്‍വന്‍ഷനുകള്‍ നാളെ ആരംഭിക്കുമെന്ന് സിപിഎം ഏരിയാ സെക്രട്ടറി ടി. ശ്രീകുമാര്‍ അറിയിച്ചു. 24 മേഖലാ കണ്‍വന്‍ഷനുകള്‍ 19 മുതല്‍ 21 വരെ നടക്കും. 23 നാണ് നിയോജക മണ്ഡലം കണ്വന്ഷന്. എല്‍ഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം `ദീപിക`യോട് പറഞ്ഞു.
Kerala
തിരുവനന്തപുരം: സബ്സിഡി ലിസ്റ്റിലുള്ള സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പുവരുത്താത്തതിന് മാവേലി കസ്റ്റോഡിയൻ തസ്തികയിലെ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ. പറക്കോട്, മാവേലിക്കര, നെയ്യാറ്റിൻകര ഡിപ്പോകളിലെ ജീവനക്കാർക്കെതിരെയാണ് സപ്ലൈകോയുടെ നടപടി.
മാവേലിക്കര ഡിപ്പോയിലെ സീനിയർ അസിസ്റ്റന്റ് ആർ. പ്രേംനാഥ്, നെയ്യാറ്റിൻകര ഡിപ്പോയിലെ ജൂനിയർ അസിസ്റ്റന്റ് വിഷ്ണു വി. ദേവ്, പറക്കോട് ഡിപ്പോയിലെ സീനിയർ അസിസ്റ്റന്റ് എ. സനിതകുമാരി എന്നിവർക്കെതിരെയാണ് നടപടി.
ഫെബ്രുവരി മാസത്തെ വിൽപനയ്ക്കായി സബ്സിഡി സാധനങ്ങളുടെ ആവശ്യകത അറിയിക്കാൻ ജനുവരി മാസത്തിൽ ഡിപ്പോകളിൽ അറിയിപ്പ് നൽകിയിരുന്നു. പറക്കോട്, മാവേലിക്കര, നെയ്യാറ്റിൻകര ഡിപ്പോകളിലെ മാവേലി കസ്റ്റോഡിയൻ തസ്തികയിലെ ജീവനക്കാർ വിവിധ സബ്സിഡി സാധനങ്ങൾക്ക് ആവശ്യകതയില്ലെന്നാണ് അറിയിച്ചിരുന്നത്.
എന്നാൽ ഫെബ്രുവരിയിൽ മൂന്ന് ഡിപ്പോകളിലും സാധനങ്ങൾ സ്റ്റോക്ക് ഇല്ലാതെ വരികയും പൊതുജനങ്ങൾക്ക് വിതരണം ചെയ്യാൻ സാധിക്കാത്ത സാഹചര്യമുണ്ടായി. ഇതേ തുടർന്നാണ് മൂന്ന് ജീവനക്കാർക്കെതിരെ നടപടിയെടുത്തത്.
പറക്കോട്, നെയ്യാറ്റിൻകര ഡിപ്പോകളിൽ ചെറുപയർ, മല്ലി , മുളക് തുടങ്ങി അഞ്ച് സബ്സിഡി സാധനങ്ങൾ വീതവും മാവേലിക്കര ഡിപ്പോയിൽ എട്ട് സാധനങ്ങളുമാണ് സ്റ്റോക്ക് ഇല്ലാതെ വന്നത്.
Kerala
നെയ്യാറ്റിൻകര: തിരുവനന്തപുരം നെയ്യാറ്റിൻകര കവളാകുളത്ത് ഒരു വയസുകാരൻ ഇഹാന്റെ മരണത്തിൽ ദുരൂഹതകളൊഴിയുന്നില്ല. കുഞ്ഞിന്റെ മരണം സാധാരണനിലയിലുള്ളതല്ലെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
വയറ്റിലേറ്റ ക്ഷതവും അതുമൂലമുണ്ടായ ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ദുരൂഹത തുടരുന്നതിനാൽ ഇഹാന്റെ മാതാപിതാക്കളെ വീണ്ടും പോലീസ് ചോദ്യം ചെയ്തുവരികയാണ്.
കുട്ടിയുടെ വയറ്റിൽ ആന്തരിക ക്ഷതമേറ്റിട്ടുണ്ട്. ഇത് എങ്ങനെ സംഭവിച്ചു എന്നതിൽ വ്യക്തതയില്ല. ക്ഷതമുണ്ടായതിനെ തുടർന്നുള്ള ആന്തരിക രക്ത സ്രാവമാണ് മരത്തിലേക്ക് നയിച്ചതെന്ന് കണക്കാക്കുന്നു. ഇതുകൂടാതെ കുട്ടിയുടെ കൈയിൽ മൂന്നാഴ്ചയോളം പഴക്കമുള്ള ഒരു പൊട്ടലും കണ്ടെത്തിയിരുന്നു.
എന്നാൽ ഇതേ കുറിച്ച് അറിയില്ലെന്നാണ് മാതാപിതാക്കളുടെ മൊഴി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മാതാപിതാക്കളായ ഷിജിനെയും കൃഷ്ണപ്രിയയെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.
കുഞ്ഞിന്റെ ദേഹത്ത് കണ്ടെത്തിയ പരിക്കുകളെ കുറിച്ച് അറിയില്ലെന്നാണ് മാതാപിതാക്കൾ പോലീസിനോട് ആവർത്തിക്കുന്നത്. ഇരുവരുടെയും മൊഴികൾ പോലീസിനെ സംശയത്തിലാഴ്ത്തുന്നുണ്ട്. വെള്ളിയാഴ്ച രാത്രി പിതാവ് ഷിജിൻ വാങ്ങിക്കൊണ്ടുവന്ന ബിസ്കറ്റ് കഴിച്ചതിന് പിന്നാലെ കുഞ്ഞ് കുഴഞ്ഞുവീഴുകയായിരുന്നു.
ബിസ്കറ്റിന്റെ സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കുഴഞ്ഞുവീണ കുട്ടിയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മൊബൈൽ ഷോപ്പ് ഉടമ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്വദേശി ദിലീപ്(48)ആണ് മരിച്ചത്.
നെയ്യാറ്റിൻകര ടൗണിനോട് ചേർന്നുള്ള റോഡിലെ ഒരു മരത്തിലാണ് ദിലീപിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം.
ദിലീപിന് 25 ലക്ഷത്തിലേറെ രൂപ കടബാധ്യത ഉണ്ടെന്ന് സുഹൃത്തുക്കൾ പറഞ്ഞു. കഴിഞ്ഞ 10 വർഷമായി നെയ്യാറ്റിൻകര ടൗണിൽ മൊബൈൽ ഷോപ്പ് നടത്തുകയായിരുന്നു ദിലീപ്. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
District News
നെയ്യാറ്റിന്‍കര: ക്രിസ്തുദേവന്റെ ജനന തിരുനാള്‍ ആഘോഷിക്കുന്നതിനുളള തിരക്കിലാണ് ക്രൈസ്തവ വിശ്വാസികള്‍. കാരള്‍ സംഘങ്ങള്‍ അവസാനവട്ട തിരുപിറവി സന്ദേശവുമയി വീടുകളിലെത്തുന്ന തിരക്കിലാണ്. പുല്‍ക്കൂടൊരുക്കിയും നക്ഷത്രങ്ങള്‍ തെളിയിച്ചും നാളെ പാതിരാകുര്‍ബാനയുടെ ഒരുക്കങ്ങളിലാണു ദേവാലയങ്ങള്‍.
നെയ്യാറ്റിന്‍കര അമലോത്ഭവ മാതാ കത്തീഡ്രലില്‍ നാളെ രാത്രി 11നു നടത്തുന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്കു ബിഷപ് ഡോ. സെല്വരാജന് നേതൃത്വം നല്‍കും. ഇടവക വികാരി മോണ്‍. അല്‍ഫോണ്‍സ് ലിഗോരി, സഹവികാരി ഫാ. അജിന് എസ്. രാജ് തുടങ്ങിയവര്‍ സഹ കാര്‍മികരാകും.
പാറശാല മലങ്കര കത്തോലിക്കാ രൂപതാ ബിഷപ് തോമസ് മാര്‍ യൗസേബിയൂസ് പിന്‍കുളം സെന്റ് ജോര്‍ജ് പള്ളിയില്‍ നാളെ വൈകുന്നേരം 7.30 ന് നടത്തുന്ന തിരുപ്പിറവി തിരുക്കര്‍മങ്ങള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും.
ചങ്ങനാശേരി അതിരൂപതയ്ക്കു കീഴിലെ അമ്പൂരി സെന്റ് ജോര്‍ജ് ഫൊറോന ദേവാലയത്തില്‍ പാതിരാ കുര്‍ബാനയ്ക്ക് രാത്രി 11.30ന് ഫാ. സോണി കരിവേലി നേതൃത്വം നല്‍കും.
നെയ്യാറ്റിന്‍കര രൂപതയുടെ തീര്‍ഥാടന ദേവാലയങ്ങളായ തൂങ്ങാംപാറ കൊച്ചുത്രേസ്യ ദേവാലയത്തില്‍ ഫാ. ജോയി മത്യസും, ബാലരാമപുരം വിശുദ്ധ സെബസ്ത്യാനോസ് ദേവാലയത്തില്‍ ഫാ. വിക്ടര്‍ എവരിസ്റ്റസും, മേലാരിയോട് വിശുദ്ധ മദര്‍ തെരേസ ദേവാലയത്തില്‍ ഫാ.ജോണ്‍ കെപിയും, വ്ളാത്താങ്കര സവര്ഗാരോപിത മാതാ ദേവാലയത്തില്‍ ഫാ.സി ജോയിയും മുഖ്യകാര്‍മ്മികരാവും.
പാറശാല മലങ്കര രൂപതയുടെ വികാരി ജനറല്‍ മോണ്‍. ജോസ് കോണാത്തുവിള കുഴിഞ്ഞാന്‍വിള സെന്റ് മേരീസ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
Kerala
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവ് അറസ്റ്റിൽ. അച്ഛന്റെ ക്രൂര മർദനത്തെ തുടർന്നാണ് കുട്ടി ജീവനൊടുക്കാൻ ശ്രമിച്ചത്.
കുട്ടിയെയും അമ്മയെയും മർദിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. മദ്യലഹരിയിൽ പിതാവ് പതിവായി മർദിക്കാറുണ്ടെന്ന് കുട്ടി മൊഴി നൽകിയിട്ടുണ്ട്.
ശനിയാഴ്ച രാത്രിയും ഇത്തരത്തിൽ കുട്ടിയെ പിതാവ് മർദിച്ചിരുന്നു. മര്‍ദനം ഭയന്ന് റോഡിലേക്ക് ഓടിയ പെണ്‍കുട്ടിയുടെ പിറകെ അച്ഛനും പാഞ്ഞു. പിന്നീട് തിരികെ വീട്ടിൽ കയറിയ കുട്ടി തറ വൃത്തിയാക്കുന്ന കീടനാശിനി കുടിക്കുകയായിരുന്നു.
അവശനിലയിലായിരുന്ന കുട്ടിയെ ആദ്യം നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് ക്ഷേത്രത്തിനുള്ളിൽ വിൽപനയ്ക്കായി മദ്യം സൂക്ഷിച്ചിരുന്നയാൾ പിടിയിൽ. നെയ്യാറ്റിൻകര പുന്നക്കാട് സ്വദേശി പോറ്റി എന്നറിയപ്പെടുന്ന അർജുനൻ ആണ് എക്സൈസ് പിടിയിലായത്.
കുടുംബക്ഷേത്രത്തിലെ വിഗ്രഹങ്ങൾക്കും ഫോട്ടോകൾക്കുമിടയിലാണ് പ്രതി മദ്യം സൂക്ഷിച്ചിരുന്നത്. തെരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നെയ്യാറ്റിൻകര എക്സൈസ് ഓഫീസിൽ നിന്നും നടത്തിയ പരിശോധനയിലാണ് 30 ലിറ്റർ മദ്യം പിടികൂടിയത്.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വൻതോതിൽ മദ്യം ശേഖരിച്ചിരുന്ന ഇയാൾ ആവശ്യക്കാർക്ക് എത്തിച്ചിരുന്നതായാണ് എക്സൈസ് കണ്ടെത്തൽ.
District News
നെയ്യാറ്റിന്‍കര: സംസ്ഥാനത്തെ തെക്കേ അറ്റത്തെ നഗരസഭയായ നെയ്യാറ്റിന്‍കരയില്‍ പ്രചാരണം ഊര്‍ജിതമായി കഴിഞ്ഞു. പ്രതികൂല കാലാവസ്ഥയുടെ സാന്നിധ്യത്തില്‍ മന്ദഗതിയിലായിരുന്ന ഭവനസന്ദര്‍ശനം അടക്കമുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വര്ധിതവേഗം കൈവരിച്ചിരിക്കുകയാണ്. ഭരണം നിലനിര്‍ത്താന്‍ എല്‍ഡിഎഫും പിടിച്ചെടുക്കാന്‍ യുഡിഎഫും അട്ടിമറിക്കാന്‍ എന്‍ഡിഎയും അരയും തലയും മുറുക്കി രംഗത്തുണ്ട്.
നെയ്യാറ്റിന്‍കര നിവാസികളുടെ ചിരകാലാഭിലാഷമായ പൊതുശ്മശാനം - ശാന്തിയിടം, ജെ.സി. ഡാനിയല്‍ ഓപ്പണ്‍ തിയറ്റര്‍, പെരുന്പഴുതൂര്‍ ജംഗ്ഷന് വികസനത്തിന്റെ ഭാഗമായ ഓപ്പണ്‍ ഓഡിറ്റോറിയം, ഹാപ്പിനെസ് പാര്‍ക്ക്, നൈറ്റ് സ്ട്രീറ്റ്, മൂന്നുകല്ലിന്മൂട് ചെറുപൊതുയിടം, സുഗതസ്മൃതി തണലിടം എന്നിങ്ങനെ സാംസ്കാരികമായ വലിയ ഉദാഹരണങ്ങള്‍ നിരത്തിയാണ് എല്‍ഡിഎഫ് ജനവിധി തേടുന്നത്. ഇടതുമുന്നണിയിലെ സിപിഎം 37 സീറ്റുകളിലും സിപിഎം ഏഴു സീറ്റുകളിലും കേരള കോണ്‍ഗ്രസ് (എം), ജെഡിഎസ് എന്നിവ ഓരോ സീറ്റിലും മത്സരിക്കുന്നു. ഇക്കഴിഞ്ഞ തവണ 15 സിപിഎം, രണ്ട് സിപിഐ, ഒരു കേരള കോണ്‍ഗ്രസ് -എം എന്നിങ്ങനെയായിരുന്നു എല്‍ഡിഎഫ് കക്ഷിനില.
സാംസ്കാരികം മാത്രമല്ല നെയ്യാറ്റിന്‍കര പോലെയുള്ള നഗരസഭയുടെ വികസന പരിപാടികളില്‍ ഉള്പ്പെടെണ്ടതെന്നു യുഡിഎഫ് മറുവാദം ഉയര്‍ത്തുന്നു. വ്യവസായ സംരംഭങ്ങള്‍ പലതും നടപ്പിലാക്കുമെന്ന് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞതൊക്കെ വാഗ്ദാനമായി ഇനിയും വന്നേക്കാമെന്നാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ ആരോപണം. യുഡിഎഫ് മുന്നണിയിലെ കോണ്‍ഗ്രസ് 45 സീറ്റുകളിലും മുസ്ലിം ലീഗ് ഒരു സീറ്റിലും ഇക്കുറി മത്സരിക്കുന്നു. ഇക്കഴിഞ്ഞ തവണ 17 യുഡിഎഫ് കൗണ്‍സിലര്‍മാരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
മുന്‍പ് യുഡിഎഫിനോടൊപ്പമായിരുന്ന കേരള കോണ്‍ഗ്രസ്- എം എല്‍ഡിഎഫ് മുന്നണിയില്‍ ചേര്‍ന്നത് നഗരസഭയില്‍ ഇടതു ഭരണത്തിന് സഹായകമായി. പ്രത്യുപകാരമായി കേരള കോണ്‍ഗ്രസ്- എം പ്രതിനിധിക്ക് എല്‍ഡിഎഫ് നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം നല്കി.
നെയ്യാറ്റിന്‍കര നഗരസഭയില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നതെന്നും ബിജെപി യെ അത്ര മുഖവിലയ്ക്കെടുക്കേണ്ട കാര്യമില്ലെന്നും ഇരുമുന്നണികളുടെയും നേതാക്കള്‍ ആവര്‍ത്തിക്കുന്നുവെങ്കിലും എന്‍ഡിഎ മുന്നണി ശക്തമായി തന്നെ പ്രചാരണ രംഗത്ത് തുടരുന്നു. 2000 ല്‍ ഒരു സീറ്റ് മാത്രമായിരുന്ന ബിജെപിക്ക് ഇക്കഴിഞ്ഞ കൗണ്‍സിലില്‍ ഒന്‍പത് സീറ്റുകളാണ് ലഭിച്ചത്.
നില വീണ്ടും ഇത്തവണ മെച്ചപ്പെടുത്തുമെന്നാണ് എന്‍ഡിഎ നേതാക്കള്‍ അവകാശപ്പെടുന്നത്. നഗരസഭയിലെ 46 വാര്‍ഡുകളിലും മത്സരിക്കുന്ന ഏക രാഷ്ട്രീയ കക്ഷിയും ബിജെപിയാണ്. ആദ്യഘട്ടം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചും പ്രചാരണത്തിന് പല വാര്‍ഡുകളിലും തുടക്കം കുറിച്ചും ബിജെപിയുടെ പ്രചാരണം പുരോഗമിക്കുന്നു. മൂന്നു മുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ ഏറെക്കുറെ രണ്ടു റൗണ്ട് ഭവനസന്ദര്‍ശനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ആദ്യ റൗണ്ട് കഴിഞ്ഞതോടെ തുടക്കത്തിലെ പരിഭ്രമവും ആശങ്കയും ആശയക്കുഴപ്പവുമൊക്കെ മാറിയെന്നാണ് മൂന്നുമുന്നണികളിലെയും പുതുമുഖ സ്ഥാനാര്‍ഥികളുടെ അഭിപ്രായം.
നഗരസഭയില്‍ ആകെയുള്ള 46 വാര്‍ഡുകളിലായി 161 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. രണ്ടു വാര്‍ഡുകളില്‍ എസ് ഡിപിഐ സ്ഥാനാര്‍ഥികളുണ്ട്. ഒന്നാമത്തെ വാര്‍ഡായ ആറാലുംമൂട്ടിലും 46 -ാമത്തെ വാര്‍ഡായ വഴിമുക്കിലുമാണ് എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്. സീറ്റ് ആവശ്യപ്പെട്ട് ലഭിക്കാത്ത 21 വിവിധ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്നണിയിലെ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്ക് വെല്ലുവിളയുയര്ത്തി മത്സരക്കളത്തിലുണ്ട്.
ഇക്കൂട്ടത്തില്‍ മുന്‍ കൗണ്‍സിലര്‍മാരായ നാലു പേരാണുള്ളത്. ഇളവനിക്കര വാര്‍ഡില്‍ പൗരമുന്നണി നേതാവും ചോരച്ചാല് പ്രസിദ്ധീകരണത്തിന്റെ എഡിറ്ററുമായ മാന്പഴക്കര സോമന്, ചായ്ക്കോട്ടുകോണത്ത് എന്‍. നിര്മലാഭായി, അതിയന്നൂരില്‍ കെ. അനിത എന്നിവര്‍ മുന്‍പ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായിരുന്നു. ഇക്കഴിഞ്ഞ ഭരണസമിതിയില്‍ കവളാകുളത്ത് നിന്നും കൗണ്‍സിലിലെത്തിയ സിപിഎം പ്രതിനിധി ഡി. സൗമ്യ സ്വതന്ത്രയായി സമീപവാര്‍ഡായ അത്താഴമംഗലത്ത് മത്സരിക്കുന്നു. 2010 - ല്‍ അത്താഴമംഗലം കൗണ്‍സിലറായിരുന്നു സൗമ്യ.
സൂക്ഷ്മ പരിശോധനയും പത്രിക പിന്‍വലിക്കലുമൊക്കെ പൂര്‍ത്തിയാകുന്പോള്‍ മുന്നണിയിലെ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്ക് ആശങ്കയുണര്‍ത്തുന്ന വിധത്തിലുള്ള വിമത സാന്നിധ്യം ചര്‍ച്ചയിലൂടെയും അനുനയത്തിലൂടെയും പരിഹരിക്കുമെന്ന് നേതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ ചര്‍ച്ച നടന്നെങ്കിലും സ്വതന്ത്രര്‍ മത്സരിക്കാന്‍ തീരുമാനിച്ചു എന്നതിന്റെ തെളിവാണ് അവരുടെ സ്ഥാനാര്‍ഥിത്വം. പലരും പോസ്റ്ററുകളും ഫ്ലക്സുകളുമൊക്കെ തയാറാക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പരിചിതമായതിനാല്‍ പ്രചാരണത്തിലും അവര്‍ സജീവമാണ്.
District News
നെയ്യാറ്റിന്‍കര : അതിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വൈസ് പ്രസിഡന്റ് അടക്കം ഏഴ് മുന്‍ തദ്ദേശഭരണ ജനപ്രതിനിധികള്‍ യുഡിഎഫ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചു. സ്ഥാനാര്‍ഥികള്‍ പലയിടത്തും പ്രചാരണം ആരംഭിച്ചെങ്കിലും ഔദ്യോഗിക പട്ടിക ഇപ്പോഴും അപൂര്‍ണ്ണം. അതിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വൈസ് പ്രസിഡന്റും മഹിളാ കോണ്‍ഗ്രസ് നേതാവുമായ അഡ്വ. കെ. അനിത ഇത്തവണ നഗരസഭയിലെ ഊരൂട്ടുകാല വാര്‍ഡിലാണ് മത്സരിക്കുന്നത്.
മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്. അജിത ഫോര്‍ട്ട് വാര്‍ഡിലും കൗണ്‍സിലര്‍മാരായ ഗ്രാമം പ്രവീണ്‍ ഗ്രാമത്തിലും ജെ. ജോജിന്‍ കൊല്ലവംവിളയിലും എന്‍. അജി കളത്തുവിളയിലും മുട്ടക്കാട് സജു മുള്ളറവിളയിലും ജി. ഗോപകുമാര്‍ ആലംപൊറ്റയിലും എ. സലിം ആറാലുംമൂട്ടിലും മത്സരിക്കുന്നു.
മുന്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെ. ജോസ് ഫ്രാങ്ക്ളിന്റെ ഭാര്യ ഷൈലജ ഫ്രാങ്ക്ളിന് മുട്ടക്കാടും മഹിളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ടി.കെ തുഷാര അതിയന്നൂരും നെയ്യാറ്റിന്‍കര ബ്ലോക്ക് ജനറല്‍ സെക്രട്ടറി എന്‍.ആര് രജിതാ ലക്ഷ്മി വടകോടും മത്സരരംഗത്തുണ്ട്. സന്പൂര്ണ്ണ ഔദ്യോഗിക സ്ഥാനാര്‍ഥി പട്ടിക ഉടന്‍ പുറത്തിറക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. വെട്ടുകാട് മാദ്രെ ദേവൂസ് ദേവാലയത്തിലെ തിരുനാള്‍ പ്രമാണിച്ചാണ് അവധി. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല.
തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിലെയും, കാട്ടാക്കട താലൂക്കിലെ പത്ത് വില്ലേജുകളുടെയും പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമായിരിക്കും.
കാട്ടാക്കട താലൂക്കിലെ അമ്പൂരി, വാഴിച്ചല്‍, കള്ളിക്കാട്, ഒറ്റശേഖരമംഗലം, കീഴാറ്റൂര്‍, കുളത്തുമ്മല്‍, മാറനല്ലൂര്‍, മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, വിളപ്പില്‍ എന്നീ വില്ലേജ് പരിധിയിലും അവധി ബാധകമാണ്. എന്നാൽ നേരത്തെ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.
District News
നെയ്യാറ്റിന്‍കര : വിളംബര ജാഥയോടെ നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കമായി. കലോത്സവത്തിന്റെ ഉദ്ഘാടനം അഡ്വ. എം. വിന്‍സെന്റ് എംഎല്‍എ ഇന്ന് നിര്‍വഹിക്കും.
പുല്ലുവിള ലിയോ തേര്ട്ടീന്ത് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന 64-ാമത് സ്കൂൾ കലോത്സവത്തിന്റെ വിളംബര ജാഥയ്ക്ക് നെയ്യാറ്റിന്‍കര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ.സുന്ദർദാസ്, ജനറൽ കൺവീനറും സ്കൂള്‍ പ്രിൻസിപ്പലുമായ. ഉഷ വർക്കി, ജോയിന്റ് കൺവീനറും ഹെഡ്മിസ്ട്രസുമായ പ്രമീള ഫർഗോഡ്, പ്രോഗ്രാം കൺവീനർ ഷിബു അരുവിപ്പുറം, പബ്ളിസിറ്റി കൺവീനർ ബി.വി. രഞ്ചു എന്നിവര്‍ നേതൃത്വം നൽകി. ഇന്നലെ രചനാ മത്സരങ്ങള്‍ നടന്നു.
ഇന്നു രാവിലെ 8.30ന് കരുംകുളം പഞ്ചായത്ത് പ്രസിഡന്റ് ഫ്രീഡ സൈമണിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം അഡ്വ. എം. വിന്‍സെന്റ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. സ്കൂള്‍ മാനേജര്‍ ഫാ. എസ്.ബി ആന്റണി മുഖ്യാതിഥിയാകും. സമാപന സമ്മേളനം ഏഴിന് വൈകുന്നേരം കെ. ആന്‍സലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എല്‍. റാണി അധ്യക്ഷയാകും.
വിദ്യാഭ്യാസ ഉപജില്ലയിലെ 84 സ്കൂളുകളില്‍ നിന്നുള്ള 4308 പ്രതിഭകളാണ് നാലു ദിവസത്തെ മേളയില്‍ 351 ഇനങ്ങളിലായി മാറ്റുരയ്ക്കുന്നത്. പുല്ലുവിള ലിയോ തേര്ട്ടീന്ത് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, സെന്റ് മേരീസ് എല്‍പി സ്കൂള്‍ എന്നിവിടങ്ങളിലെ എട്ടു വേദികളിലായി മത്സരങ്ങള്‍ അരങ്ങേറും.
District News
നെയ്യാറ്റിന്‍കര: സംസ്ഥാനത്തെ തെക്കേ അറ്റത്തെ നഗരസഭയായ നെയ്യാറ്റിന്‍കര ഭൗമനഗരസഭയാകുന്നു.നാളെ നഗരസഭ പരിധിയിലെ മലഞ്ചാണിയില്‍ നടക്കുന്ന ശാന്തി ഇടം ഉദ്ഘാടന ചടങ്ങില്‍ മന്ത്രി എം.ബി. രാജേഷ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. നിലവിലുള്ള ഭരണസമിതിയെ സംബന്ധിച്ചിടത്തോളം കാലാവധി പൂര്‍ത്തിയാകുന്നതിനു മുന്‍പ് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റിന് അര്‍ഹത നേടിയെന്നതും അഭിമാനകരം.
നഗരസഭ ചെയര്മാന് പി.കെ. രാജമോഹനന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായി മാലിന്യമുക്ത നഗരസഭ, അതിദാരിദ്യമുക്ത നഗരസഭ മുതലായ വിശേഷണങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചു. ഈ നേട്ടങ്ങള്‍ക്ക് കൂടുതല്‍ ശോഭ പകരുന്നതാണ് ഭൗമനഗരസഭ പ്രഖ്യാപനവും ഐഎസ്ഒ സര്‍ട്ടിഫിക്കേഷനും. നഗരസഭ ഓഫീസിന്റെ പ്രവര്‍ത്തനങ്ങളെ ഒന്‍പത് ഘട്ടങ്ങളായി വിലയിരുത്തിയാണ് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.
District News
നെയ്യാറ്റിൻകര : നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. കലോത്സവത്തിന്റെ ലോഗോ പ്രകാശനം തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോ നിര്‍വഹിച്ചു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എ. സുന്ദര്‍ദാസ്, പുല്ലുവിള ലിയോ തേര്ട്ടീന്ത് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ലോക്കല്‍ മാനേജര്‍ ഫാ. എസ്.ബി.ആന്റണി, പബ്ലിസിറ്റി കണ്‍വീനര്‍ രഞ്ജു, എച്ച് എം ഫോറം സെക്രട്ടറി ഷിബു ലോറൻസ്, ജോജി എന്നിവര്‍ സംബന്ധിച്ചു.
രജിസ്ട്രേഷന് 28 ന് പൂര്‍ത്തിയാകും. നവംബര്‍ നാലു മുതല്‍ ഏഴ് വരെ പുല്ലുവിള ലിയോ തേര്ട്ടീന്ത് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, സെന്റ് മേരീസ് എല്‍പി സ്കൂള്‍ എന്നിവിടങ്ങളിലായാണ് കലോത്സവം.
District News
നെയ്യാറ്റിൻകര:നെയ്യാറ്റിന്‍കര നഗരസഭ സംഘടിപ്പിച്ച വികസനസദസ് ശ്രദ്ധേയമായി. ചടങ്ങില്‍ നെയ്യാറ്റിന്‍കര അതിദാരിദ്ര്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചു. നഗരസഭ മുൻസിപ്പൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച വികസന സദസ് കെ.ആൻസലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർമാൻ പി.കെ.രാജമോഹനൻ വികസനരേഖ അവതരിപ്പിച്ചു.യോഗത്തിൽ നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.കെ ഷിബു, എൻ.കെ അനിതകുമാരി, ഡോ. എം.എ സാദത്ത്, കൗൺസിലർമാരായ അലിഫാത്തിമ, എസ്. പ്രസന്നകുമാർ, ഡി. സൗമ്യ എന്നിവർ പ്രസംഗിച്ചു. ഓപ്പൺ ഫോറത്തിൽ വികസനരേഖയുടെ ചർച്ചയും മറുപടിയും നടന്നു.
നഗരസഭയ്ക്ക് കഴിഞ്ഞ അഞ്ചു വർഷക്കാലയളവിൽ രണ്ടു വർഷം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശേഷം മൂന്നുവർഷം മാത്രമാണ് വികസന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാൻ സാധിച്ചതെന്ന് ചെയര്മാന് പി.കെ രാജമോഹനന് പറഞ്ഞു.
നഗരവാസികളുടെ ചിരകാല സ്വപ്നം ശാന്തി ഇടം പൊതുശ്മശാനം, ജെ.സി. ഡാനിയേൽ ഓപ്പൺ തിയറ്റർ, പെരുമ്പഴുതൂരിലെ ഓപ്പൺ ഓഡിറ്റോറിയവും വയോജന പാർക്കും, അമരവിള പഴയ പാലത്തിന് സമീപം നൈറ്റ് സ്ട്രീറ്റ്, മൂന്നുകല്ലിൻമൂട്ടിൽ ചെറുപൊതുയിടം, ഹാപ്പിനസ് പാർക്ക് എന്നീ പദ്ധതികളെല്ലാം പൂർത്തീകരിക്കുമെന്നും പെരുമ്പഴുതൂർ മാർക്കറ്റ് കോംപ്ലക്സ്, നെയ്യാർ ബ്യൂട്ടിഫിക്കേഷൻ എന്നീ പദ്ധതികൾ നിർമാണം ആരംഭിക്കുമെന്നും നഗരസഭ ചെയർമാൻ കൂട്ടിച്ചേര്‍ത്തു.
District News
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയില്‍ മൂന്ന് വൈദികരെ ബിഷപ് ഡോ. ഡി. സെല്വരാജന് മോണ്‍സിഞ്ഞോർ പദവിയിലേക്ക് ഉയര്‍ത്തി.നെയ്യാറ്റിൻകര മൈനർ സെമിനാരി റെക്ടറായിരുന്ന റവ.ഡോ.ക്രിസ്തുദാസ് തോംസണ്‍, രൂപതയുടെ ചാന്‍സിലറായിരുന്ന റവ. ഡോ. ജോസ് റാഫേല്‍, വിദ്യാഭ്യാസ ശുശ്രൂഷാ സമിതി ഡയറക്ടറായിരുന്ന റവ. ഡോ.ജോണി കെ. ലോറന്‍സ് എന്നിവരാണ് പുതിയ മോണ്‍സിഞ്ഞോര്‍മാര്‍.
മോണ്‍സിഞ്ഞോര്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട രൂപതയുടെ മൈനർ സെമിനാരി റെക്ടറായിരുന്ന റവ. ഡോ.ക്രിസ്തുദാസ് തോംസണ്‍ രൂപതയുടെ പുതിയ വികാരി ജനറലാവും. ചെട്ടിക്കുന്ന് തിരുഹൃദയ ദേവാലയാംഗവുമാണ് അദ്ദേഹം. നെടുമങ്ങാട് റീജിയന് കോ-ഓഡിനേറ്ററായിരുന്ന വിതുര ഡിവൈൻ പ്രൊവിഡൻസ് ദേവാലയാംഗമായ മോണ്‍. റൂഫസ് പയസ് ലിന് ആണ് പുതിയ ശുശ്രൂഷ കോ- ഓഡിനേറ്റര്‍.
പാലപ്പൂർ വിശുദ്ധ കുരിശിന്റെ ദേവാലയാംഗമായ റവ.ഡോ.ജോണി കെ. ലോറന്‍സിനെയാണ് രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കോർപ്പറേറ്റ് സ്കൂളുകളുടെയും മാനേജര്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. രൂപതയുടെ ചാന്‍സിലറായിരുന്ന വിശുദ്ധ ഫ്രാൻസിസ് സേവ്യർ ദേവാലയാംഗമായ റവ. ഡോ.ജോസ് റാഫേലാണ് പുതിയ ജൂഡിഷ്യല്‍ വികാറും നെടുമങ്ങാട് റീജന്‍-കോ ഓഡിനേറ്ററും. രൂപതയുടെ പുതിയ ചാന്‍സിലറായി ഫാ. അനുരാജ് നിയമിതനായി. ഡോ.അലോഷ്യസ് സത്യനേശനാണ് പുതിയ സെമിനാരി റെക്ടര്‍.
District News
നെയ്യാറ്റിൻകര : നഗരസഭ പരിധിയിലെ 22 പൊതു റോഡുകൾക്കായി മൂന്നുകോടി രൂപ പ്ലാൻ ഫണ്ടിൽ വകയിരുത്തി. രണ്ടു മാസങ്ങള്‍ക്കകം റോഡുകളുടെ നവീകരണം പൂർത്തീകരിക്കുമെന്നു നഗരസഭ ചെയർമാൻ പി.കെ. രാജമോഹനൻ അറിയിച്ചു.
ഇളവനിക്കര വാർഡിലെ ഈരാറ്റിൻപുറം- കുളമാംകുഴി റോഡ്, മാമ്പഴക്കര, മുട്ടയ്ക്കാട് വാർഡുകൾ ബന്ധിപ്പിക്കുന്ന മേലെകോണം കരിപ്രകോണം റോഡ്, അമരവിള ഓട് കമ്പനി -വ്ളാങ്ങാമുറി റോഡ്, രാമേശ്വരം, കൃഷ്ണപുരം വാർഡുകൾ ബന്ധിപ്പിച്ചുകൊണ്ടുള്ള മൊഴിമാംതോട്ടം- തോട്ടവാരം റോഡ്, തൊഴുക്കൽ,
വഴുതൂർ വാർഡുകൾ ബന്ധിപ്പിക്കുന്ന വഴുതൂർ- ജയിൽ- ഇലങ്കം റോഡ്, കൂട്ടപ്പന വാർഡിലെ നെയ്യാറ്റിൻകര ജെബിഎസ് റോഡ്, ആറാലുംമൂട്, പുത്തനമ്പലം വാർഡുകൾ ബന്ധിപ്പിച്ചുകൊണ്ടുള്ള പൂജാനഗർ റോഡ്, മുള്ളറവിള, മുട്ടയ്ക്കാട് വാർഡുകൾ ബന്ധിപ്പിക്കുന്ന കുഞ്ചുകുളങ്ങര- പഴവിള - ഭഗവതിപുരം- അരുവിപ്പുറം കുരിശടിമുക്ക് റോഡ്, കവളാകുളം, അത്താഴമംഗലം വാർഡുകൾ ബന്ധിപ്പിക്കുന്ന എസ്. എസ് സ്റ്റോഴ്സ് -രഞ്ജിനി ക്ലബ്ബ് റോഡ്, വിശ്വഭാരതി -പാലക്കടവ് റോഡ്, ഫോർട്ട് വാർഡിൽ കണ്ടൽ റോഡ്,
മൂന്നുകല്ലിൻമൂട് വാർഡിൽ വേട്ടക്കുളം -പനയത്തേരിറോഡ്, ഉള്ളിരിപ്പുവിള റോഡ്, ദുർഗാദേവി ക്ഷേത്രം റോഡ്, ചുണ്ടവിള വാർഡിൽ ഓലത്താന്നി -നുള്ളിയോട് -പേഴുവിള - ഈന്തിവിള റോഡ്, ഇളവനിക്കര, മുട്ടയ്ക്കാട് വാർഡുകൾ ബന്ധിപ്പിച്ചു കൊണ്ടുള്ള കരിപ്രകോണം -ചെങ്കല്ലൂർ റോഡ്,
കുളത്താമൽ വാർഡിൽ നെടിയകാല -ചെമ്മണ്ണുവിള റോഡ്, നാരായണപുരം വാർഡിൽ തട്ടാരക്കുളം റോഡ്, കണ്ണംകുഴി -ചെമ്മണ്ണുവിള റോഡ്, അമരവിള വാർഡിൽ അമരവിള -തൃക്കണ്ണാപുരം റോഡ്, പുത്തനമ്പലം വാർഡിൽ പകൽവീട് - മൂലച്ചൽകോണം റോഡ്, ഊരുട്ടുകാല വാർഡിൽ പനയറത്തല -കോണത്ത് റോഡ് എന്നീ 19 പ്രധാന റോഡുകളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു.
അത്താഴമംഗലം വാർഡിൽ പനങ്ങാട്ടുകരി - ഐക്കരവിള അങ്കണവാടി റോഡ്, ടൗൺ വാർഡിൽ ടൗൺഹാൾ -ആനക്കാൽവിള റോഡ്, ഇരുമ്പിൽ, തവരവിള വാർഡുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള തവരവിള രാമേശ്വരം എന്നീ മൂന്നു റോഡുകൾ ടെൻഡർ നടപടികൾ പുരോഗമിക്കുന്നു.