കാൻബറ: ലഹരിമരുന്ന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയൻ ടെന്നീസ് താരം നിക് കിർഗിയോസിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് വെട്ടിച്ചുരുക്കി. താരത്തിന് നേരത്തെ ഏർപ്പെടുത്തിയിരുന്ന മൂന്നുമാസത്തെ വിലക്ക് ഒരു മാസമായി കുറച്ചെന്ന് ഇന്റർനാഷണൽ ടെന്നീസ് ഇന്റഗ്രിറ്റി ഏജൻസി വ്യക്തമാക്കി.
ഇതോടെ കിർഗിയോസിന് വീണ്ടും മത്സരരംഗത്തേക്ക് തിരിച്ചെത്താനാകും. കഴിഞ്ഞ ജൂണിൽ മയ്യോർക്കയിൽ നടന്ന എടിപി 250 ടൂർണമെന്റിനിടെ നടത്തിയ പരിശോധനയിലാണ് താരത്തിന്റെ ശരീരത്തിൽ കൊക്കെയിൻ മെറ്റബോലൈറ്റായ ബെൻസോയ്ക്ഗോണിൻ കണ്ടെത്തിയത്. തുടർന്ന് ഓഗസ്റ്റ് നാല് മുതൽ താരത്തിന് താത്കാലിക വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.
മത്സരങ്ങൾക്ക് പുറത്തുള്ള സമയത്താണ് താരം ലഹരിമരുന്ന് ഉപയോഗിച്ചതെന്ന് ഐടിഐഎ സ്ഥിരീകരിച്ചിരുന്നു. സാധാരണയായി ഇത്തരം ലഹരിമരുന്ന് നിയമലംഘനങ്ങൾ ലഭിക്കാറുള്ള മൂന്ന് മാസത്തെ വിലക്കാണ് ഇളവ് ചെയ്തത്. ഐടിഐഎ അംഗീകരിച്ച ഔദ്യോഗിക ചികിത്സാ പരിപാടിയിൽ പങ്കെടുക്കാൻ താരം സന്നദ്ധനായതിനെ തുടർന്നാണ് ശിക്ഷാ കാലാവധി ഒരു മാസമായി വെട്ടിക്കുറച്ചത്.