നിലന്പൂർ: മൈസൂരു സ്വദേശി പാരന്പര്യ സിദ്ധവൈദ്യൻ ഷാബാ ഷെരീഫ് കൊലപാതക കേസിലെ മൂന്നാം പ്രതിയുമായി നിലന്പൂർ പോലീസിന്റെ തെളിവെടുപ്പ്. നെടുമുണ്ടക്കുന്ന് സ്വദേശി കുന്നേക്കാട് ഷമീം (പൊരി ഷമീം) മിനെയാണ് നിലന്പൂർ സിഐ ബിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തെളിവെടുപ്പിന് എത്തിച്ചത്.
അബുദാബിയിലെ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അറസ്റ്റ് ചെയ്ത് എറണാകുളം ജില്ലാ ജയിലിൽ കഴിയുകയായിരുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയാണ് നിലന്പൂർ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പിന് എത്തിച്ചത്.
ഒളിവിൽ കിഴയുന്നതിനിടെ ചെന്നൈയിൽവച്ചാണ് സിബിഐ സംഘം ഷമീമിനെ അറസ്റ്റ് ചെയ്തത്. അബുദാബിയിൽ ബിസിനസ് കണ്‍സൾട്ടന്റായിരുന്ന കോഴിക്കോട് സ്വദേശി തത്തമ്മപ്പറന്പിൽ ഹാരിസ്, ഹാരിസിന്റെ മാനേജരായിരുന്ന ഡെൻസി ആന്റണി എന്നിവരെ അബുദാബിയിൽ 2020ൽ കൊലപ്പെടുത്തിയ കേസിലാണ് ഷമീമിനെ സിബിഐ അറസ്റ്റ് ചെയ്തത്. ഷമീം ഉൾപ്പെടെ ഏഴ് പ്രതികളാണ് കേസിലുള്ളത്.
മൈസൂരൂവിലെ നാട്ടുവൈദ്യൻ ഷാബാ ഷെരീഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതിയായിരുന്ന നിലന്പൂർ സ്വദേശി ഷൈബിൻ അഷ്റഫിനെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് കേസിൽ പ്രതിയായിരുന്ന ഷമീം കൂട്ടുപ്രതികളോടൊപ്പം ഒളിവിൽ പോയത്.
മറ്റു പ്രതികളെ പോലീസ് എറണാകുളത്തുവച്ച് പിടികൂടിയെങ്കിലും ഷമീമും മറ്റൊരു പ്രതി ഫാസിലും എറണാകുളത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. ഒളിവിൽ കഴിയുന്നതിനിടെ കിഡ്നി സംബന്ധമായ രോഗത്തെത്തുടർന്ന് ഫാസിൽ ഗോവയിൽ മരിച്ചു. ഷമീം വീണ്ടും ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.