മുംബൈ: മഹാരാഷ്ട്രയിൽ കോളിളക്കം സൃഷ്ടിച്ച പവൻരാജെ നിംബാൽക്കർ വധക്കേസിൽ മുൻ ആഭ്യന്തരമന്ത്രി പദംസിംഗ് പാട്ടിൽ ഉൾപ്പെടെ എട്ട് പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. ഉപമുഖ്യമന്ത്രി സുനേത്ര പവാറിന്റെ സഹോദരനാണ് മുൻ എംപികൂടിയായ പദംസിംഗ്, കൊല്ലപ്പെട്ട പവൻരാജെ നിംബാൽക്കറിന്റെ അർധസഹോദരനും.
രാഷ്ട്രീയവും ബിസിനസും ഇഴചേർന്നുകിടക്കുന്ന കേസിൽ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഇരുപതുവർഷം നീണ്ട വിചാരണയ്ക്കുശേഷം മുംബൈയിലെ പ്രത്യേക കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയത്. 2006 ജൂണ്‍ മൂന്നിനായിരുന്നു കൊലപാതകം.
മുംബൈയില്‍ നിന്ന് ഇപ്പോള്‍ ധാരാശിവ് എന്നറിയപ്പെടുന്ന ഉസ്മാനാബാദിലേക്ക് കാറില്‍ യാത്ര ചെയ്യുകയായിരുന്ന 41കാരനായ നിംബാല്‍ക്കറിനെയും ഡ്രൈവർ സമദ് ഖാസിനെയും നവി മുംബൈയിലെ കലാംബോളി മേഖലയില്‍വച്ച് ഒരുസംഘം വെടിവച്ചുകൊലപ്പെടുത്തുകയായിരുന്നു. നിംബാല്‍ക്കറെ വധിക്കാന്‍ 30 ലക്ഷം രൂപയുടെ കരാര്‍ ഏറ്റെടുത്ത പരാസ്മല്‍ ജെയിന് എന്നയാളെ അറസ്റ്റ് ചെയ്തതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.
ഇയാളെ പിന്നീട് പോലീസ് മാപ്പുസാക്ഷിയാക്കി. നവി മുംബൈ പോലീസിന്റെ അന്വേഷണത്തില്‍ അതൃപ്തരായിരുന്ന നിംബാല്‍ക്കറുടെ കുടുംബം ബോംബെ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് കേസ് സിബിഐക്കു കൈമാറുകയായിരുന്നു. തുടർന്നാണ് 2009 ല്‍ പദംസിംഗ് പാട്ടീലിനെ മുഖ്യപ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചത്. രാഷ്ട്രീയവൈരാഗ്യവും തര്ണ ഷുഗര്‍ എന്ന വ്യവസായ സ്ഥാപനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട തര്‍ക്കവുമാണ് കൊലപാതകത്തിനു കാരണമായത്.
വിചാരണയുടെ ആദ്യഘട്ടങ്ങളില്‍ സാമൂഹിക പ്രവര്ത്തകന് അണ്ണാ ഹസാരെ ഉള്‍പ്പെടെ 128 സാക്ഷികളെ കോടതി വിസ്തരിച്ചു. അണ്ണാ ഹസാരെയെ വധിക്കാന്‍ പാട്ടീല്‍ ക്വട്ടേഷന്‍ നല്‍കിയെന്ന പാരസ്മല് ജെയിന്റെ വെളിപ്പെടുത്തല്‍ ഏറെ ചര്‍ച്ചയായിരുന്നു.
അതേസമയം കോടതിയുടെ വിധിയില്‍ തൃപ്തരല്ലെന്നും പ്രതികള്‍ക്കെതിരേ ശക്തമായ തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ടെന്നും സിബിഐ പറഞ്ഞു. ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും അന്വേഷണസംഘം അറിയിച്ചു.
വിധിക്കെതിരേ മുംബൈ ഹൈക്കോടതിയെ സമീപിക്കുമെന്നും താനും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും പ്രശ്നം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു.
ഹൈക്കോടതിയെ സമീപിക്കുമെന്ന് നിംബാൽക്കറിന്റെ മകനും ശിവസേന ഉദ്ദവ് വിഭാഗം വിമത എംപിയുമായ ഓംപ്രകാശ് രാജെ നിംബാൽക്കറും വ്യക്തമാക്കി.