ചേര്‍ത്തല: യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ റോഡരികില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തുകയും പിന്നീടു ചികിത്സയ്ക്കിടെ മരിക്കുകയും ചെയ്ത സംഭവത്തിനു പിന്നില്‍ വാഹനാപകടമെന്ന് കണ്ടെത്തല്‍.
ചേര്‍ത്തല അരൂക്കുറ്റി റോഡില്‍ പള്ളിപ്പുറം മലബാര്‍ സിമിന്റ് ഫാക്ടറിക്ക് സമീപം ഓഗസ്റ്റ് 26നു രാവിലെയാണ് ചേര്‍ത്തല ചക്കരക്കുളം വള്ളപ്പുരയ്ക്കല്‍ വീട്ടില്‍ പ്രണവിനെ (32) ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്.
ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന യുവാവിനു പരിക്കേല്‍ക്കാന്‍ ഇടയായത് അക്രമത്തെ തുടര്‍ന്നെന്നായിരുന്നു നിഗമനം. ഇതേ തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാര്‍ ഇടിച്ചാണ് പരിക്കേറ്റതെന്നു കണ്ടെത്തിയത്.
അപകടത്തിനിടയാക്കിയ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കാറോടിച്ചിരുന്ന മണ്ണഞ്ചേരി അനുരാഗ് ഹൗസില്‍ നിതിനെ (35) പോലീസ് അറസ്റ്റുചെയ്തു.
പരിക്കേറ്റ യുവാവിനെ ചേര്‍ത്തല പോലീസാണ് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചത്. തലയ്ക്കു പിന്നില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിയെങ്കിലും ഓര്മ നഷ്ടപ്പെട്ടതിനാല്‍ എന്ത് സംഭവിച്ചുവെന്ന് അറിയാല്‍ കഴിഞ്ഞില്ല. ചികിത്സയിലിരിക്കേ കഴിഞ്ഞ മാസം 27നാണ് പ്രവീണ്‍ മരിച്ചത്.
അസ്വാഭാവിക മരണത്തിന് കേസ് റജിസ്റ്റര്‍ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് പോലീസ് യാഥാര്‍ഥ കാരണം കണ്ടെത്തിയത്. രാത്രി സുഹൃത്തുക്കളുമൊത്ത് മദ്യപിച്ച ശേഷം റോഡരികിലൂടെ നടന്നു പോകുന്നതിനിടെ കാര്‍ ഇടിക്കുകയായിരുന്നുവെന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
ചേര്‍ത്തല അരൂക്കുറ്റി റോഡിലെ സ്വകാര്യ സ്ഥാപനങ്ങളിലെയും വീടുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു കുമ്പളം ടോള്‍ വഴി പള്ളിപ്പുറം ചേര്‍ത്തല, ആലപ്പുഴ ഭാഗത്തേക്ക് പോയ കാറാണ് ഇടിച്ചതെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഓടിച്ചിരുന്നയാളെ പിടികൂടിയത്.
അപകടത്തിനുശേഷം കാറിന്റെ തകരാറുകള്‍ പരിഹരിക്കാന്‍ ഷോറൂമില്‍ സര്‍വീസിനായി വാഹനം നല്‍കിയിരുന്നു. ചേര്‍ത്തല ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ ചേര്‍ത്തല സ്റ്റേഷന് ഓഫീസര്‍ ലൈസാദ് മുഹമ്മദ്, എസ്ഐ ജയേഷ് ചന്ദ്രന്, സീനിയര്‍ സിപിഒമാരായ സതീഷ്, സുധീഷ്, അരുണ്‍ എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്.