മുംബൈ: ലോകമെന്പാടുമുള്ള വളർന്നുവരുന്ന സന്പദ്വ്യവസ്ഥകളിലേക്ക് കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം എങ്ങനെ വിന്യസിക്കണമെന്ന് തീരുമാനിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ’എംഎസ സിഐ എമർജിംഗ് മാർക്കറ്റ്സ് സൂചിക’യിലെ ആദ്യ 10 സ്ഥാനങ്ങളിൽ, കുറഞ്ഞത് 2000-മാണ്ടിന് ശേഷമുള്ള ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യൻ കന്പനി പോലും ഇടംപിടിക്കാതെ പോയിരിക്കുന്നു.
സൂചികയിലെ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ട് കന്പനികളായ എച്ച്ഡിഎഫ്സി ബാങ്കും റിലയൻസ് ഇൻഡസ്ട്രീസും കഴിഞ്ഞ മാർച്ചിൽ യഥാക്രമം 7, 8 സ്ഥാനങ്ങളിലായിരുന്നത് സമീപ മാസങ്ങളിൽ 11, 12 സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ടു.
സൂചികയിൽ ഇവയുടെ വ്യക്തിഗത വിഹിതം 0.8 ശതമാനത്തിൽ താഴെയായി കുറയുകയും ചെയ്തു. ഇതോടെ സൂചികയിലെ ഇന്ത്യയുടെ ആകെ വിഹിതം 10.87 ശതമാനമായി കുറഞ്ഞു. ഇത് കഴിഞ്ഞ ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്.
ചൈനയെ മറികടന്ന് ഇതിന്റെ തന്നെ മറ്റൊരു സൂചികയായ ‘എംഎസ് സിഐ ഇഎം ഇൻവെസ്റ്റബിൾ മാർക്കറ്റ് സൂചിക’യിൽ ഇന്ത്യ ഒന്നാമതെത്തിയ 2024-ലെ റിക്കാർഡ് നിരക്കിന്റെ പകുതിയോളം മാത്രമാണ് ഇപ്പോഴത്തെ വിഹിതം. എന്നാൽ, പിന്നീട് ചൈന ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്തിരുന്നു.
ആഗോള മൂലധന വിപണിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സാങ്കേതികവിദ്യാ ഓഹരികൾ എന്നിവയിലേക്ക് നിക്ഷേപകർ വൻതോതിൽ മാറിയതാണ് ഇതിന് പ്രധാന കാരണം.