കോല്‍ക്കത്ത: പശ്ചിമബംഗാളില്‍ എസ്ഐആര്‍ കുരുക്കില്‍പ്പെട്ട് നവജാത ശിശുവിന് ജനനസര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതില്‍ പ്രതിഷേധം. പ്രശ്നത്തില്‍ സംയുക്ത പ്രക്ഷോഭത്തിന് തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും സിപിഎമ്മും സിപിഐയും ഉള്‍പ്പടെ പ്രതിപക്ഷകക്ഷികള്‍ തീരുമാനിച്ചിരിക്കുകയാണ്.
വോട്ടര്‍പട്ടിക തീവ്രപരിഷ്കരണത്തില്‍ (എസ്ഐആര്‍) നവജാത ശിശുവിന്റെ അച്ഛന്റെ പേര് വോട്ടര്‍പട്ടികയില്‍നിന്നു നീക്കംചെയ്തതാണ് പ്രശ്നങ്ങൾക്കു തുടക്കം. ഇതോടെ അധികൃതർ ജനനസര്‍ട്ടിഫിക്കറ്റ് നിഷേധിക്കുകയായിരുന്നു.
അതേസമയം കുഞ്ഞിന്റെ മാതാപിതാക്കളുടെ പേരിൽ ജനനസര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ട്. 2022 ലെ വോട്ടേഴ്സ് ലിസ്റ്റില്‍ കുട്ടിയുടെ അച്ഛന്റെ പേരുമുണ്ട്. എന്നിട്ടും ജനനസര്‍ട്ടിഫിക്കറ്റ് നല്കാന് അധികൃതര്‍ വിസമ്മതിക്കുകയായിരുന്നു. ജനന സര്‍ട്ടിഫിക്കറ്റ് മാത്രമല്ല മറ്റു ക്ഷേമ ആനുകൂല്യങ്ങളും ഇത്തരത്തില്‍ നിഷേധിക്കപ്പെടുമെന്ന് അസോസിയേഷന് ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ് (എപിസിആര്‍)നേതാവ് ഉമര്‍ ഒവൈസി കോല്‍ക്കത്തയില്‍ ആരോപിച്ചു. എസ്ഐആര്‍ നടപടികള്‍ ജനജീവിതത്തെ എങ്ങനെ ബാധിക്കുമെന്നതിന്റെ നേര് ഉദാഹരണമാണിതെന്ന് അദ്ദേഹം പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, കോണ്‍ഗ്രസ് പ്രതിനിധികൾക്കൊപ്പമാണ് അദ്ദേഹം മാധ്യമപ്രവർത്തകരെ കണ്ടത്.
വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടതുള്പ്പടെ ഏകദേശം 37 ലക്ഷം അപ്പീലുകള്‍ ട്രൈബ്യൂണലുകളുടെ പരിഗണനയിലാണെന്ന് തുടർന്ന് നേതാക്കൾ ആരോപിച്ചു.
നേരത്തേ പരിശോധനകള്‍ പൂര്‍ത്തിയാക്കി പേരുകള്‍ നിലനിര്‍ത്തിയ വോട്ടര്‍മാര്‍ക്കെതിരേ സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസർ അപ്പീല്‍ ഫയല്‍ ചെയ്തതും വലിയ തിരിച്ചടിയാണ്. പട്ടികയില്‍നിന്നു നീക്കം ചെയ്യപ്പെട്ട വോട്ടര്‍മാരോട് വിവിധ സര്‍ക്കാര്‍ വകുപ്പുകൾ സ്വീകരിക്കുന്ന സമീപനവും പ്രതിഷേധാർഹമാണ്.