ന്യൂഡൽഹി: രാജ്യത്ത് 15നും 29നും ഇടയിൽ പ്രായമുള്ള 8.7 കോടിയോളം യുവാക്കൾ തൊഴിലോ ഉപരിപഠനമോ നൈപുണ്യ പരിശീലനമോ ഇല്ലാതെ തുടരുന്നതായി നീതി ആയോഗിന്റെ റിപ്പോർട്ട്.
രാജ്യത്തിന്റെ ഭാവി തൊഴിൽശക്തിയെയും സാന്പത്തിക വളർച്ചയെയും ബാധിക്കുന്ന ഗുരുതര പ്രതിസന്ധിയാണിതെന്ന് ‘റീഇമാജിനിംഗ് സ്കില്ലിംഗ് ഫോർ വികസിത് ഭാരത്@2047’ എന്ന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രാദേശിക തൊഴിൽ വിപണിക്കും പുതിയ വ്യവസായങ്ങൾക്കും അനുയോജ്യമായ രീതിയിൽ യുവാക്കൾക്ക് സബ്സിഡി നിരക്കിലുള്ള നൈപുണ്യ പരിശീലന പദ്ധതികൾ അടിയന്തരമായി ലഭ്യമാക്കണമെന്ന് റിപ്പോർട്ട് ശിപാർശ ചെയ്യുന്നു.
വിദ്യാഭ്യാസത്തിനായി വലിയ തുക ചെലവഴിച്ചതിനു ശേഷം വരുമാനമില്ലാത്ത അവസ്ഥ യുവാക്കളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് എത്തിക്കുന്നത്. കോളജ് പഠനച്ചെലവുകൾക്കു പുറമെ അധികമായി പണം നൽകി തൊഴിലധിഷ്ഠിത കോഴ്സുകൾ ചെയ്യാൻ സാധാരണ കുടുംബങ്ങളിലെ യുവാക്കൾക്കു സാധിക്കുന്നില്ല.
ഇതു പരമ്പരാഗത ബിരുദത്തോടൊപ്പം പുതിയ നൈപുണ്യങ്ങൾ നേടുന്നതിൽ വലിയ തടസമാകുന്നു. തന്മൂലം, കുടുംബത്തെ സഹായിക്കാനായി പല ബിരുദധാരികളും തുച്ഛമായ വേതനമുള്ള ജോലികളിൽ പ്രവേശിക്കാൻ നിർബന്ധിതരാകുന്നുണ്ടെന്നും അല്ലെങ്കിൽ തൊഴിൽ കണ്ടെത്താനാകാതെ വഴിമുട്ടുകയാണെന്നും നീതി ആയോഗ് ചൂണ്ടിക്കാട്ടി.
പഠിച്ച വിഷയത്തിനനുയോജ്യമായ തൊഴിൽ ലഭിക്കുന്നതിൽ വലിയ വിടവു നിലനിൽക്കുന്നുണ്ടെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്. ബിരുദം നേടിയവരിൽ കേവലം 8.25 ശതമാനം പേർക്കുമാത്രമാണ് തങ്ങളുടെ യോഗ്യതയ്ക്കു ചേർന്ന തൊഴിൽ ലഭിക്കുന്നത്.
പ്രായോഗിക പരിശീലനത്തിന്റെയും വ്യവസായങ്ങൾക്കാവശ്യമായ നൈപുണ്യങ്ങളുടെയും കുറവാണ് ഈ പ്രതിസന്ധിക്കു കാരണം. ഈ സാഹചര്യത്തിൽ, സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന യുവാക്കൾക്കും വനിതകൾക്കും പരിശീലനത്തോടൊപ്പം വരുമാനം നേടാൻ സഹായിക്കുന്ന പദ്ധതികളും സബ്സിഡി നിരക്കിലുള്ള റീ-സ്കില്ലിംഗ് കോഴ്സുകളും അടിയന്തരമായി നടപ്പാക്കണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു.