തിരുവനന്തപുരം: തൊഴിൽവകുപ്പിനു കീഴിലുള്ള ക്ഷേമനിധി ബോർഡ് ഓഫിസുകളിൽ നടത്തിയ പരിശോധനയിൽ മിക്കയിടങ്ങളിലും രസീതോ കാഷ് ബുക്കുകളോ ഇല്ലെന്നു വിജിലൻസ് പരിശോധനയിൽ കണ്ടെത്തി.
പലയിടങ്ങളിലും പെൻഷൻ കൈപ്പറ്റിയതിനു രേഖകളില്ല. താത്കാലിക ജീവനക്കാരെ മാനദണ്ഡങ്ങൾ പാലിക്കാതെ നിയമിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ക്ഷേമനിധി ബോർഡുകളുടെ കീഴിലുള്ള 78 ഓഫീസുകളിൽ ‘ഓപ്പറേഷൻ വെൽഫയർ ഫണ്ട് ’ എന്ന പേരിൽ കഴിഞ്ഞ വിജിലൻസ് നടത്തിയ മിന്നൽപരിശോധനയിൽ വൻ ക്രമക്കേടുകളാണ് കണ്ടെത്തിയത്.
പല ബോർഡുകളിലും മരിച്ച അംഗങ്ങളുടെ പേരിൽ പെൻഷൻ തുടർന്നും അനുവദിച്ചു. ഈ തുക തിരിച്ചുപിടിക്കാനും നടപടി സ്വീകരിച്ചില്ല. അംഗങ്ങൾക്ക് ധനസഹായം നൽകിയെന്ന് ചിലയിടത്ത് രേഖയുണ്ടെങ്കിലും ഗുണഭോക്താക്കൾക്ക് പണം ലഭിച്ചിട്ടില്ല. ഉദ്യോഗസ്ഥർ തട്ടിയെടുത്തെന്നാണ് അനുമാനം. ചില ബോർഡുകളിൽ അംശാദായം കൃത്യമായി ബാങ്കിൽ അടയ്ക്കുന്നില്ല. രേഖകളിലുള്ള ബാലൻസ് തുക അക്കൗണ്ടിലില്ലെന്നും കണ്ടെത്തി.
വായ്പയടക്കം ബാധ്യതകളുള്ളവർക്കും ചട്ടവിരുദ്ധമായി പെൻഷൻ അനുവദിച്ചു. തൊഴിലുടമയുടെ വിഹിതം പിരിച്ചെടുക്കുന്നില്ല. പെൻഷൻ അനുവദിച്ച് ഉത്തരവില്ലാതെ അംഗങ്ങൾക്ക് പെൻഷൻ അനുവദിച്ചു.
കൊല്ലത്തെ കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോർഡിൽ 154 അംഗങ്ങൾക്ക് പെൻഷൻ നൽകിയതിന് കൈപ്പറ്റ് രസീതില്ല. പത്തനംതിട്ടയിൽ ബോർഡിലെ ഉദ്യോഗസ്ഥയുടെ ബാങ്ക് അക്കൗണ്ടിൽ സംശയാസ്പദമായ രീതിയിൽ 4.46 ലക്ഷം രൂപയുടെ യുപിഐ ഇടപാടുകൾ കണ്ടെത്തി.
ഇടുക്കിയിലെ കേരള കെട്ടിടനിർമാണ തൊഴിലാളി ക്ഷേമനിധിയിൽ മരണശേഷവും പെൻഷൻ തുക വിതരണം ചെയ്തതായി കണ്ടെത്തി. ഇവിടത്തെ മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളി ക്ഷേമനിധിയിലെ രണ്ട് ഉദ്യോഗസ്ഥർ തമ്മിൽ സംശയാസ്പദമായ 1.20 ലക്ഷം രൂപയുടെ യുപിഐ ഇടപാട് നടത്തിയിട്ടുണ്ട്.
എറണാകുളത്ത് കെട്ടിടനിർമാണ തൊഴിലാളി ക്ഷേമനിധിയിൽ മരിച്ചവരുടെ പേരിലും പെൻഷൻ നൽകി. അവിടെയുള്ള 20 ഗുണഭോക്താക്കളെ വിജിലൻസ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ ആറുപേർക്ക് ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തി.
തൃശൂരിലെ ജ്വല്ലറി തൊഴിലാളി ക്ഷേമനിധിയിലും ഗുണഭോക്താക്കൾ മരിച്ചശേഷവും പെൻഷൻ അനുവദിച്ചു. പാലക്കാട്ടെ മോട്ടോർ ട്രാൻസ്പോട്ട് തൊഴിലാളി ക്ഷേമനിധിയിൽ താത്കാലിക ജീവനക്കാർ ജോലിചെയ്യുന്നത് കോഴിക്കോട്ടാണ്. ശന്പളവും ഹാജരും പാലക്കാട്ടും.
മലപ്പുറത്തെ കെട്ടിടനിർമാണ തൊഴിലാളി ക്ഷേമനിധിയിൽ വായ്പാബാധ്യത നിലനിൽക്കെ ചട്ടവിരുദ്ധമായി പെൻഷൻ അനുവദിച്ചു. ഇവിടുത്തെ ചുമട്ടുതൊഴിലാളി ക്ഷേമനിധിയിൽ തൊഴിലുടമകളുടെ വിഹിതമായ 6,76,000 രൂപ പിരിച്ചെടുക്കാതെ തൊഴിലുടമകളെ സഹായിക്കുന്നതായി കണ്ടെത്തി. കോഴിക്കോട് ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധിയിൽ മരിച്ചവർക്കും പെൻഷൻ നൽകി.