വാഷിംഗ്ടൺ ഡിസി: ഇറാനുമായി ചർച്ചകളോ ആശയവിനിമയമോ നടക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കുകയാണെന്നും കടലിടുക്കിൽ സ്ഥാപിക്കപ്പെട്ടിരുന്ന മൈനുകൾ നീക്കംചെയ്യുകയോ നിർവീര്യമാക്കുകയോ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലെ കുറിപ്പിലൂടെയായിരുന്നു ട്രംപിന്റെ അവകാശവാദം.
അതേസമയം, ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ടെന്ന് ട്രംപിന്റെ അനുയായിയായ ജാരദ് കുഷ്നർ നേരത്തെ പറഞ്ഞിരുന്നു. കരാറിലെത്താൻ ഇറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും യുഎസ് മുന്നോട്ടുവയ്ക്കുന്ന നിബന്ധനകൾ അംഗീകരിക്കാൻ അവർ തയാറാകുന്നില്ലെന്നും ഇറാനെ ആണവായുധം നിർമിക്കാൻ അനുവദിക്കില്ലെന്നും കുഷ്നർ പറഞ്ഞിരുന്നു.
അതേസമയം, ജൂൺ മാസത്തിൽ ഒപ്പുവെക്കപ്പെട്ട ഇടക്കാല കരാറിലെ ഇറാന്റെ നിബന്ധനകൾ അമേരിക്ക അംഗീകരിക്കുംവരെ ഹോർമുസ് അടഞ്ഞുകിടക്കുമെന്നാണ് ഇറാന്റെ നിലപാട്. ഇറാൻ തുറമുഖങ്ങൾക്കുമേലുള്ള ഉപരോധം നീക്കുക, ഇറാന്റെ എണ്ണയ്ക്കു മേലുള്ള ഉപരോധം പിൻവലിക്കുക, ഇറാന്റെ ആസ്തികൾ മരവിപ്പിച്ച നടപടി പിൻവലിക്കുക തുടങ്ങിയവയാണ് നിബന്ധനകൾ. ഇവ അംഗീകരിക്കാത്തിടത്തോളം ഹോർമുസ് അടഞ്ഞുകിടിക്കുമെന്ന് ഇറാനുവേണ്ടി മധ്യസ്ഥ ചർച്ചകൾ നടത്തുന്ന ഉന്നതൻ മൊഹമ്മദ് ബാഘർ ഖലിബാഫ് ഇറാന്റെ ഔദ്യോഗിക മാധ്യമത്തിന് നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കി.