തിരുവനന്തപുരം: സ്പീക്കർ തെരഞ്ഞെടുപ്പിൽ ഒരു അംഗത്തിന്റെയും വോട്ട് മാറിയില്ല. ആരുടെയും വോട്ട് അസാധുവായതുമില്ല. വോട്ട് മാറുകയോ അസാധുവാകുകയോ ചെയ്യുമോ എന്ന ആശങ്ക രാഷ്്ട്രീയ നേതൃത്വങ്ങൾക്കുണ്ടായിരുന്നു.
സ്വതന്ത്രന്മാരിലോ ചെറു ഘടകകക്ഷികളിലോ ഉള്ളവർ മാറ്റി ചെയ്യുമോയെന്നായിരുന്നു യുഡിഎഫ് ആശങ്ക. ആർങ്കെങ്കിലും വോട്ടിംഗ് നടപടിക്രമത്തിൽ പാളിച്ചയുണ്ടാകുമോയെന്നായിരുന്നു എൽഡിഎഫിന്റെ ആശങ്ക.
മൂന്നു പുതിയ അംഗങ്ങളുള്ള ബിജെപിക്കും ആശങ്കയുണ്ടായിരുന്നു. എന്നാൽ, പ്രതിസന്ധിയൊന്നുമില്ലാതെ എല്ലാ മുന്നണികളുടെയും പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയായിരുന്നു.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ സീറ്റിൽനിന്നാണ് രാവിലെ ഒൻപതിന് സ്പീക്കറെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പു തുടങ്ങിയത്. പിന്നാലെ പി.കെ. കുഞ്ഞാലിക്കുട്ടി രണ്ടാമനായി വോട്ട് ചെയ്തു. തുടർന്ന് സീറ്റിന്റെ അടിസ്ഥാനത്തിലായിരുന്നു പേര് വിളിച്ചത്.
139 പേരും 36 മിനിറ്റുകൊണ്ട് വോട്ട് രേഖപ്പെടുത്തി. വോട്ടെണ്ണൽ 20 മിനിറ്റുകൊണ്ടു പൂർത്തിയാക്കി ഒരു മണിക്കൂർ കൊണ്ട് ഫലപ്രഖ്യാപനം. പ്രോടെം സ്പീക്കർ സ്ഥാനത്തിരുന്ന ജി. സുധാകരൻ വോട്ട് രേഖപ്പെടുത്തിയില്ല.