ന്യൂഡൽഹി: പാർലമെന്റിൽ ഉയരുന്ന ഏതൊരു വിഷയത്തിലും ചർച്ചയ്ക്കു കേന്ദ്ര സർക്കാർ പൂർണമായും സജ്ജമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
വിദ്യാർഥി പ്രതിഷേധത്തിൽ പോലീസ് നടത്തിയ അതിക്രമത്തിന് അമിത് ഷായ്ക്കെതിരേ പ്രതിപക്ഷ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ ആദ്യമായാണ് പാർലമെന്റിനു പുറത്ത് ആദ്യ പ്രതികരണവുമായി അദ്ദേഹം എത്തുന്നത്.
ചർച്ചയ്ക്ക് തയാറാണെന്ന് ചൂണ്ടിക്കാട്ടി അമിത് ഷാ ലോക്സഭാ സ്പീക്കർക്ക് ഇന്നലെ കത്ത് കൈമാറി. മൺസൂൺ സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഷാ ചർച്ചയ്ക്ക് തയാറാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തുന്നത്.
വിദ്യാർഥികൾക്കെതിരേ പോലീസ് അതിക്രമത്തിന് അദ്ദേഹം ഉത്തരവിട്ടിരുന്നോ ഇല്ലയോ എന്ന ചോദ്യത്തിന് ഉത്തരം മാത്രമേ അറിയേണ്ടതുള്ളൂ. അല്ലാതെ അദ്ദേഹം നടത്തുന്ന പ്രഭാഷണം കേട്ടിരിക്കാൻ താത്പര്യമില്ലെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു.
വിദ്യാർഥി പ്രതിഷേധത്തിൽ പോലീസ് നടപടി ഉൾപ്പെടെ പ്രതിപക്ഷത്തിന്റെ ഏതൊരു വിഷയവും ചർച്ച ചെയ്യാൻ തയാറാണെന്നും ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നു മുതൽ വർഷകാല സമ്മേളനം അവസാനിക്കുന്ന ഇന്ന് മൂന്നു വരെ പാർലമെന്റിൽ ചർച്ച നടത്താമെന്നായിരുന്നു അമിത് ഷാ മുന്നോട്ടുവച്ച നിർദേശം. ആവശ്യമെങ്കിൽ സമ്മേളന കാലാവധി നീട്ടാൻ തയാറാണെന്നും കേന്ദ്രമന്ത്രി കിരൺ റിജിജുവും വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രതിപക്ഷം ഒരുതരത്തിലും അനുകൂല നിലപാടല്ല സ്വീകരിച്ചത്.
20 ദിവസം സഭയിൽ എത്താതിരുന്ന അമിത് ഷാ ഇപ്പോൾ ഇത്തരമൊരു നിർദേശം മുന്നോട്ടുവയ്ക്കുന്നത് എന്തുകൊണ്ടാണെന്നും പ്രതിപക്ഷം ചോദിച്ചു.
അമിത് ഷായുടെ രാഷ്ട്രീയ പ്രഭാവം മങ്ങിയെന്നും തകർന്ന പ്രതിച്ഛായ വീണ്ടെടുക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് വിദ്യാർഥി പ്രതിഷേധങ്ങളിൽ ചർച്ചയ്ക്ക് അദ്ദേഹം തയാറാകുന്നതെന്നും രാഹുൽ ആരോപിച്ചു. അമിത് ഷാ സഭയിൽ എത്താതിരുന്നതോടെ ഇന്നലെയും പാർലമെന്റ് നടപടികൾ സ്തംഭിച്ചു.