ബെർലിൻ: ജർമനിയിലെ മുഴുവൻ റെയിൽവേ സ്റ്റേഷനുകളിലും മദ്യപാനത്തിന് പൂർണ നിരോധനം ഏർപ്പെടുത്താൻ ഡോയ്ഷെ ബാൻ തീരുമാനിച്ചു.
രാജ്യത്തെ 5,400 റെയിൽവേ സ്റ്റേഷനുകളിലെയും പ്ലാറ്റ്ഫോമുകളിലും ഹാളുകളിലും മദ്യപിക്കുന്നത് ഒക്ടോബർ 15 മുതൽ കർശനമായി തടയും.
പ്രവാസികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും സ്റ്റേഷനുകളിലെ ക്രമസമാധാനം നിലനിർത്താനുമാണ് ഈ കടുത്ത നടപടിയെന്ന് റെയിൽവേ ചീഫ് ഏവ്ലിൻ പല്ല വ്യക്തമാക്കി.
പുതിയ നിയന്ത്രണങ്ങൾ ഒറ്റനോട്ടത്തിൽ
പൂർണ നിരോധനം: റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമുകളിലും ഹാളുകളിലും മദ്യപിക്കാൻ പാടില്ല.
ഒഴിവാക്കപ്പെട്ടവ: സ്റ്റേഷനുകൾക്കുള്ളിലെ ഔദ്യോഗിക റസ്റ്റോറന്റുകൾക്കും ബാറുകൾക്കും ഈ നിരോധനം ബാധകമല്ല.
മദ്യം കൊണ്ടുപോകാം: തുറക്കാത്ത മദ്യക്കുപ്പികൾ ബാഗുകളിൽ കൊണ്ടുപോകുന്നതിന് തടസമില്ല.
ശിക്ഷാ നടപടി: നിയമം ലംഘിക്കുന്നവരെ ഉടനടി സ്റ്റേഷനിൽ നിന്ന് പുറത്താക്കും. നിയമലംഘനം ആവർത്തിച്ചാൽ സ്റ്റേഷനുകളിൽ സ്ഥിരമായി പ്രവേശന വിലക്ക് ഏർപ്പെടുത്തും.
നിരോധനത്തിലേക്ക് നയിച്ച ദാരുണ സംഭവം
ബാഡൻ-വ്യൂർട്ടൻബർഗിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ടിക്കറ്റ് പരിശോധനയ്ക്കിടെ മദ്യപിച്ച യാത്രക്കാരൻ ആക്രമിച്ചതിനെ തുടർന്ന് 26 വയസുകാരനായ റെയിൽവേ സുരക്ഷാ ജീവനക്കാരൻ ട്രെയിനിൽ നിന്ന് പുറത്തേക്ക് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഈ സംഭവത്തിന് പിന്നാലെയാണ് റെയിൽവേ കടുത്ത തീരുമാനത്തിലേക്ക് കടന്നത്. ഫ്രാങ്ക്ഫർട്ട്, ഹാംബുർഗ്, കൊളോൺ തുടങ്ങിയ വൻ നഗരങ്ങളിലെ മുപ്പതോളം പ്രധാന സ്റ്റേഷനുകളിൽ നിലവിൽ ഈ നിരോധനമുണ്ട്.
ഇത് വിജയകരമാണെന്ന് കണ്ടതോടെയാണ് നിരോധനം ജർമനിയിലുടനീളം വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. ഫെഡറൽ പോലീസും ഡിബി സെക്യൂരിറ്റിയും ചേർന്നായിരിക്കും നിയമം നടപ്പിലാക്കുന്നത്.