തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ (കെഎഎസ്) രണ്ടാം ബാച്ചിലേക്കുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് മാസങ്ങൾ പിന്നിട്ടിട്ടും പട്ടികയിൽനിന്നും ഒരു നിയമനം പോലും നടത്തിയില്ല. ഇതോടെ പട്ടികയിൽ ഇടംപിടിച്ചവർ ആശങ്കയിലാണ്. ഒരു വർഷം മാത്രം കാലാവധിയുള്ള റാങ്ക് പട്ടിക കഴിഞ്ഞ ജനുവരിയിലാണ് പ്രസിദ്ധീകരിച്ചത്.
ഓപ്പണ് കാറ്റഗറി-11, സർക്കാർ ജീവനക്കാരിൽ നിന്ന് 10, സർക്കാർ ഗസറ്റഡ് ഓഫീസേഴ്സ് വിഭാഗത്തിൽ 10 എന്നിങ്ങനെ 31 ഓഴിവുകളിലേക്കാണ് നിയമനം നടത്തേണ്ടതെന്ന രീതിയിലായിരുന്നു പരീക്ഷയും അഭിമുഖവും നടത്തിയത്.
2026 ജനുവരി 30നാണ് കേരള പബ്ലിക് സർവീസ് കമ്മിഷൻ മൂന്ന് സ്ട്രീമുകളിലായി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. പരീക്ഷയും അഭിമുഖവും ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കി റാങ്ക് പട്ടികയിൽ ഇടം നേടിയ ഉദ്യോഗാർഥികളാണ് ഇപ്പോൾ നിയമനത്തിനായി കാത്തിരിക്കുന്നത്.
ഒഴിവുകൾ സംബന്ധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി പിഎസ്സിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പിഎസ്സി വിജ്ഞാപനം പുറപ്പെടുവിക്കുകയും പരീക്ഷ നടത്തുകയും ചെയ്തത്. ഇതു സംബന്ധിച്ചുള്ള രേഖകൾ വിവരാവകാശ നിയമപ്രകാരം തങ്ങൾക്ക് ലഭ്യമായിട്ടുള്ളതായി റാങ്ക് പട്ടികയിൽ ഇടംപിടിച്ചവർ വ്യക്തമാക്കി.
ഡെപ്യൂട്ടേഷൻ റിസർവ് ഉൾപ്പെടെയുള്ള ഒഴിവുകളുടെ അന്തിമ കണക്കും സ്വഭാവവും സംബന്ധിച്ച നടപടികളാണ് നിയമനത്തിന് തടസമായതെന്നാണ് സൂചന. എന്നാൽ ഇത്തരത്തിലുള്ള കുരുക്ക് ഒരു വിഭാഗം ഉദ്യോഗസ്ഥർതന്നെ സൃഷ്ടിടിച്ചതാണെന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് റാങ്ക് പട്ടികയിൽ ഇടം നേടിയവർ നിയമനത്തിലെ മെല്ലെപ്പോക്കിനെക്കുറിച്ച് പരാതികൾ ഉന്നയിച്ചിട്ടുണ്ട്.