കൊച്ചി: വഖഫ് ബോര്‍ഡില്‍ അമുസ്‌ലിം അംഗങ്ങളെ ഉള്‍പ്പെടുത്താമെന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധമറിയിച്ച് കേരള മഹല്ല് കോണ്‍ഫെഡറേഷന്‍. വെള്ളിയാഴ്ച സംസ്ഥാനത്തെ മുഴുവന്‍ മഹല്ലുകളിലും പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് മഹല്ല് കോണ്‍ഫെഡറേഷന്‍ പ്രഖ്യാപിച്ചു.
വഖഫ് ബോര്‍ഡിനെയും സ്വത്തുക്കളെയും അനാവശ്യ നിയമക്കുരുക്കിലേക്ക് നയിക്കുന്ന നടപടിയാണ് സര്‍ക്കാരിന്‍റേതെന്ന് കോണ്‍ഫെഡറേഷന്‍ രക്ഷാധികാരി വി.എച്ച്. അലിയാര്‍ ഖാസിമി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അഫിഡവിറ്റ് അവര്‍ നല്‍കി കഴിഞ്ഞു എന്നത് വെളിയില്‍ വന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിനു ശേഷം സംസ്ഥാനത്തെ മുഴുവന്‍ മഹല്ലുകളിലും പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കണം എന്നാണ് കേരള മഹല്ല് കൂട്ടായ്മ ആഹ്വാനം ചെയ്യുന്നതെന്ന് അലിയാര്‍ ഖാസിമി പറഞ്ഞു.
അതേസമയം, വഖഫ് ബോര്‍ഡില്‍ അമുസ്‌ലിം അംഗങ്ങളെ ഉള്‍പ്പെടുത്താന്‍ തയാറാണെന്ന നിലപാട് ഹൈക്കോടതിയിലും സര്‍ക്കാര്‍ ആവര്‍ത്തിച്ചു. ബോര്‍ഡ് പുനഃസംഘടിപ്പിക്കുന്നതില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും ജുഡീഷല്‍ സിറ്റിംഗ് നടത്തുന്നതിന് ബോര്‍ഡിന് വിലക്കില്ലെന്നും അതില്‍ ഇടപെടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
രണ്ടു പേരുടെ നിയമനം എന്തിനാണ് വൈകിപ്പിക്കുന്നത് എന്നും കോടതി ചോദിച്ചു. വഖഫ് ബോര്‍ഡ് രൂപീകരണത്തില്‍ പിഴവുണ്ടോയെന്ന് സര്‍ക്കാര്‍ അറിയിക്കണം. സത്യവാഗ്മൂലം നല്‍കണമെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.