കൊച്ചി: നിയമം അനുശാസിക്കുന്നതു പ്രകാരം രണ്ട് അമുസ്ലിംകളെ വഖഫ് ബോര്‍ഡില്‍ ഉടനടി ഉള്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി.
നിയമപ്രകാരമുള്ള പുനഃസംഘടനയാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് അഡ്വക്കറ്റ് ജനറല്‍ അറിയിച്ചപ്പോഴാണ് ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
പുനഃസംഘടന സര്‍ക്കാരിന് തീരുമാനിച്ചു നടപ്പാക്കാം. അതിനും അംഗങ്ങളുടെ നിയമനം നടത്തണമെന്ന് കോടതി പറഞ്ഞു. അര്‍ധ ജുഡീഷല്‍ തീരുമാനങ്ങള്‍ എടുക്കുന്നതിലടക്കം നിലവിലെ കേരള വഖഫ് ബോര്‍ഡിനു നിയന്ത്രണമില്ലെന്നും കോടതി വ്യക്തമാക്കി. നയതീരുമാനങ്ങളെടുക്കുന്നതിനും മൂലധനച്ചെലവുകള്‍ നിര്‍വഹിക്കുന്നതിനും മാത്രമേ ബോര്‍ഡ് ഹൈക്കോടതിയുടെ അനുമതി തേടേണ്ടതുള്ളൂ.
വഖഫ് ബോര്‍ഡ് ഭരണം ജോയിന്റ് സെക്രട്ടറിയുടെ മേല്‍നോട്ടത്തിലാക്കിയ ഹൈക്കോടതി ഉത്തരവിലെ നിര്‍ദേശം ബോര്‍ഡ് നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നീക്കിയത് സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് ഡിവിഷന് ബെഞ്ച് ഇക്കാര്യത്തിലും വ്യക്തത വരുത്തിയത്. നിലവിലെ വഖഫ് ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത് നിയമപരമാണോയെന്നു പരിശോധിക്കാനും കോടതി തീരുമാനിച്ചു.
കഴിഞ്ഞ ഫെബ്രുവരിയില്‍ വഖഫ് ബോര്‍ഡ് രൂപീകരിച്ചത് നിയമപരമല്ലെന്നും അതിനാല്‍ പുനഃസംഘടിപ്പേക്കേണ്ടതുണ്ടെന്നുമുള്ള സര്‍ക്കാര്‍ വാദം കണക്കിലെടുത്താണ് ഈ തീരുമാനം.