ന്യൂഡല്‍ഹി: സോപ്പ്, ഷാംപൂ, ടൂത്ത് പേസ്റ്റുകള്‍ എന്നിവ ഉള്‍പ്പടെയുള്ള കോസ്മെറ്റിക്, ശൗചാലയ ഉത്പന്നങ്ങള്‍ വെജിറ്റേറിയന്‍ ആണോ അതോ നോണ്‍-വെജിറ്റേറിയന്‍ ആണോ എന്ന് ഉപഭോക്താക്കള്‍ക്ക് തിരിച്ചറിയാം. ഇതിനു സഹായിക്കുന്ന പുതിയ പാക്കേജിംഗ് നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചു.
ഇത്തരം ഉത്പന്നങ്ങള്‍ സസ്യ സ്രോതസുകളില്നിന്നുള്ളതാണോ അതോ അല്ലാത്തവയാണോ എന്ന് പാക്കറ്റിന്മേല് രേഖപ്പെടുത്തുന്നത് ഇനി മുതല്‍ നിര്‍ബന്ധമായിരിക്കും.
പുതിയ നിയമമനുസരിച്ച്, സസ്യ സ്രോതസുകളില്‍നിന്നുള്ള ഉത്പന്നങ്ങളില്‍ പച്ച ഡോട്ടും അല്ലാത്തവയില്‍ ചുവപ്പ് അല്ലെങ്കില്‍ തവിട്ട് നിറത്തിലുള്ള ഡോട്ട് രേഖപ്പെടുത്തണം. പാക്കറ്റിന്റെ ഏറ്റവും കൂടുതല്‍ ശ്രദ്ധ ലഭിക്കുന്ന മുകള്‍ഭാഗത്തുതന്നെ ഈ അടയാളം പതിപ്പിച്ചിരിക്കണം.
2011-ലെ ലീഗല്‍ മെട്രോളജി (പാക്കേജ്ഡ് കമ്മോഡിറ്റീസ്) ചട്ടങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് ഉപഭോക്തൃ കാര്യ മന്ത്രാലയം ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നത്.
ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്നും പുതിയ നിയമങ്ങള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍വന്നതായും അധികൃതര്‍ അറിയിച്ചു.
ഇതോടെ ഇനിമുതല്‍ സോപ്പ്, ഷാംപൂ, ടൂത്ത് പേസ്റ്റ് എന്നിവ വാങ്ങുമ്പോള്‍ പാക്കറ്റിലെ പച്ച, ചുവപ്പ് അല്ലെങ്കില്‍ തവിട്ട് അടയാളങ്ങള്‍ നോക്കി ഉപഭോക്താക്കള്‍ക്ക് ഉത്പന്നത്തിന്റെ സ്രോതസ് തിരിച്ചറിയാന്‍ സാധിക്കും.