തിരുവനന്തപുരം: മാംസാഹാര വിവാദത്തിൽ വിശദീകരണവുമായി ലോക്ഭവൻ. ഗവർണറുടെ അടുക്കളയിൽ സസ്യാഹാരം മാത്രമാണ് പാകം ചെയ്യുക. എന്നാൽ ലോക്ഭവനിലെ ജീവനക്കാർക്ക് മാംസാഹാരം കഴിക്കുന്നതിന് യാതൊരു വിലക്കുമില്ലെന്ന് ഗവർണറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീകുമാർ വ്യക്തമാക്കി.
ഗവർണറുടെ ഭക്ഷണരീതിയുമായി ബന്ധപ്പെട്ട വിഷയത്തെ ജീവനക്കാരുടെ ഭക്ഷണശീലങ്ങളുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും ലോക്ഭവൻ വ്യക്തമാക്കി. ലോക്ഭവനിലെ അടുക്കള ഗവർണർക്കും കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും അതിഥികൾക്കും ഭക്ഷണം പാകം ചെയ്യുന്നതിനുള്ളതാണ്. അവിടെ എന്ത് ഭക്ഷണം പാകം ചെയ്യണമെന്ന് തീരുമാനിക്കുന്നത് ഗവർണറുടെ താൽപര്യവും ഇഷ്ടങ്ങളും അനുസരിച്ചാണെന്നും വിശദീകരണത്തിൽ പറയുന്നു.
ലോക്ഭവനിലെ ജീവനക്കാർക്ക് പുറത്തുനിന്ന് മാംസാഹാരം കൊണ്ടുവരുന്നതിനോ വീട്ടിൽനിന്ന് ഭക്ഷണം കൊണ്ടുവന്ന് കഴിക്കുന്നതിനോ വിലക്കില്ല. അതിനാൽ ജീവനക്കാരുടെ ഭക്ഷണശീലങ്ങൾക്കാകെ നിയന്ത്രണം ഏർപ്പെടുത്തിയെന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും ഗവർണറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വ്യക്തമാക്കി.