ബെയ്ജിംഗ്: ചൈനയെയും ഉത്തരകൊറിയയെയും ബന്ധിപ്പിക്കുന്ന പുതിയ റോഡ് പാലം ഔദ്യോഗികമായി തുറന്നു.
ചൈനീസ് അതിർത്തി നഗരമായ ഡാൻഡോംഗിൽനിന്ന് ഉത്തരകൊറിയയിലെ സിനുവിജു വരെ മൂന്നു കിലോമീറ്റർ നീളത്തിലാണ് യാലു നദിക്കുകുറുകേ ‘ന്യൂ യാലു റിവർ ബ്രിഡ്ജ്’ നിർമിച്ചിരിക്കുന്നത്.
ഇന്നലെ ഇരുരാജ്യങ്ങളുടെയും പതാകകൾ സ്ഥാപിച്ച ചരക്ക് ട്രക്കുകൾ കടത്തിവിട്ടുകൊണ്ട് പാലത്തിന്റെ ഉദ്ഘാടനം ഔദ്യോഗികമായി നിർവഹിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രധാന കരമാർഗമായ വ്യാപാര പാതയായി ഇനി ഈ പാലം മാറുമെന്നാണ് കരുതുന്നത്.
ചൈനയും ഉത്തരകൊറിയയും തമ്മിലുള്ള സൗഹൃദത്തിന്റെ പ്രതീകമാണ് ഈ പാലമെന്നും ഇരു രാജ്യങ്ങളും ഉഭയകക്ഷി ബന്ധത്തിൽ പുതിയ അധ്യായം തുറക്കുകയാണെന്നും ചൈനീസ് പ്രധാനമന്ത്രി ലി കെചിയാംഗ് വീഡിയോസന്ദേശത്തിൽ വ്യക്തമാക്കി.