തിരുവനന്തപുരം: തുലാവർഷം ശക്തിപ്രാപിച്ചതോടെ കേരളത്തിൽ മഴ മുന്നറിയിപ്പു തുടരുന്നു. അടുത്ത നാലു ദിവസംകൂടി സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഒക്ടോബർ 15ന് വടക്കുകിഴക്കൻ മണ്സൂണ് ആരംഭിച്ചതിനു പിന്നാലെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കുള്ള സാഹചര്യം നിലനിൽക്കുകയാണ്. ഇന്നലെ ഉച്ചയോടെ തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നേരത്തെ പ്രഖ്യാപിച്ച യെല്ലോ അലർട്ട് ഓറഞ്ച് അലർട്ടായി പുതുക്കി. മഴ ശക്തമായ സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശം പുതുക്കിയത്. ഇന്നു മുതൽ ബുധനാഴ്ച വരെ വിവിധ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
വരുംദിവസങ്ങളിലും ശക്തമായ മഴ
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട് ജില്ലകളിൽ നാളെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ചൊവ്വാഴ്ചയും ബുധനാഴ്ചയും പാലക്കാട്, മലപ്പുറം ജില്ലകളിൽ ബുധനാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇക്കുറി ജൂണ് മുതൽ ഒക്ടോബറിന്റെ ആദ്യ പകുതി വരെ നീണ്ട തെക്കുപടിഞ്ഞാറൻ മണ്സൂണ് പിൻവാങ്ങിയതിനു പിന്നാലെയാണു തുലാവർഷമെത്തിയത്.
ഒക്ടോബർ 15ന് രാജ്യത്തുനിന്നു തെക്കുപടിഞ്ഞാറൻ മണ്സൂണ് പൂർണമായി പിൻവാങ്ങിയതായും തമിഴ്നാട്, പുതുച്ചേരി, കേരളം, കർണാടകയുടെ ചില മേഖലകൾ എന്നിവിടങ്ങളിൽ വടക്കുകിഴക്കൻ മണ്സൂണ് സജീവമായതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തേ സ്ഥിരീകരിച്ചിരുന്നു.
വെള്ളിയാഴ്ച മാത്രം 161 ശതമാനം അധിക മഴ
തുലാവർഷം ആരംഭിച്ചതിനു പിന്നാലെ വെള്ളിയാഴ്ച എല്ലാ ജില്ലകളിലും വ്യാപകമായി മഴ പെയ്തു. വെള്ളിയാഴ്ച സംസ്ഥാനത്താകെ ശരാശരി 8.3 മില്ലീമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് പെയ്തത് 21.7 മില്ലിമീറ്ററാണ്. അതായത്, പ്രതിദിന ശരാശരിയേക്കാൾ 161 ശതമാനം അധികമഴ. വയനാട്ടിൽ 39 മില്ലിമീറ്ററും പാലക്കാട് 35.9 മില്ലിമീറ്ററും മലപ്പുറത്ത് 26.6 മില്ലിമീറ്ററും തിരുവനന്തപുരത്ത് 20.1 മില്ലിമീറ്ററും എറണാകുളത്ത് 23.5 മില്ലിമീറ്ററും കോഴിക്കോട് 19.2 മില്ലിമീറ്ററും ഇടുക്കിയിൽ 18.8 മില്ലിമീറ്ററും മഴ പെയ്തു. ഇന്നലെ സംസ്ഥാനത്ത ആകെ പെയ്ത മഴയുടെ ശരാശരി കണക്കുകൾ പരിശോധിച്ചാലും തുലാവർഷം തുടക്കം ഗംഭീരമാക്കുന്നതിന്റെ സൂചനകളാണുള്ളതെന്നു കാലാവസ്ഥാ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഇന്നലെ സംസ്ഥാനത്താകെ ശരാശരി 11 മില്ലിമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് പെയ്ത്ത് 12.9 മില്ലിമീറ്റർ മഴയാണ്. കണ്ണൂരിൽ 49.6 മില്ലിമീറ്ററും കോഴിക്കോട് 40.5 മില്ലിമീറ്ററും കൊല്ലത്ത് 36.6 മില്ലിമീറ്ററും മഴ പെയ്തു.
ഇക്കുറി തുലാവർഷത്തിൽ 12 ശതമാനം വരെ അധിക മഴ കേരളത്തിൽ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം.
മിന്നൽപ്രളയഭീഷണി
തുലാവർഷത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ വലിയ അളവിൽ മഴ പെയ്യുന്നതു മിന്നൽ പ്രളയത്തിനു കാരണമാകാം. നഗരങ്ങളിൽ ഓടകളും തോടുകളും നിറഞ്ഞൊഴുകി വെള്ളക്കെട്ടുണ്ടാകാനും മലയോര മേഖലകളിൽ മണ്ണിടിച്ചിൽ സാധ്യത വർധിക്കാനും ഇടയുണ്ട്.
ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ നദികളിലും തോടുകളിലും ജലനിരപ്പ് ഉയരുന്നതു നിരീക്ഷിക്കണം.
വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ മുൻകരുതലെടുക്കണം. മലഞ്ചെരിവുകളിലും ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലും കഴിയുന്നവർ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.