ലിവർപൂൾ: കലയുടെ വർണവിസ്മയങ്ങളും പ്രതിഭകളുടെ ആവേശകരമായ മാറ്റുരയ്ക്കലുമായി നോർത്ത് വെസ്റ്റിലെ ഏറ്റവും വലിയ കലാമാമാങ്കം യുക്മ ഡോ. സൈമൺസ് അക്കാദമി നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള ശനിയാഴ്ച ലിവർപൂളിൽ അരങ്ങേറും.
ലിവർപൂളിലെ ബ്രോട്ടൻ ഹാൾ കാത്തലിക് സ്കൂൾ അങ്കണത്തിൽ വിവിധ വേദികളിലായി നടക്കുന്ന കലാമേള, യുക്മ നോർത്ത് വെസ്റ്റ് റീജിയൺ പ്രസിഡന്റ് ഷാജി തോമസ് വരാക്കുടിയുടെ അധ്യക്ഷതയിൽ, യുക്മ നാഷണൽ ട്രെഷറർ ഷീജോ വർഗീസ് ഉദ്ഘാടനം ചെയ്യും.
ദേശീയ സമിതിയംഗം ബിജു പീറ്റർ വിശിഷ്ടാതിഥിയാകും. റീജിയണൽ സെക്രട്ടറി സനോജ് വർഗീസ് സ്വാഗതം ആശംസിക്കും. കാലാമേള കോഓർഡിനേറ്റർ സി.പി. രാജീവ് നന്ദിയർപ്പിക്കും.
കലാമേളയോടനുബന്ധിച്ച് നടക്കുന്ന സമാപന സമ്മേളനത്തിൽ യുക്മ മുൻ ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, നാഷണൽ പിആർഒ ആൻഡ് മീഡിയ കോഓർഡിനേറ്റർ കുര്യൻ ജോർജ്, സാംസ്കാരികവേദി ജനറൽ കൺവീനർ ജാക്സൺ തോമസ് തുടങ്ങിയവർ മുഖ്യാതിഥികളായിരിക്കും.
യുക്മ നോർത്ത് വെസ്റ്റ് റീജിയണിലെ അംഗ അസോസിയേഷനുകളിൽ നിന്നുള്ള മത്സരാർഥികളാണ് കലാമേളയിൽ മാറ്റുരയ്ക്കുന്നത്. കൂടുതൽ അസോസിയേഷനുകളും മത്സരാർഥികളും ഇക്കുറി കലാമേളയുടെ ഭാഗമാകുമെന്നാണ് റീജിയണൽ കമ്മിറ്റി വിലയിരുത്തിയിട്ടുള്ളത്.
പ്രായത്തിന്റെ അടിസ്ഥാനത്തിൽ കിഡ്സ്, സബ്-ജൂണിയർ, ജൂണിയർ, സീനിയർ, സൂപ്പർ സീനിയർ എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. സംഗീതം, നൃത്തം, സാഹിത്യം തുടങ്ങി വിവിധ കലാവിഭാഗങ്ങളിലെ മത്സരങ്ങൾ വ്യത്യസ്ത വേദികളിലായി അരങ്ങേറും.
രാവിലെ എട്ടിന് രജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന് വിവിധ വേദികളിലായി മത്സരങ്ങൾ പുരോഗമിക്കുകയും വൈകുന്നേരം ആറോടെ മത്സരങ്ങൾ അവസാനിക്കുകയും ചെയ്യും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും.
കലാമത്സരങ്ങളിൽ കൂടുതൽ പോയിന്റ് നേടുന്ന മത്സരാർഥികളെ കലാതിലക പട്ടവും കലാപ്രതിഭ പട്ടവും നൽകി ആദരിക്കും. ഇതോടൊപ്പം ഭാഷ കേസരി പട്ടം, നാട്യറാണി പട്ടം എന്നീ പുരസ്കാരങ്ങളും നൽകും.
വിവിധ വിഭാഗങ്ങളിൽ മികവ് തെളിയിക്കുന്ന പ്രതിഭകൾക്ക് അംഗീകാരം നൽകുന്നതോടൊപ്പം ദേശീയതലത്തിലേക്ക് മുന്നേറാനുള്ള അവസരവും റീജിയണൽ കലാമേള ഒരുക്കുന്നു.
കലാപ്രകടനങ്ങൾ നേരിൽ കണ്ടാസ്വദിക്കുന്നതിനും മത്സരാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി നോർത്ത് വെസ്റ്റിലെ മുഴുവൻ മലയാളികളെയും കലാമേളയിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
മത്സരാർഥികൾക്കും രക്ഷിതാക്കൾക്കും കലാസ്വാദകർക്കും സുഗമമായി പരിപാടികളിൽ പങ്കെടുക്കാൻ കഴിയുന്ന രീതിയിൽ വിവിധ വേദികളും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
വിവിധ വേദികളിലായി ഒരേസമയം മത്സരങ്ങൾ നടക്കുന്നതിനാൽ സമയബന്ധിതമായി കലാമേള പൂർത്തിയാക്കുന്നതിനുള്ള ക്രമീകരണങ്ങളും സംഘാടകർ നടത്തിയിട്ടുണ്ട്. റീജിയണൽ കലാമേളയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പ്രതിഭകൾക്ക് ദേശീയ വേദിയിലേക്കും അവസരം ലഭിക്കും.
റീജിയണൽ തലത്തിൽ വ്യക്തിഗത ഇനങ്ങളിൽ ആദ്യ രണ്ടു സ്ഥാനങ്ങളും ഗ്രൂപ്പ് ഇനങ്ങളിൽ ആദ്യ മൂന്നു സ്ഥാനങ്ങളും ലഭിക്കുന്നവർക്കാണ് നവംബർ ഏഴിന് ചെൽറ്റൺഹാമിൽ നടക്കുന്ന പതിനേഴാമത് ദേശീയ കലാമേളയിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നത്.
കലാമേളയിൽ പങ്കെടുക്കാനെത്തുന്നവർക്കായി സ്കൂളിന്റെ അങ്കണത്തിൽ പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കും. മദർ ഇന്ത്യ കിച്ചൻ ഒരുക്കുന്ന വിപുലമായ ഭക്ഷണശാല ദിവസം മുഴുവൻ വേദിയിൽ പ്രവർത്തിക്കും.
കലാമേള കുറ്റമറ്റതും ഭംഗിയായും നടത്തുന്നതിനാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി നാഷണൽ കമ്മിറ്റി അംഗം ബിജു പീറ്റർ, പ്രസിഡന്റ് ഷാജി തോമസ് വരാക്കുടി, സെക്രട്ടറി സനോജ് വർഗീസ്, ട്രെഷറർ ഷാരോൺ ജോസഫ്, കലാമേള കോഓർഡിനേറ്റർ സി.പി. രാജീവ് എന്നിവർ അറിയിച്ചു.
കലാമേള വേദിയുടെ വിലാസം: BROUGHTON HALL CATHOLIC HIGH SCHOOL, YEW TREE LN WEST DERBY, LIVERPOOL, L12 9HJ.