ന്യൂഡൽഹി: വിദേശയാത്രകൾക്കുള്ള യാത്രാരേഖ മാത്രമാണു പാസ്പോർട്ടെന്നും അതു പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം.
ഇന്ത്യൻ പൗരന്മാർക്കു മാത്രമാണ് പാസ്പോർട്ട് അനുവദിക്കുന്നതെങ്കിലും അതു പൗരത്വം സ്ഥാപിക്കുന്നതിനുള്ള അന്തിമ തെളിവല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
പാസ്പോർട്ട് നിയമം നിലവിൽവന്നതിന്റെ അനുസ്മരണാർഥം ജൂൺ 24ന് ആചരിക്കുന്ന പാസ്പോർട്ട് സേവാ ദിനത്തോടനുബന്ധിച്ചാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.
നിലവിൽ രാജ്യത്തുടനീളം അഞ്ഞൂറിലധികം പാസ്പോർട്ട് കേന്ദ്രങ്ങളുള്ളതായും പോലീസ് വെരിഫിക്കേഷൻ ഒഴികെ ആറു പ്രവൃത്തിദിവസങ്ങൾക്കുള്ളിൽ പാസ്പോർട്ട് ലഭ്യമാകുന്ന രീതിയിൽ സേവനങ്ങൾ കൂടുതൽ വേഗത്തിലാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യൻ പൗരന്മാർക്ക് വീസയില്ലാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ എണ്ണം വർധിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിലവിൽ 27 രാജ്യങ്ങളാണ് ഇന്ത്യക്കാർക്കു വീസയില്ലാത്ത യാത്ര അനുവദിക്കുന്നത്.
സുരക്ഷ വർധിപ്പിക്കുന്നതിനും വ്യാജരേഖകൾ തടയുന്നതിനുമായി ബയോമെട്രിക് വിവരങ്ങൾ അടങ്ങിയ ചിപ്പ് ഘടിപ്പിച്ച പുതിയ ഇ-പാസ്പോർട്ടുകൾ രാജ്യം ഇതിനകംതന്നെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി പുറത്തിറക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഈ പദ്ധതി ആരംഭിച്ചതിനുശേഷം 1.47 കോടി ഇ-പാസ്പോർട്ടുകൾ വിതരണം ചെയ്തിട്ടുണ്ട്.