ആലപ്പുഴ: കായംകുളം എൻടിപിസി സംസ്ഥാനത്തിന് പ്രയോജനപ്പെടുന്ന രീതിയിൽ വികസിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതി ഒരുമാസത്തിനകം തയാറാക്കി സമർപ്പിക്കാൻ കേന്ദ്ര-സംസ്ഥാന ഊർജ സെക്രട്ടറിമാർക്കും എൻടിപിസി ചെയർമാനും നിർദേശം നൽകിയതായി കെ.സി. വേണുഗോപാൽ എംപി.
കേരളത്തിനാവശ്യമായ വൈദ്യുതി താങ്ങാനാവുന്ന നിരക്കിൽ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് തയാറാക്കേണ്ടത്. ഒരു മാസത്തിനകം പദ്ധതി സമർപ്പിച്ചില്ലെങ്കിൽ എൻടിപിസിക്ക് കൈമാറിയ ഭൂമി തിരിച്ചെടുത്ത് മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കാര്യം സംസ്ഥാന സർക്കാർ ആലോചിക്കണമെന്നാണ് പാർലമെന്ററി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) മുന്നോട്ടുവച്ച നിർദേശമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പിഎസി ചെയർമാന്മാരുടെ ദേശീയ സമ്മേളനത്തിന്റെയും കേരളത്തിലെ പിഎസി പഠനപര്യടനത്തിന്റെയും ഭാഗമായി കുമരകത്തും ആലപ്പുഴയിലും നടന്ന യോഗങ്ങൾക്കുശേഷം ആലപ്പുഴയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കായംകുളം എൻടിപിസി പ്ലാന്റിനായി കേരളം ഏകദേശം 1100 ഏക്കർ ഭൂമിയാണ് നൽകിയിട്ടുള്ളത്. എന്നാൽ, നിലവിൽ ഇവിടെനിന്ന് കേരളത്തിന് പ്രയോജനകരമായ രീതിയിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നില്ല. കരാർ അനുസരിച്ച് പ്രതിവർഷം ഏകദേശം 100 കോടി രൂപ കേരളം എൻടിപിസിക്ക് നൽകുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള വൈദ്യുതി ലഭിക്കുന്നില്ല.
ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ നിരക്കും കേരളത്തിനു താങ്ങാനാവുന്നതല്ല. ഈ സാഹചര്യത്തിലാണ് കേന്ദ്ര ഊർജ സെക്രട്ടറി, സംസ്ഥാന പവർ സെക്രട്ടറി, എൻടിപിസി ചെയർമാൻ എന്നിവർ സംയുക്തമായി വികസനപദ്ധതി തയാറാക്കാൻ പിഎസി നിർദേശിച്ചത്.
നിലവിലുള്ള സൗരോർജ ഉത്പാദന പദ്ധതികൾക്കൊപ്പം പകൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി രാത്രികാല ആവശ്യങ്ങൾക്കായി സംഭരിക്കുന്നതിനുള്ള ബാറ്ററി സ്റ്റോറേജ്, പമ്പ്ഡ് സ്റ്റോറേജ് സംവിധാനങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തണം.
കേരളത്തിൽ പ്രധാനമായും വൈകുന്നേരങ്ങളിലും രാത്രിയിലുമാണ് വൈദ്യുതി ആവശ്യകത ഉയരുന്നത്. അതിനാൽ പീക്ക് സമയത്തെ വൈദ്യുതിക്ഷാമം പരിഹരിക്കാൻ കഴിയുന്ന ദീർഘകാല പദ്ധതിയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ടൂറിസം വികസനവുമായി ബന്ധപ്പെട്ട ചർച്ചയിൽ വർക്കല ശിവഗിരി സ്വദേശ് ദർശൻ പദ്ധതിയുടെ പൂർത്തീകരണമാണ് പ്രധാനമായും ഉയർന്നുവന്നത്. 2019ൽ കേന്ദ്രസർക്കാർ ഫണ്ട് അനുവദിച്ച പദ്ധതി ഏഴു വർഷമായിട്ടും പൂർത്തിയായിട്ടില്ല. തടസങ്ങൾ പരിഹരിച്ച് പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പൂർത്തിയാക്കാൻ തീരുമാനിച്ചതായി കമ്മിറ്റി മുമ്പാകെ അറിയിച്ചിട്ടുണ്ട്.
പരമ്പരാഗതമായി വിനോദസഞ്ചാരികൾ എത്തുന്ന വയനാട്, വർക്കല, കൊല്ലം, തേക്കടി തുടങ്ങിയ കേന്ദ്രങ്ങൾക്കൊപ്പം അധികം ശ്രദ്ധിക്കപ്പെടാത്തതും വലിയ ടൂറിസം സാധ്യതകൾ നിലനിൽക്കുന്നതുമായ പ്രദേശങ്ങൾക്കും വികസന പദ്ധതികളിൽ മുൻഗണന നൽകണം. പ്രകൃതിരമണീയമായ പാതിരാമണൽ പോലുള്ള പ്രദേശങ്ങളെ കണ്ടെത്തി ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുകയും ടൂറിസം ഭൂപടത്തിൽ ഇടംനൽകുകയും ചെയ്താൽ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയിൽ പുതിയ സാധ്യതകൾ തുറക്കാനാകും.
വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകളും റിസോർട്ടുകളും ഈടാക്കുന്ന അമിത നിരക്കുകൾ നിയന്ത്രിക്കുന്നതിനും ഫലപ്രദമായ സംവിധാനം വേണം. വിനോദസഞ്ചാരികൾക്ക് ഗുണമേന്മയുള്ള താമസസൗകര്യങ്ങൾ ന്യായമായ നിരക്കിൽ ലഭ്യമാക്കേണ്ടത് ടൂറിസം വികസനത്തിന്റെ ഭാഗമായിത്തന്നെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.