കണ്ണൂർ: ഹിമാചൽ പ്രദേശിൽനിന്ന് ഒരു സ്വകാര്യ പ്ലാറ്റ്ഫോമായ ജിഎൻഎയിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള കരാർ ഇനി തുടരില്ലെന്ന് മന്ത്രി സണ്ണി ജോസഫ്. കരാർ പ്രായോഗികമല്ലെന്നാണ് വിലയിരുത്തൽ.
കരാർ നടപ്പാക്കുന്നതിലെ പ്രയാസങ്ങൾ കെഎസ്ഇബി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയുമായി നിലവിൽ വിഷയത്തിൽ അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു.
സംസ്ഥാനത്തിനു വൈദ്യുതിക്ക് ആവശ്യകതയുണ്ട്. കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല. വൈദ്യുതി ബോർഡ് സർക്കാരിനുമേൽ സമ്മർദം ചെലുത്തിയിട്ടുമില്ല. ദീർഘകാലത്തേക്കു വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള നീക്കങ്ങളാണ് സർക്കാർ നടത്തുന്നത്.
മഹാരാഷ്ട്രയിലെ സിന്നാർ താപവൈദ്യുതി നിലയത്തിൽനിന്നു കൂടുതൽ വൈദ്യുതി ലഭ്യമാക്കാൻ കഴിയുമെന്നും സണ്ണി ജോസഫ് പറഞ്ഞു.