തിരുവനന്തപുരം: കഴിഞ്ഞ പിണറായി സർക്കാർ ഒപ്പിടുകയും ഫണ്ട് വാങ്ങുകയും ചെയ്തു വിവാദമായ കേന്ദ്രസർക്കാരിന്റെ സ്കൂൾ വിദ്യാഭ്യാസ പദ്ധതിയായ "പിഎം ശ്രീ’യിൽ നിന്നു പിന്മാറാൻ നിയമപരമായി കഴിയില്ലെന്നും പദ്ധതിയുമായി മുന്നോട്ടു പോകേണ്ടി വരുമെന്നും മന്ത്രിസഭയുടെ വിലയിരുത്തൽ.
സ്കൂൾ പാഠ്യപദ്ധതി (കരിക്കുലം) തീരുമാനിക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ സ്വാതന്ത്ര്യത്തിൽ ഇടപെടാൻ അനുവദിക്കില്ലെന്നും പദ്ധതിക്കുള്ള സ്കൂളുകൾ തെരഞ്ഞെടുക്കുന്നത് സംസ്ഥാന സർക്കാരായിരിക്കുമെന്ന വ്യവസ്ഥകളോടെയുള്ള സംസ്ഥാനത്തിന്റെ ആശയപരമായ നിലപാടു തയാറാക്കാൻ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചതായും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
പൊതുവിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ കണ്വീനറായ ഉപസമിതിയിൽ മന്ത്രിമാരായ റോജി എം.ജോണ്, പി.സി. വിഷ്ണുനാഥ്, എം. ലിജു എന്നിവർ അംഗങ്ങളായിരിക്കും. ഉപസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സർക്കാർ നിലപാട് കേന്ദ്രത്തെ അറിയിക്കുക.
പിഎം ശ്രീയിൽനിന്നു പിന്മാറാൻ പിണറായി സർക്കാരിന്റെ കാലത്ത് കേരളം കത്തയച്ചെന്ന വാദം മുഖ്യമന്ത്രി തള്ളി. ഒരു കത്തും പോയിട്ടില്ലെന്നും തത്കാലം മാറ്റിവയ്ക്കണമെന്ന അഭ്യർഥനയാണ് കത്തായി അയച്ചതെന്നും അദ്ദേഹം പറഞ്ഞു. അന്ന് അയച്ച കത്തിന്റെ പകർപ്പും പുറത്തുവിട്ടു. കഴിഞ്ഞ സർക്കാർ പിഎം ശ്രീയിൽ ഒപ്പുവച്ചതിനാലും ഫണ്ട് വാങ്ങിയതിനാലും സംസ്ഥാനം പദ്ധതിയിൽ പങ്കാളിയാണെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.
നേരത്തേ ഒപ്പുവച്ചതിനാൽ പദ്ധതിയിൽ തുടരാൻ കേരളം നിർബന്ധിതമാണ്. ഒരുകാരണവശാലും വർഗീയ അജൻഡ നടപ്പാക്കാൻ സമ്മതിക്കാതെ പാഠ്യപദ്ധതിക്ക് പൂർണമായ സ്വാതന്ത്ര്യത്തോടെയേ പിഎം ശ്രീ നടപ്പാക്കൂ. ഒപ്പുവച്ചതോടെ സമഗ്രശിക്ഷാ പദ്ധതിയിൽ തടഞ്ഞുവച്ചിരുന്നു 99 കോടി രൂപ തുക കേരളം വാങ്ങി. പുറമെ 106 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്.
പാഠ്യപദ്ധതി സ്വാതന്ത്ര്യത്തിൽ കേന്ദ്രസർക്കാർ ഇടപെടുന്നു എന്നതാണ് പദ്ധതിയോടുള്ള ആശയപരമായ എതിർപ്പ്. വിദ്യാഭ്യാസ വിഷയത്തിൽ സംസ്ഥാന സർക്കാരിനുള്ള അവകാശം ബലികഴിക്കാതെ എന്തു ചെയ്യാനാകുമെന്നാണ് സർക്കാർ ആലോചിക്കുന്നത്. അതു മാത്രമേ ഒപ്പുവച്ച പദ്ധതിയുടെ കാര്യത്തിൽ ആലോചിക്കാൻ ഇനി കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ധനവകുപ്പിന്റെ ക്ലിയറൻസ് അടക്കം എല്ലാ നടപടികളും പൂർത്തിയാക്കിയാണ് പിണറായി സർക്കാർ പദ്ധതിയിൽ ഒപ്പുവച്ചത്. പദ്ധതിയിൽ ഒപ്പിട്ട ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംസാരിച്ചു.
സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങളെ ഹനിക്കാതെയുള്ള കൂട്ടായ തീരുമാനം എടുക്കാനാണ് ധാരണ. എല്ലാ സർക്കാരുകളും പദ്ധതിയിൽ ഒപ്പിട്ടു.
ഒരു കാരണവശാലും ഒപ്പിടില്ലെന്നായിരുന്നു കഴിഞ്ഞ എൽഡിഎഫ് സർക്കാർ പറഞ്ഞത്. ഇങ്ങനെ പറഞ്ഞവർ മന്ത്രിസഭാ അംഗങ്ങളെപ്പോലും ഇരുട്ടിൽ നിർത്തി പദ്ധതിയിൽ ഒപ്പിട്ടു. മന്ത്രിസഭാ യോഗത്തിൽ ഒപ്പുവയ്ക്കരുതെന്ന് സിപിഐ മന്ത്രിമാർ വാദിച്ചപ്പോൾ ഒപ്പിട്ട മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഊറിച്ചിരിച്ചു.