ഇൻഡോർ: തൊഴിലില്ലായ്മ, പരീക്ഷാക്രമക്കേടുകൾ, വൻകിട വ്യവസായികളുടെ അനാവശ്യ സ്വാധീനം എന്നിവയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്ന വിദ്യാർഥികളെ നിശബ്ദരാക്കാനാണു നിലവിലെ ഭരണസംവിധാനം ശ്രമിക്കുന്നതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ഇൻഡോറിൽ സംഘടിപ്പിച്ച ‘ഛാ ത്രോം കി ഗൂഞ്ച്’ (വിദ്യാർഥികളുടെ ശബ്ദം) പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തു വർധിച്ചുവരുന്ന അക്രമവും വിദ്വേഷവും ഇല്ലാതാക്കാൻ ചോദ്യങ്ങൾ ചോദിക്കുന്ന വിദ്യാർഥികൾക്കു മാത്രമേ സാധിക്കൂവെന്നും ‘അന്ധഭക്തർക്ക്’ അതിനു കഴിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
മധ്യപ്രദേശിൽ തുടരുന്ന അധ്യാപക നിയമന ഉദ്യോഗാർഥികളുടെ പ്രക്ഷോഭത്തിന് രാഹുൽ ഗാന്ധി പിന്തുണ പ്രഖ്യാപിച്ചു. രാജ്യത്തുടനീളം പത്തു ലക്ഷത്തോളം അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഉദ്യോഗാർഥികളുടെ സമരത്തിൽ പങ്കുചേരാൻ തയാറാണെന്നും അറിയിച്ചു.
ചടങ്ങിൽ രാഹുൽ ഗാന്ധിയോടൊപ്പം വേദി പങ്കിട്ട വിദ്യാർഥികൾ പരീക്ഷാ ചോദ്യപേപ്പർ ചോർച്ച, നിയമനങ്ങളിലെ താമസം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചു.